ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പ വഴികള്‍-7

മൊത്ത വരുമാനം കൂട്ടുമ്പോള്‍ വീടിന്റെ വാടക വരുമാനം ഉണ്ടെങ്കില്‍ അതും കൂട്ടണം. ഇതിന് നികുതി നല്‍കുകയും വേണം. ഹൗസ് പ്രോപ്പര്‍ട്ടി എന്ന്  ആദായ നികുതി നിയമത്തില്‍ പറഞ്ഞിരിക്കുന്നതില്‍ നികുതി ദായകന്റെ വീട്, അയാള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഓഫീസ് മുറി, കടമുറി, കെട്ടിടം തുടങ്ങിയവയൊക്കെ ഉള്‍പ്പെടും. എല്ലാത്തരം കെട്ടിടങ്ങളിലും നിന്നുള്ള വാടക വരുമാനം ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടും. സെല്‍ഫ് ഒക്കുപൈഡ് ഹൗസ് പ്രോപ്പര്‍ട്ടി, ലെറ്റ് ഔട്ട് ഹൗസ് പ്രോപ്പര്‍ട്ടി എന്നിങ്ങനെ തരംതിരിച്ചാണ് നികുതി ബാധ്യത കണക്കാക്കുക. നികുതിദായകനോ അയാളുടെ കുടുംബമോ താമസിക്കുന്ന വീടാണ് സെല്‍ഫ് ഒക്കുപൈഡ് ഹൗസ് പ്രോപ്പര്‍ട്ടിയായി കണക്കാക്കുക. നേരത്തെ നികുതിദായകന് ഒരു വീട് മാത്രമേ ഇങ്ങനെ  കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അയാളുടെ പേരില്‍ മറ്റൊരു വീട് ഉണ്ടെങ്കില്‍ അത് ലെറ്റ് ഔട്ട് പ്രോപ്പര്‍ട്ടിയായി കണക്കാക്കുമായിരുന്നു. ഇപ്പോള്‍ രണ്ട് വീടുകള്‍ക്ക് ഈ ഇളവ് ലഭിക്കും.

മൊത്ത വരുമാനം കണക്കാക്കുമ്പോള്‍ നികുതി ദായകന് ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍ കൂടെകൂട്ടണം. ഇതില്‍ ശമ്പള വരുമാനം, വീട്ട് വാടക അലവന്‍സ് എന്നിവയുടെ നികുതി ബാധ്യതയും ഇളവുകളും കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയുടെ നികുതി ബാധ്യതയും ഇളവുകളും ഇനി വിശദമായി മനസിലാക്കാം.

വാടക വരുമാനം

നികുതിദായകന്റെ ഉടമസ്ഥതയിലുള്ളതാണ് ഹൗസ് പ്രോപ്പര്‍ട്ടി എങ്കില്‍ അതില്‍ നിന്നുള്ള വരുമാനം നികുതിക്ക് വിധേയമാണ്. വീട് വാടകയ്ക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന വാടക വരുമാനമാണ് പ്രധാനമായും ഈ വിഭാഗത്തില്‍ വരിക. പക്ഷേ ലഭിക്കുന്ന വാടക തുക മുഴുവന്‍ വരുമാനമായി കണക്കാക്കില്ല. അതില്‍ നിന്ന് ചില കിഴിവുകള്‍ അനുവദിച്ചിട്ടുണ്ട്. ഹൗസ് പ്രോപ്പര്‍ട്ടിയുടെ അറ്റ വാര്‍ഷിക മൂല്യത്തില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി ഒരു നിശ്ചിത ശതമാനം തുകയും, വീട് പണിയാന്‍ ഭവന വായ്പ എടുത്തിട്ടുണ്ട് എങ്കില്‍ അതിന്റെ  പലിശയും കുറച്ചുകഴിയുമ്പോള്‍ കിട്ടുന്ന തുകയാണ് ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനമായി കണക്കാക്കുന്നത്. ഹൗസ് പ്രോപ്പര്‍ട്ടിയുടെ മൊത്ത വാര്‍ഷിക മൂല്യത്തില്‍ നിന്ന് മുനിസിപ്പല്‍ ടാക്‌സ് കുറച്ചാല്‍ കിട്ടുന്നതാണ് അറ്റ വാര്‍ഷിക മൂല്യം.

മുനിസിപ്പല്‍ ടാക്‌സ് വീട്ടുടമസ്ഥന്‍ തന്നെയാണ് പ്രസ്തുത വര്‍ഷം തന്നെ  അടച്ചതെങ്കിലാണ് ഇത് കുറയ്ക്കാന്‍ അനുവദിക്കുക. ആദായ നികുതി നിയമം 24(മ) പ്രകാരമാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കുക.മുൻവർഷം വാടകയ്ക്ക് നല്‍കിയിട്ടുള്ളതാണെങ്കില്‍ അറ്റ വാര്‍ഷിക മൂല്യത്തിന്റൈ 30 ശതമാനമാണ് സറ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയി അനുവദിക്കുക. വീട് വാങ്ങാനോ നിര്‍മിക്കാനോ അറ്റകുറ്റപണിക്കോ പുനര്‍നിര്‍മാണത്തിനോ വായ്പ എടുത്ത തുകയുടെ പലിശ മുഴുവന്‍ കുറയ്ക്കാന്‍ സെക്ഷന്‍ 24 പ്രകാരം  അനുവദിക്കും.

സ്വന്തം താമസത്തിനുള്ള വീടിനായി എടുത്ത വായ്പയുടെ 2 ലക്ഷം രൂപവരെയുള്ള പലിശച്ചിലവേ കുറയ്ക്കാന്‍ അനുവദിക്കൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. മാത്രല്ല വായ്പ 1999 ഏപ്രില്‍ ഒന്നിനുശേഷം എടുത്തതായിരിക്കണം. വായ്പയെടുത്ത് 5 വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങിയതോ നിര്‍മാണം പൂര്‍ത്തിയായതോ ആയിരിക്കണം. അതിനുമുമ്പ് വായ്പ എടുത്തിട്ടുള്ളവര്‍ക്ക് പലിശച്ചിലവായി 30,000 രൂപവരെയേ കുറയ്ക്കാന്‍ അനുവദിക്കൂ. 1999നുശേഷം വീടിന്റെ അറ്റകുറ്റപണിക്കായി വായ്പ എടുത്തവര്‍ക്കും പലിശയായി 30,000 രൂപവരെയേ കുറയ്ക്കാന്‍ പറ്റൂ. അതേപോലെ സ്വന്തം ആവശ്യത്തിനായി വീട് നിര്‍മിക്കാനായി 1999നു ശേഷം വായ്പ എടുത്തവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞവര്‍ക്കും പലിശച്ചിലവായി 30,000 രൂപ മാത്രമേ കുറയ്ക്കാന്‍ കഴിയൂ.  

കെട്ടിട ഉടമസ്ഥന് ലഭിക്കുന്ന വാടക വരുമാനത്തിനു മാത്രമേ  നികുതി ബാധ്യത വരൂ. കീഴ് പാട്ടത്തിനു നല്‍കി ലഭിക്കുന്ന വാടകവരുമാനം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാന വിഭാഗത്തില്‍  വരില്ല.  ഇത്തരത്തിലുള്ള വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്, പ്രോഫിറ്റ്‌സ് ആന്‍ഡ് ഗെയിന്‍സ് ഫ്രം ബിസിനസ് പ്രൊഫഷന്‍ എന്നീ വിഭാഗത്തിലാണ് വരിക.

പ്രോപ്പര്‍ട്ടിയുടെ രജിസ്റ്റേര്‍ഡ് ഉടമയാല്ലാത്ത ഒരാള്‍ക്കാണ് വാടക വരുമാനം ലഭിക്കുന്നതെങ്കില്‍ അതും ഈ വിഭാഗത്തിലുള്ള വരുമാനത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ രജിസ്‌ട്രേര്‍ഡ് ഉടമ അല്ലെങ്കിലും പ്രോപ്പര്‍ട്ടിയുടെ ഉടമസ്ഥനായി പരിഗണിക്കാവുന്ന വ്യക്തി ആണെങ്കില്‍ നികുതി ബാധ്യത വരും. ഒരാള്‍ തന്റെ ഭാര്യയ്‌ക്കോ മൈനറായ മക്കള്‍ക്കോ  പ്രോപ്പര്‍ട്ടി കൈമാറ്റം ചെയ്യുകയാണെങ്കില്‍ അവരെ ഉടമയായി പരിഗണിച്ച് നികുതിക്ക് വിധേയമാക്കും.  

വര്‍ഷം മുഴുവന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീടിന്റെ ഗ്രോസ് ആനുവല്‍ വാല്യു കണ്ടുപിടിക്കുന്നത് എങ്ങനെ എന്നു നോക്കാം. ആദ്യം  വീടിന്റെ പ്രതീക്ഷിത വാടക വരുമാനം എത്രയെന്ന് കണക്കാക്കുക. പിന്നീട് യഥാര്‍ത്ഥ വാടക വരുമാനം എത്രയെന്ന് കണക്കാക്കുക. ഇതില്‍ കൂടിയതുക ഏതാണോ അതാണ് വീടിന്റെ ഗ്രോസ് ആനുവല്‍ വാല്യു.

ഭാര്യയും ഭര്‍ത്താവും തുല്യപങ്കാളിത്തത്തോടെ തുല്യമായി പണം മുടക്കി  നിര്‍മിച്ച വീടിന്റെ വാടക വരുമാനവും തുല്യമായി വീതിച്ച് നികുതിവരുമാനമായി കണക്കാക്കാം.

(പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com