സര്‍ക്കാര്‍ ജീവനക്കാരുടെ ആദായ നികുതി ആസൂത്രണം

HIGHLIGHTS
  • 80 സി പ്രകാരമുള്ള ഒന്നര ലക്ഷം രൂപയ്ക്കു പുറമെ എന്തെല്ലാം ചെലവുകള്‍ നികുതി വിധേയമായ വരുമാനത്തില്‍ നിന്നു കുറക്കാനാവും എന്നറിയാം
KERALA BANK
SHARE

ശമ്പളത്തില്‍ നിന്നു ടിഡിഎസ് പിടിച്ചതിന്റെ കണക്കുകള്‍ രണ്ടു തവണ ലഭിച്ചു കഴിയുമ്പോഴാണ് പല ജീവനക്കാരും ആദായ നികുതി ആസൂത്രണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക. ഡിസംബര്‍ മുതലുള്ള മാസങ്ങളില്‍ അതു കുറച്ചു കൂടി ശക്തമാവുകയും ചെയ്യും. 80 സി പ്രകാരമുള്ള ഒന്നര ലക്ഷം രൂപയ്ക്കു പുറമെ എന്തെല്ലാം ചെലവുകള്‍ നികുതി വിധേയമായ വരുമാനത്തില്‍ നിന്നു കുറക്കാനാവും എന്നാണ് ഇവരില്‍ പലരും അന്വേഷിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഇങ്ങനെ ഒഴിവാക്കാനാവുന്ന ഇനങ്ങളില്‍ പ്രധാനപ്പെട്ട ചിലത് പരിശോധിക്കാം.

ചികില്‍സാ ചെലവ്

ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ അത് നികുതി ബാധകമായ വരുമാനത്തില്‍ ഉള്‍പ്പെടില്ല. ഇങ്ങനെ ഒഴിവാക്കാനാവുന്ന തുകയ്ക്ക് പരിധിയുമില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് വഴി ലഭിക്കുന്ന തുകയും നികുതി വിധേയമല്ല. മറ്റുള്ളവരാണ് ചികില്‍സാ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ 15,000 രൂപ വരെ നികുതിക്കായി കണക്കാക്കില്ല എന്നൊരു ആനുകൂല്യമുണ്ടായിരുന്നു. ഇത് 2019-20 അസസ്സ്‌മെന്റ് വര്‍ഷം മുതല്‍ ബാധകമല്ല.

മെഡിക്കല്‍ ഇന്‍ഷൂറന്‍സ്

വ്യക്തികള്‍ എടുക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം 80 ഡി വകുപ്പു പ്രകാരം വരുമാനത്തില്‍ നിന്നു കുറയ്ക്കാം. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ വേണ്ടിയോ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കു വേണ്ടിയോ ഉള്ള പ്രീമിയവും സ്വന്തം പ്രീമിയത്തോടൊപ്പം വരുമാനത്തില്‍ നിന്നു കുറക്കാനാവും. ഇതിനായി നല്‍കുന്ന തുക പണമായി നല്‍കിയാല്‍ ആനുകൂല്യം ലഭിക്കില്ല. പ്രതിരോധ ആരോഗ്യ പരിശോധനയ്ക്കായി നല്‍കുന്ന തുകയ്ക്കും ഇതേ രീതിയില്‍ ആനുകൂല്യം ലഭിക്കും. ഓട്ടിസം പോലുള്ള രോഗങ്ങള്‍ ഉള്ള ആശ്രിതര്‍ക്കായി 1,25,000 രൂപ വരേയും ഇളവു ലഭിക്കും. എന്നാല്‍ 80 യു വകുപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല.

വാടകയില്ലാത്ത താമസ സൗകര്യം

സര്‍ക്കാര്‍ വാടകയില്ലാതെ താമസ സൗകര്യം നല്‍കുമ്പോള്‍ അതിനായി ഈടാക്കുന്ന ലൈസന്‍സ് ഫീസ് വരുമാനമായി കണക്കാക്കി നികുതി നല്‍കേണ്ടി വരും.

ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്

താമസ സ്ഥലത്തു നിന്ന് ഓഫീസിലേക്കു പോകാനും തിരികെ വരുവാനും വേണ്ടി നല്‍കുന്ന തുകയില്‍ പ്രതിമാസം 1,600 രൂപ വരെ മുന്‍പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ഇളവ് 2019-20 അസസ്സ്‌മെന്റ് വര്‍ഷം മുതല്‍ ബാധകമല്ല.

കുട്ടികളുടെ വിദ്യാഭ്യാസം

എന്തു പേരില്‍ നല്‍കിയാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന അലവന്‍സിനെ പ്രതിമാസം 100 രൂപ വരെ നികുതി വിധേയ വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോസ്റ്റല്‍ ചെലവിനായി വരുന്ന തുകയും പ്രതിമാസം 300 രൂപ വരേയും ഒഴിവാക്കും. ഇതു രണ്ടും പരമാവധി രണ്ടു കുട്ടികള്‍ക്കു വരെ എന്ന നിബന്ധനയുമുണ്ട്.

എച്ച് ആര്‍ എ

ജീവനക്കാര്‍ക്കു ലഭിക്കുന്ന വീട്ടു വാടക ബത്ത നികുതി വിധേയമാണ്. എന്നാല്‍ 10 (12 എ) വകുപ്പനുസരിച്ച് ഇളവുകളും ലഭിക്കും. ചട്ടം 2 എ അനുസരിച്ച് ഇതു നിയന്ത്രിച്ചിട്ടുമുണ്ട്.

താഴെ പറയും വിധമാണ് എച്ച് ആര്‍ എ ഇളവ്:-

∙മുംബൈ, കൊല്‍ക്കത്ത, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ വീടാണെങ്കില്‍ ശമ്പളത്തിന്റെ 60 ശതമാനത്തിനു തുല്യമായ തുകയും മറ്റിടങ്ങളില്‍ 40 ശതമാനവും
∙ജീവനക്കാരന്‍ വാടക വീട്ടില്‍ താമസിക്കുന്ന കാലത്തേക്കുള്ള വീട്ടു വാടക ബത്ത.
∙ശമ്പളത്തിന്റെ പത്തു ശതമാനത്തിലേറെ നല്‍കുന്ന വാടക

ഇതില്‍ ഏതാണോ കുറവ് എന്നതായിരിക്കും ബാധകം. എച്ച് ആര്‍ എ യുടെ നികുതി വിധേയമായ ഭാഗം ശമ്പളത്തില്‍ നിന്നുള്ള വരുമാനം എന്ന നിലയിലാണ് ആദായ നികുതി റിട്ടേണില്‍ കാണിക്കേണ്ടത്.

ഭവന വായ്പയ്ക്കുള്ള ആനുകൂല്യം

വീട്ടില്‍ നിന്നുള്ള വരുമാനം കാണിക്കുമ്പോള്‍ വാടകയില്‍ നിന്ന് മുനിസിപ്പല്‍ നികുതി കുറയ്ക്കണം. ഭവന വായ്പയുണ്ടെങ്കില്‍ അതിന്റെ പലിശയും കുറക്കണം. ഇങ്ങനെ ലഭിക്കുന്ന തുകയാണ് വീട്ടില്‍ നിന്നുള്ള വരുമാനമെന്ന ഭാഗത്തു കാണിക്കേണ്ടത്. വാടക ഇല്ലെങ്കില്‍ മുന്‍സിപ്പല്‍ നികുതിയും ഭവന വായ്പാ പലിശയും ചേര്‍ത്ത തുക മൈനസ് ആയി കാണിക്കണം. (ഈ തുക വരുമാനത്തില്‍ നിന്നു കുറക്കുന്ന അതേ ഫലം തന്നെയാണിവിടെ ലഭിക്കുന്നത്). ഇനി ഭവന വായ്പയുടെ മുതല്‍ തിരിച്ചടക്കുന്നത് 80 സി വകുപ്പു പ്രകാരം കുറയ്ക്കുന്ന ഒന്നര ലക്ഷം രൂപയിലും ഉള്‍പ്പെടുത്താം.

ലീവ് എന്‍കാഷ്‌മെന്റും ഗ്രാറ്റുവിറ്റിയും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏണ്‍ഡ് ലീവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ലീവ് സാലറി 10 (10എഎ1) വകുപ്പു പ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്കും ഒഴിവുണ്ട്. ഇതേ സമയം സ്വകാര്യ ജീവനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള ലീവ് സാലറി എന്നതു പോലുള്ള നിബന്ധനകള്‍ ഉള്‍പ്പെട്ട വ്യത്യസ്തമായ രീതിയാണു ബാധകം.

ഭിന്നശേഷിയുള്ളവര്‍ക്ക്

40 മുതല്‍ 80 ശതമാനം വരെ ഡിസബിലിറ്റി ഉള്ളവര്‍ക്ക് 75,000 രൂപ വരെ നികുതി വിധേയ വരുമാനത്തില്‍ നിന്ന് ഇളവു നല്‍കും. 80 ശതമാനത്തില്‍ കൂടുതലുള്ളവര്‍ക്ക് 1,25,000 രൂപയാണ് ഇളവ്. 80യു വകുപ്പനുസരിച്ചാണിത്.

80 സി ആനുകൂല്യങ്ങള്‍

നികുതി ബാധകമായ വരുമാനത്തില്‍ ഇളവുകള്‍ ലഭിക്കുന്നവയുടെ കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായവയാണ് 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യങ്ങള്‍.രണ്ടു വര്‍ഷമെങ്കിലും കാലാവധിയുള്ള ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍, അഞ്ചു വര്‍ഷത്തെ യൂലിപ്, ഭവന വായ്പയുടെ തിരിച്ചടവ്, ഇഎല്‍എസ് എസ് എന്ന പേരിലുള്ള ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകള്‍ തുടങ്ങിയവ ഇതില്‍ ചിലതു മാത്രം. ഇവയിലെല്ലാം കൂടി പരമാവധി ഒന്നര ലക്ഷം രൂപയാണു കുറക്കാനാവുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA