ശമ്പളത്തിനൊപ്പമുള്ള എച്ച്.ആര്‍.എയ്ക്ക് നികുതി ഇളവു ലഭിക്കില്ലേ?

HIGHLIGHTS
  • നികുതിദായകന്‍ മൂബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ ശമ്പളത്തിന്റെ 50 ശതമാനം വരെ കുറയ്ക്കാം
home-1
SHARE

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-6

ശമ്പളത്തിന്റെ കൂടെ കിട്ടുന്ന വീട്ടുവാടക അലവന്‍സ് അഥവാ ഹൗസ് റെന്റ് അലവന്‍സ് (എച്ച.ആര്‍.എ) ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ എത്രശതമാനം തുകയ്ക്ക് ഇളവ് ആര്‍ക്കൊക്കെ ലഭിക്കും എന്നു നോക്കാം.

യഥാര്‍ത്ഥ നികുതി ബാധ്യതയും നികുതി ഇളവും എത്രയെന്നും വിശദമായി പരിശോധിക്കാം. ശമ്പളത്തിന്റെ കൂടെ ലഭിക്കുന്ന വീട്ടുവാടക അലവന്‍സ് ആദായ നികുതി ചുമത്താനായി പരിഗണിക്കുന്ന മൊത്ത വരുമാനത്തിന്റെ കൂടെ കൂട്ടില്ല. അതായത് മൊത്ത വരുമാനത്തില്‍ നിന്ന് ഇത് കുറയ്ക്കാം. പക്ഷേ ചില നിബന്ധനകള്‍ പാലിക്കണം. എത്രരൂപവരെയാണ് കുറയ്ക്കാന്‍ കഴിയുക എന്ന് നോക്കാം. ഒന്നുകില്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വീട്ടുവാടക അലവന്‍സ് മുഴുവനായി കുറയ്ക്കാം. അല്ലെങ്കില്‍ ശമ്പളത്തിന്റെ 40 ശതമാനം തുക കുറയ്ക്കാം. നികുതിദായകന്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് താമസിക്കുന്നതെങ്കില്‍ ശമ്പളത്തിന്റെ 50 ശതമാനം വരെ കുറയ്ക്കാം. അല്ലെങ്കില്‍ നല്‍കുന്ന വാടകയില്‍ നിന്ന് ശമ്പളത്തിന്റെ 10 ശതമാനം കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന തുക എത്രയാണോ അത്രയും കുറയ്ക്കാം.

ഇപ്പോള്‍ പറഞ്ഞ വിവിധ തരത്തിലുള്ള തുകയില്‍ ഏറ്റവും കുറവ് ഏതാണോ അതാണ് വീട്ടുവാടക അലവന്‍സായി വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ കഴിയുക. അതായത് യഥാര്‍ത്ഥത്തില്‍ ലഭിച്ച വീട്ടുവാടക അലവന്‍സ്, ശമ്പളത്തിന്റെ 40 ശതമാനം തുക, നല്‍കിയ വാടകയില്‍ നിന്ന് ശമ്പളത്തിന്റെ 10ശതമാനം കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന തുക- ഇവയില്‍ ഏറ്റവും കുറഞ്ഞ തുക ഏതാണോ അതാണ് വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ അനുവദിക്കുക.

വാടകയ്ക്ക് അല്ലാതെ സ്വന്തം വീട്ടില്‍ താമസിച്ച് ജോലിക്ക് പോകുന്ന ജീവനക്കാരന് വീട്ടുവാടക അലവന്‍സ് ലഭിച്ചാല്‍ ആ തുക മുഴുവന്‍ ശമ്പളത്തിന്റെ കൂടെ കൂട്ടി നികുതി കണക്കാക്കും. വീട്ടുവാടകയായി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കുന്നവരുണ്ട് എങ്കില്‍ ആദായ നികുതി ഇളവ് ലഭിക്കാന്‍ വാടക വാങ്ങുന്നയാളിന്റെ പാന്‍ നമ്പര്‍ തൊഴിലുടമയ്ക്ക് നല്‍കണം.

മൊത്ത വരുമാനത്തിന്റെ കൂടെ കൂട്ടേണ്ട മറ്റൊരു പ്രധാന വരുമാനമാണ് ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടി അഥവ വീട്ടുവാടകയില്‍ നിന്നുള്ള വരുമാനം. ഇതിന്റെ യാഥാര്‍ത്ഥ നികുതി ബാധ്യതയെക്കുറിച്ചും ഇളവുകളെക്കുറിച്ചും നാളെ.

(പെഴ്സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA