ADVERTISEMENT

വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിര്‍ണയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തെ സ്വർണപ്പണയ വായ്പാ മേഖലയെ എങ്ങനെയാണ് ബാധിക്കുക? ഇനി അധിക സ്വര്‍ണം പണയപ്പെടുത്തിയാല്‍ അത് പ്രശ്നമാകുമോ? അത് വെളിപ്പെടുത്തുന്നതിന് തുല്യമായി പരിഗണിച്ച് അതിന് നികുതി നല്‍കേണ്ടി വരുമോ? കുടുംബങ്ങളിലുള്ള സ്വര്‍ണനിക്ഷേപത്തെ വരുതിയിലാക്കാനുള്ള കേന്ദ്ര നീക്കവുമായി ബന്ധപ്പെട്ട് അനവധി ആശങ്കകളുയര്‍ന്നിട്ടുണ്ട്.

എത്ര സ്വര്‍ണം വരെ കൈവശം സൂക്ഷിക്കാമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നോട്ട് നിരോധനത്തിന് ദിവസങ്ങള്‍ക്ക് ശേഷം 2016 ല്‍ പുറത്തിറക്കിയ നിയന്ത്രണമനുസരിച്ച് 500 ഗ്രാം (62.5 പവന്‍) വരെ സ്വര്‍ണം വിവാഹിതകള്‍ക്ക് കൈയ്യില്‍ വയ്ക്കാം. വീട്ടിലെ അവിവാഹിതകള്‍ക്ക് 250 (31.25 പവന്‍) ഗ്രാം, പുരുഷന് 100 ഗ്രാം (12.4 പവന്‍) വീതം ഇങ്ങനെയാണ് കണക്ക്.

ഇതു സംബന്ധിച്ച് 1995 ലെ നിയമം പരിഷ്‌കരിച്ചതാണ് ഈ ചട്ടമുണ്ടാക്കിയത്. കുടുംബങ്ങളില്‍ (ലോക്കറില്‍) സൂക്ഷിച്ചിരിക്കുന്ന ഇതിന് മുകളിലുള്ള സ്വര്‍ണമാണ് നികുതി വിധേയമാക്കേണ്ടതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനിരിക്കുന്നതേയുള്ളു. അങ്ങനെയാണെങ്കില്‍ രാജ്യത്തെ സ്വര്‍ണപ്പണയ വ്യവസായത്തേയോ വായ്പകളേയോ ഇത് വല്ലാതെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

വലിയ വിപണി

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനങ്ങളാണ് മുത്തുറ്റ് ഫിനാനന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്. കൂടാതെ പൊതുമേഖലാ ബാങ്കുകളും ഈ രംഗത്തുണ്ട്. സ്വര്‍ണ പണയ വിപണിയുടെ 81 ശതമാനവും കൈയ്യാളുന്നത് ഈ സംഘടിത മേഖലയാണ്. ഈ സാമ്പത്തിക വര്‍ഷം ഏതാണ്ട് 13.7 ശതമാനം വളര്‍ച്ചയോടെ 31,0100 കോടി രൂപയുടെ ഇടപാടാണ് പ്രതീക്ഷിക്കുന്നത്.

വായ്പ ശരാശരി 40,000 രൂപ

സ്വര്‍ണം പണയം വയ്ക്കുന്നവരില്‍ 90 ശതമാനവും റീട്ടെയ്ല്‍ ലോണ്‍ എന്ന നിലയ്ക്കാണ് പണമെടുക്കുന്നത്. പെട്ടെന്ന് കിട്ടുന്ന ചെറിയ വായ്പകള്‍. അതുകൊണ്ട് തന്നെ ഈ രംഗത്തുള്ള സ്ഥാപനങ്ങളുടെ ആളോഹരി വായ്പാതുക വളരെ കുറവായിരിക്കും. ഉദാഹരണത്തിന് മുത്തൂറ്റ് ഫിനാന്‍സിന്റെ ശരാശരി വായ്പ 40,000 രൂപയാണ്. ശരാശരി പണയമുരുപ്പടിയാകട്ടെ 16 ഗ്രാമും. അതായത് രണ്ട് പവന്‍. ഗ്രാമിന് 2600 രൂപയാണ് ഇപ്പോഴത്തെ പണയ നിരക്ക്. ചെറുകിട വ്യവസായ ലോണുകള്‍ എന്ന നിലയ്ക്കാണ് ഇത്തരം സ്ഥാപനങ്ങളുടെ കൂടുതല്‍ വായ്പകളും പോകുന്നത്. ഇതാകട്ടെ ശരാശരി ഒരു ലക്ഷം രൂപയുടേതും. അതായത് അഞ്ച് പവന്‍.

106 പവന്‍

ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് തന്നെയാണ് ഈ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. കാരണം നിലവിലെ ചട്ടമനുസരിച്ചാണ് കാര്യങ്ങള്‍ എങ്കില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുള്ള  കുടുംബത്തിന് ശരാശരി 900 ഗ്രാം വരെ സ്വര്‍ണം കരുതി വയ്ക്കാം.( വിവാഹിത-500 ഗ്രാം,സ്ത്രീ-250,പുരുഷന്‍ 100 വീതം) അതിന് ശേഷമുള്ളതിന് കണക്ക് നല്‍കിയാല്‍ മതി. നിലവിലെ വിപണി മൂല്യമനുസരിച്ച് 100 ഗ്രാമിന് തന്നെ 26,0000 രൂപ പണയ വായ്പ ലഭിക്കും. അങ്ങനെയെങ്കില്‍ തന്നെ ബാക്കി 800 ഗ്രാം വീട്ടില്‍ സൂക്ഷിക്കാം.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഇ ടി എഫ്

സ്വര്‍ണാഭരണ വിപണി പ്രോത്സാഹിപ്പിക്കാതെ ഇടിഎഫ്, ഗോള്‍ഡ് ബോണ്ടുകള്‍ പോലുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് നിലവില്‍ സര്‍ക്കാര്‍ നയം. കാരണം ആഭരണങ്ങളായി സ്വര്‍ണം സൂക്ഷിക്കുന്നതിന് ഇപ്പോള്‍ പരിധിയില്ല എന്നുള്ളതും അല്ലെങ്കില്‍ പരിധി നടപ്പാക്കാനാവില്ല എന്നുള്ളതുകൊണ്ടും വന്‍ തോതില്‍ കള്ളപ്പണം ഈ രംഗത്തേയ്ക്ക് വരുന്നുവെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. അതുകൊണ്ട് ഫിസിക്കല്‍ സ്വര്‍ണത്തിലേക്ക് വരുന്ന നിക്ഷേപത്തെ എക്സേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും സ്വര്‍ണ ബോണ്ടുകളിലേക്കും വഴി തിരിച്ച് വിടുകയാണ് സര്‍ക്കാര്‍. സ്വര്‍ണ ബോണ്ടുകളിലെ നിക്ഷേപത്തിന് വിപണിയിലെ വിലവര്‍ധനവിന്റെ നേട്ടത്തിന് പുറമേ 2.5 ശതമാനം പലിശയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ആഭരങ്ങളോടുള്ള ശരാശരി ഇന്ത്യക്കാരന്റെ കമ്പം മാറില്ലെന്നും അതുകൊണ്ട് തന്നെ സ്വര്‍ണ വായ്പാ വിപണിയില്‍ ഇതിനും കാര്യമായ സ്വാധീനമുണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com