sections
MORE

ഓഡിറ്റോറിയങ്ങളില്‍ നിന്ന് കണക്കെടുക്കുന്നു; പിടി വീഴുമോ 'സ്വര്‍ണക്കല്യാണ'ങ്ങള്‍ക്ക്

HIGHLIGHTS
  • വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരമടക്കമുള്ളവ ആരായുന്നുണ്ട്
marriage-845
SHARE

പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന വിവാഹാഘോഷങ്ങള്‍ക്ക് ഇനി പിടി വീഴുമോ? സമൂഹത്തില്‍ മുന്തിയ പദവിയും അന്തസും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് പലപ്പോഴും കല്ല്യാണങ്ങള്‍. കോടികള്‍ മുടക്കിയാണ് മലയാളി പലപ്പോഴും വിവാഹ ചടങ്ങുകള്‍ നടത്തുക. ഇങ്ങനെ സ്വര്‍ണക്കല്ല്യാണങ്ങള്‍ നടത്തി വിവാദത്തിലായ അനവധിപ്പേർ നമുക്കു ചുറ്റുമുണ്ട്. മുമ്പ് വ്യവസായികളാണ് മക്കളുടെ വിവാഹത്തിലൂടെ സമ്പത്ത് പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാ മേഖലകളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. 

കിലോക്കണക്കിന് സ്വര്‍ണം

കിലോക്കണക്കിന് സ്വര്‍ണവും പിന്നെ ദശലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും ധരിച്ചെത്തുന്ന വധുക്കള്‍ വിവാഹവേദികളില്‍ കാഴ്ചക്കാര്‍ക്ക് നെഞ്ചിടിപ്പുണ്ടാക്കാറുണ്ട്. സ്വര്‍ണം സൂക്ഷിക്കുന്നതിന് കണക്ക് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പിലാക്കിയാല്‍ ഇത്തരം കല്യാണങ്ങള്‍ നടത്തുക ഇനി മെനക്കേടാകും. ആദായ നികുതി വകുപ്പിന്റെ കണ്ണുകള്‍ നിങ്ങളെ വേട്ടയാടാം.

വിവരം ശേഖരിക്കുന്നു

ഇപ്പോള്‍ തന്നെ ഓഡിറ്റോറിയങ്ങളില്‍ നിന്നും വലിയ കല്യാണങ്ങളുടെ വിശദാംശങ്ങള്‍ ആരായുന്നുണ്ട്. 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങളാണ് വകുപ്പ് ശേഖരിക്കുന്നത്. വധൂവരന്‍മാരെ  കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരമടക്കമുള്ളവ ആരായുന്നുണ്ട്. കൂടുതല്‍ കാറ്ററിംഗ് സ്ഥാപനങ്ങളും ഇപ്പോള്‍ നികുതി വലയ്ക്ക് പുറത്താണ്.

ആദായനികുതി വകുപ്പ് റഡാര്‍

നിലവില്‍ വിവാഹിതയായ സ്ത്രീയ്ക്ക് കൈയ്യില്‍ വയ്ക്കാവുന്ന( ഉപയോഗിക്കാവുന്ന) പരമാവധി സ്വര്‍ണം 62.5 പവന്‍ മാത്രമാണ്.കല്യാണത്തിന് ഇത് പെട്ടെന്ന് ബാധകമാക്കാന്‍ സാധ്യതയില്ലെങ്കിലും ഒരു പാട്് സ്വര്‍ണവും വജ്രാഭരണങ്ങളും ധരിക്കാന്‍ തീരുമാനിക്കുന്നവരെ ഇത് ആശങ്കപ്പെടുത്തും. വെറുതെ ആദായ നികുതി വകുപ്പിന്റെ റഡാറില്‍ വരേണ്ട എന്ന് തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഇത്തരം ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന പകുതിയോളമെങ്കിലും കല്യാണങ്ങളില്‍ സ്വര്‍ണത്തില്‍ കുളിച്ചാണ് വധു പ്രത്യക്ഷപ്പെടുന്നത്. വിവാഹത്തിന് കാലാകാലങ്ങളായി നിലനില്‍ക്കുന്ന രീതികളില്‍ തന്നെ വ്യതിയാനമുണ്ടാക്കിയേക്കാം പുതിയ 'സ്വര്‍ണ നയം'.

മാറുമോ ആചാരം

പോക്കറ്റ്മണിയായും,ഗിഫ്റ്റായും ആഭരണങ്ങള്‍ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.പതിറ്റാണ്ടുകളായി ഈ ആചാരം മലയാളിയുടെ അസ്ഥിയില്‍ പിടിച്ചതാണ്. 101 പവന്‍ സമ്മാനം എന്നത് നല്ലൊരു ശതമാനം കേസുകളിലെങ്കിലും ഒരു ബഞ്ച് മാര്‍ക്കാണ്. ഇതിന് മാറ്റം വരാം. സ്വർണം ചുരുക്കി മറ്റ് ആസ്തികള്‍ കൂടുതല്‍ നല്‍കുന്ന വിധത്തിലേക്ക് വീട്ടുകാരും മാറി ചിന്തിച്ചേക്കാം. അതോടെ ആറ്റ് നോറ്റുണ്ടായ കെട്ടിന്റെ മാറ്റ് കുറയുമോ? കാത്തിരുന്ന് കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA