ADVERTISEMENT

മധ്യവയസില്‍ എത്തുമ്പോഴാണ് പലര്‍ക്കും ജീവിതം ഏറ്റവും നിറമുള്ളതായി തോന്നുന്നത്. എന്നാല്‍ ജീവിതം ഒരു ഭാരമായി ചിലര്‍ക്ക് തോന്നുന്നതും ഈ പ്രായത്തില്‍ തന്നെ. 36 മുതല്‍ 55 വയസുവരെയുള്ള പ്രായം വളരെ നിര്‍ണായകമാണ്.പ്രമോഷനും ശമ്പളവര്‍ധവുമൊക്കെ നേടി ഏറെക്കുറെ സുരക്ഷിതമായ അവസ്ഥയിലായിരിക്കും ശമ്പളവരുമാനക്കാരായ മിക്കവരും ഈ പ്രായത്തില്‍.  എന്നാല്‍ ജോലിസ്ഥലത്ത് അരക്ഷിതത്വം നേരിടുന്നവരും ഉണ്ടാകും. ഫിനാന്‍ഷ്യല്‍ പ്ലാനിങില്‍ 20 മുതല്‍35 വയസുവരെ പ്രായമുള്ളവര്‍ ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലേഖനം നിങ്ങള്‍ നേരത്തെ വായിച്ചിട്ടുണ്ടാകുമല്ലോ. ആ രീതിയില്‍ ജീവിതത്തിലെ ആ കാലഘട്ടത്തെ ആസൂത്രണം ചെയ്തവര്‍ക്ക് മധ്യവയസില്‍ കാര്യമായ പ്രതിസന്ധി നേരിടേണ്ടിവരില്ല. അങ്ങനെയല്ല എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. മധ്യവയസ്‌കര്‍ സാമ്പത്തിക ജീവിതം കൂടുതല്‍ ഭദ്രമാക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1.  പുതിയ മികച്ച ജോലി തേടുവാന്‍ ഈ പ്രായത്തില്‍ തോന്നുക സ്വാഭാവികമാണ്. ഇത്രയും കാലത്തെ ജീവിത്തില്‍ മതിയായ കരുതലെടുത്ത് ഭേദപ്പെട്ട സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ജോലി രാജിവെച്ച് പുതിയ ജോലിക്ക് ശ്രമിക്കുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം ചുരുങ്ങിയത് മൂന്നുമാസത്തെ ജീവിതച്ചിലവിനുള്ള പണം കണ്ടെത്തിയശേഷമേ ജോലി രാജിവയ്ക്കാവൂ.

2. ശമ്പളവരുമാനക്കാരാണ് എങ്കില്‍ അവര്‍ ജോലിയില്‍ ഉയര്‍ന്ന നിലയില്‍ എത്തുന്നതും ഈ പ്രായത്തിലാണ്. ഉന്നത പദവിയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടാകും. ഭാവിയിലെ വലിയ ലക്ഷ്യങ്ങള്‍ക്കുള്ള കരുതല്‍ ഗണ്യമായി ആരംഭിക്കേണ്ടതും സമ്പത്തുണ്ടാക്കാന്‍ വലിയ ചുവടുവയ്പുകള്‍ നടത്തേണ്ടതും ഈ സമയത്താണ്.

3.  ഈ പ്രായത്തില്‍ ജീവിതച്ചിലവും ഏറെ ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ്. കുട്ടികള്‍ ഏറെക്കുറെ വളര്‍ന്നിട്ടുണ്ടാകും. ജീവിതം ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമാക്കണം എന്നുതോന്നുന്നതും ഈ പ്രായത്തിലാണ്. കുട്ടികളും ഓരോന്നും ആവശ്യപ്പെടാന്‍ തുടങ്ങുന്നതും ഈ സമയത്താണ്. അതിനാല്‍ വരവിലും ചിലവിലും ഒരു കണ്ണ് എപ്പോഴും വേണം.

4. വരുമാനം കൂടിനില്‍ക്കുന്ന സമയം ആയതിനാല്‍ ആഗ്രഹിച്ചതെന്തും സ്വന്തമാക്കണം എന്നും തോന്നിയേക്കാം. അതിനായി വായ്പയെടുത്ത് കടക്കെണിയിലാകുന്നതും ഈ പ്രായത്തിലുള്ളവരാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തന്നെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം വരും. തിരിച്ചടവ് ശേഷി ഉറപ്പാക്കിയശേഷമേ ഇത്തരം ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കാവൂ.

5. വരുമാനം വർധിച്ചതിനാൽ ജീവിതച്ചിലവും അതിനനുസരിച്ച് ഉയരുന്നുണ്ടാകും. അപ്പോഴേക്ക് വരവും ചിലവും തമ്മിലുള്ള അന്തരം കുറഞ്ഞു വന്ന് അവസാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അവസ്ഥ ഉണ്ടാകും. ഭാവിയില്‍ കൈവരിക്കേണ്ട ജീവിത ലക്ഷ്യങ്ങള്‍ മനസില്‍വെച്ച് ജീവിതച്ചിലവ് നിയന്ത്രിക്കുക. ഒരുപാട് ആര്‍ഭാടം ഒഴിവാക്കണം.

6. ജീവിത ചക്രത്തിലെ ആദ്യഘട്ടമായ 20-35 പ്രായത്തില്‍ ശരിയായ രീതിയില്‍ സമ്പാദ്യത്തിന് തുടക്കമിട്ടവര്‍ക്കാണ് ഈ രണ്ടാം ഘട്ടത്തില്‍ സമ്പത്തിന്റെ പാതയില്‍ ബഹുദൂരം മുന്നേറാന്‍ കഴിയുക. ആ പ്രായത്തില്‍ അതിന് കഴിയാത്തവര്‍ ഈ സമയം അതിന് തുടക്കമിടണം. ജീവിത ലക്ഷ്യങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കുക. അതിലേക്കെത്താന്‍ ഇനി എത്ര വര്‍ഷം ബാക്കിയുണ്ടെന്ന് കണക്കാക്കുക. ഇന്നത്തെ നിലയില്‍ ഓരോ ലക്ഷ്യത്തിനും എത്ര രൂപ വേണ്ടിവരുമെന്ന് കണക്കാക്കണം. ഇതിനായി പ്രതിമാസം എത്ര രൂപ മാറ്റിവയ്ക്കാന്‍ പറ്റും എന്നു തീരുമാനിക്കുക. ഈ തക വിവിധ നിക്ഷേപമാര്‍ഗങ്ങളില്‍ നിക്ഷേപിക്കുക. ശമ്പള വര്‍ധന ഉണ്ടാകുമ്പോള്‍ ഈ തുക ക്രമമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക.

7. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം കൈവരുന്നതും ബന്ധങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതും ഈ പ്രായത്തിലാണ്. അധിക വരുമാനം ഉണ്ടാക്കാനുള്ള ബിസിനസ് ആശയങ്ങള്‍ തോന്നുന്നതും സ്വാഭാവികം. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും നിര്‍ബന്ധവും ഇക്കാര്യത്തിലുണ്ടാകാം. പണം നിങ്ങളുടെ കൈവശം ഉണ്ടാകാം. എന്നാല്‍ ബിസിനസില്‍ ശ്രദ്ധിക്കാനുള്ള സമയം ഇല്ലെങ്കില്‍ ഈ വഴിയേ നീങ്ങുന്നത് സൂക്ഷിച്ചുവേണം.

8. ജീവിത ശൈലീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഈ പ്രായത്തില്‍ ഏറെയായിരിക്കും. ചിട്ടയായ വ്യായാമം ശീലിക്കണം. ഈ പ്രായത്തിലെങ്കിലും അതിന് തുടക്കമിട്ടില്ലെങ്കില്‍ അത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും

9. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവ ഈ പ്രായത്തില്‍ നടത്തേണ്ട ബാധ്യത ഉണ്ടാകുമല്ലോ. അതിനായ കര്യമായ കരുതല്‍ ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പണം കണ്ടെത്താനുള്ള വഴികള്‍ അന്വേഷിച്ചുതുടങ്ങണം. ഇക്കാര്യത്തിനായി വായ്പ എടുക്കുന്നുണ്ടെങ്കില്‍ നിലവിലുള്ള വായ്പകളുടെ പലിശ വിലയിരുത്തണം. ഇ.എം.ഐ മൊത്തശമ്പളത്തിന്റെ 35 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആസ്തി വിറ്റ് കാര്യങ്ങള്‍ നടത്താന്‍ മാര്‍ഗമുണ്ടെങ്കില്‍ അതായിരിക്കും ഉചിതം.

10. വരവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാതാകുകയും കടക്കെണി രൂക്ഷമാകുകയും ചെയ്താല്‍ വിദഗ്ധ ഉപദേശം തേടി കടങ്ങള്‍ പുനസംഘടിപ്പിച്ച് പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കണം.

(ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com