sections
MORE

12 പവന്‍ അധിക സ്വർണമുണ്ടോ? നൽകണം 1.25 ലക്ഷം രൂപ നികുതി

HIGHLIGHTS
  • ആഭരണത്തില്‍ നേരിട്ട് പണമിറക്കുന്നതിന് എന്തു വിധേനയും നിയന്ത്രണം കൊണ്ട് വരിക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നയം
ASIA-GOLD/DEMAND
SHARE

അനിയന്ത്രിതമായി സ്വര്‍ണം കൈയിൽവെച്ചാൽ  നികുതി നൽകണമെന്ന നിയമം വന്നാൽ  അത്  നിങ്ങളെ  എങ്ങനെ ബാധിക്കും? 

30 ശതമാനം നികുതിയും 3 ശതമാനം സെസുമടക്കം വിപണി വിലയുടെ 33 ശതമാനമായിരിക്കും നികുതി എന്നാണ് റിപ്പോർട്ട്. അതായത് 10 ഗ്രാം  സ്വര്‍ണം  അധികമായി ഉണ്ടെങ്കിൽ അതു വെളിപ്പെടുത്താൻ 40000 രൂപ വിപണി വില കണക്കാക്കിയാല്‍ നികുതി ഒടുക്കേണ്ടത് 13,200 രൂപ. അതായത് 12 പവന്‍ വെളിപ്പെടുത്തണമെങ്കില്‍ ഏകദേശം 1.25 ലക്ഷം രൂപ നികുതി നല്‍കണമെന്നര്‍ഥം.

വീട്ടില്‍ സൂക്ഷിക്കാവുന്ന (ലോക്കറിലടക്കം) സ്വര്‍ണത്തിന് പരിധി നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കുടുംബങ്ങളെ  ഗുരുതരമായി ബാധിക്കുമെന്നു ചുരുക്കം. നിലവില്‍ കുടുംബത്തിന് കയ്യില്‍ വയ്ക്കാവുന്നത് 105 പവന്‍ സ്വര്‍ണമാണ്. പക്ഷേ അതില്‍ വീണ്ടും കുറവ് വരുത്തിയേക്കുമെന്ന  ആശങ്കയുണ്ട്. 

അധിക സ്വര്‍ണത്തിനുള്ള  കനത്ത നികുതിയും റെയ്ഡ്  അടക്കമുള്ള ഭീഷണിയും ഉപഭോക്താക്കളെ ജ്വല്ലറിയില്‍ നിന്ന് അകറ്റിയേക്കാം.  ഒറ്റയടിക്ക് ആഭരണങ്ങളില്‍ വലിയ നിക്ഷേപം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. 

ഇപ്പോഴേ നിയന്ത്രണം 

ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം വാങ്ങാൻ പാന്‍കാര്‍ഡ് നിർബന്ധമാണ്. കൂടാതെ അഞ്ച് ലക്ഷം രൂപയില്‍ കവിയുന്ന ഇടപാടുകളുടെ വിവരങ്ങൾ  ജ്വല്ലറികൾ തന്നെ ആദായ നികുതി വകുപ്പിന് നല്‍കണമെന്നും ചട്ടമുണ്ട്്. ആഭരണത്തില്‍ നേരിട്ട് പണമിറക്കുന്നതിന് നിയന്ത്രണം കൊണ്ട് വരിക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നയം. സ്വര്‍ണം ഇറക്കുമതി കുറക്കുകയും കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത് തടയുകയുമാണ് ലക്ഷ്യം. പണം മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടുക തന്നെയാണ് 'വെളുപ്പിക്ക'ലിന്റെ ഉദ്ദേശ്യം.

കൈവശം വെയ്ക്കാവുന്ന സ്വർണത്തിനു പരിധി നിര്‍ണയിക്കുമെന്നും കുടുതലുള്ളത് നികുതിയൊടുക്കി നിയമവ്യവസ്ഥയുടെ ഭാഗമാക്കണമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അധിക സ്വര്‍ണം വെളിപ്പെടുത്താൻ സര്‍ക്കാര്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെയ്തതു പോലെ നിശ്ചിത സമയമനുവദിച്ചേക്കും.   

ഡയമണ്ട്

ഡയമണ്ടിലും ഭാവിയിൽ  പിടി മുറുക്കുമെന്നു തന്നെയാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്. എന്നാല്‍ ഗുജറാത്തിലെ സൂറത്ത് അധിഷ്ഠിതമായതിനാല്‍ ഇതിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടു വിചാരത്തിന് തയ്യാറാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട്?

ഇന്ന് രാജ്യത്ത് 5000-6000 സ്വര്‍ണക്കടകളുണ്ട്. അസംഘടിതമേഖലകളിലെ കച്ചവടക്കാരുടെ എണ്ണം 20000 വരും. ഇതിനെയെല്ലാം വരുതിയിലാക്കുന്നതിന്റെ  ഭാഗമായി ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് കൊണ്ടു വന്നേക്കുമെന്നും സൂചനകളുണ്ട്. വീടുകളിലെ സ്വര്‍ണത്തിന് കണക്കുവരികയും ആഭരണശാലകളെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നതോടെ വന്‍തോതില്‍ നികുതി സമാഹരിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. 

ക്ലിക്കാവാത്ത ഇടിഎഫ്,ഗോള്‍ഡ് ബോണ്ട്

ക്ഷേത്രങ്ങളടക്കമുള്ള ട്രസ്‌ററുകളിലും കുടുംബങ്ങളിലും ഇരിക്കുന്ന സ്വര്‍ണ നിക്ഷേപങ്ങള്‍ പണമാക്കി മാറ്റി വിപണിയിലിറക്കാമെന്ന പ്രതീക്ഷയോടെയാണ് ഇ ടി എഫും, ഗോള്‍ഡ് ബോണ്ടും സര്‍ക്കാര്‍ പരീക്ഷിച്ചത്.എന്നാല്‍ കാര്യമായ ചലനം ഇതുണ്ടാക്കിയില്ല.അതേസമയം വിപണി മുമ്പില്ലാത്ത വിധം പണഞെരുക്കം അനുഭവിക്കുകയും ചെയ്യുന്നു. ഇതിനെ മറികടക്കാനുള്ള ഉപായമെന്ന നിലയിലാണ് ഇപ്പോഴത്തെ സ്വര്‍ണനിയന്ത്രണം എന്നും  വാദമുണ്ട്. പണയം വെയ്ക്കാനുള്ള സ്വര്‍ണത്തിനും ഇനി കണക്ക് കാണിക്കേണ്ടി വന്നേയ്ക്കും എന്ന ആശങ്കയുമുണ്ട്.

തെക്കേയിന്ത്യയ്ക്ക് കൂടുതല്‍ പ്രഹരം

ഇന്ത്യയില്‍ 20-23 ടണ്‍ സ്വര്‍ണം വീടുകളിലുണ്ടെന്നാണ് ഏകദേശ കണക്ക്. സ്വര്‍ണ നിക്ഷേപം നിര്‍ബന്ധിത സ്വാഭാവമാക്കി മാറ്റിയ തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഇതില്‍ സിംഹഭാഗവും. മുത്തൂറ്റ് ഫിനാന്‍സ്,മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ മാത്രം 800 ടണ്ണിലേറെ സ്വര്‍ണം പണയപ്പെടുത്തിയിരിക്കുന്നുവെന്നാണ് കണക്ക്. ഇതു തന്നെ ഇക്കാര്യത്തില്‍ തെക്കേഇന്ത്യയുടെ മേല്‍ക്കൈ വിളിച്ചോതുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചുവടുമാറ്റം അതുകൊണ്ട് തെക്കന്‍ സംസ്ഥാനങ്ങള്‍ക്കാകും കൂടുതല്‍ ഭീഷണിയാവുക. പത്മനാഭ സ്വാമിക്ഷേത്രം, ഗുരുവായൂര്‍,ശബരിമല, തിരുപ്പതി എന്നിവിടങ്ങളിലെ സ്വര്‍ണം തന്നെ ലക്ഷക്കണക്കിന് കോടി രുപ വില മതിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA