ADVERTISEMENT

അശരണരും പ്രായം കൂടിയതിനാല്‍ അവശതകള്‍ അനുഭവിക്കുന്നവരുമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമമുള്ള രാജ്യമാണ് നമ്മുടേത്. പ്രായമായ അച്ഛനമ്മമാരെ മക്കള്‍ തങ്ങളുടെ കുടുംബത്തോടൊപ്പം കൂട്ടിച്ചേര്‍ത്ത് ഗാര്‍ഹിക സാമ്പത്തിക ചിട്ടപ്പെടുത്തലുകളിലും ഫിനാന്‍ഷ്യല്‍ പ്ലാനിങിലും ഭാഗഭാക്കാക്കിയാല്‍ ഒട്ടനവധി മെച്ചങ്ങളുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന ആദായ നികുതി നിബന്ധനകള്‍ ഉള്‍പ്പെടെ സാമ്പത്തിക കാര്യ നയങ്ങള്‍ പ്രായമായവരുടെ സന്തോഷവും സൗഹൃദവും ഉറപ്പാക്കാന്‍ പറ്റുന്ന തരത്തിലാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലാണ് അച്ഛനമ്മമാരെ അവഗണിക്കുന്ന പ്രവണത കൂടുതലാണെന്നത് ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്. 


മുതിര്‍ന്നവര്‍ ആരൊക്കെ


മുതിര്‍ന്ന പൗരന്മാരുടെ പ്രായം പല ആവശ്യങ്ങള്‍ക്കും പല രീതിയിലാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളതെങ്കിലും ആദായ നികുതി നിയമങ്ങള്‍ അവസാന വാക്കായി എടുക്കാം. നേരത്തെയൊക്കെ 65 വയസ്സിന് മുകളിലുള്ളവരെയാണ് മുതിര്‍ന്ന പൗരന്മാരായി കണക്കാക്കിയിരുന്നത്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 60 വയസ്സിനു മുകളിലുള്ളവരെ മുതിര്‍ന്ന പൗരന്മാരായി കണക്കാക്കുന്നു. ഇവരില്‍ തന്നെ 80 വയസ്സ് കഴിഞ്ഞവരെ അതി മുതിര്‍ന്ന പൗരന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. 


ഉയര്‍ന്ന നികുതി സ്ലാബുകള്‍


സാധാരണ വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപാ വരെ ആദായ നികുതി നല്‍കേണ്ടങ്കിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് മൂന്ന് ലക്ഷവും വളരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷവുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപാ വരെ വരുമാനമുള്ള എല്ലാവര്‍ക്കും 12,500 രൂപയുടെ നികുതി റിബേറ്റ് ലഭിക്കുന്നതിനാല്‍ ഇത് കാര്യമാക്കാനില്ല എന്ന് കരുതുന്നവരുണ്ട്. മുകളിലെ ഓരോ സ്ലാബുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി ഇളവ് 2,500 രൂപയാണെങ്കില്‍, വളരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന 12,500 രൂപയാണ്. 


മറ്റ് വരുമാനങ്ങള്‍


നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് എല്ലാവരും ആദായ നികുതി നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന 50,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി ഇളവ് ലഭിയ്ക്കും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന 10,000 രൂപാ വരെയുള്ള പലിശയ്ക്ക് പുറമെയാണിത്. കൂടാതെ 50,000 രൂപാ വരെയുള്ള പലിശയ്ക്ക് സ്രോതസ്സില്‍ നികുതി കിഴിവ് ചെയ്യുന്നുമില്ല. ആനുവിറ്റികള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ വരുമാനത്തിന് ആദായ നികുതി ബാധകമാണ്. പെന്‍ഷന്‍ വരുമാനത്തിന് 40,000 രൂപാ വരെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിക്കും. 


ലളിതമായ നടപടികള്‍


വളരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. ബിസിനസ്സ് വരുമാനങ്ങളില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് അഡ്വാന്‍സ് ടാക്‌സ് നല്‍കേണ്ടതില്ല. ഓരോ വര്‍ഷവും സ്വയം വിലയിരുത്തി നികുതി നല്‍കുന്നതിനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. 


മെഡിക്കല്‍ ആനുകൂല്യങ്ങള്‍


സാധാരണ കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ പോളിസികളില്‍ പ്രീമിയമായി നല്‍കുന്ന 25,000 രൂപയ്ക്ക് നികുതി ഇളവ് ലഭിക്കുമ്പോള്‍ അച്ഛനമ്മമാരെ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് 60 വയസ്സ് എത്തിയില്ലെങ്കില്‍ കൂടി പ്രിമീയത്തിന് നികുതി ഇളവ് 50,000 രൂപയാകും. അച്ഛനമ്മമാര്‍ക്ക് ഒരാള്‍ക്കെങ്കിലും 60 തികഞ്ഞാല്‍ ഇളവ് 75,000 രൂപയായി വര്‍ദ്ധിക്കും. കുടുംബനാഥന്‍ തന്നെ മുതിര്‍ന്ന പൗരനും പോളിസിയില്‍ ഉള്‍പ്പെടുത്തുന്ന അച്ഛനമ്മമാരും മുതിര്‍ന്ന പൗരന്മാരാകുന്ന സാഹചര്യത്തില്‍ ഒരുലക്ഷം രൂപാവരെയുള്ള പ്രീമിയത്തിന് ഇളവിന് അര്‍ഹതയുണ്ടാകും. മറ്റ് മെഡിക്കല്‍ പോളിസികളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സയ്ക്കായി ചെലവാക്കിയ ഒരുലക്ഷം രൂപാവരെ നികുതി ഇളവിന് പരിഗണിക്കും.  


അച്ഛനമ്മമാര്‍ക്ക് പ്രായം കൂടി എന്ന കാരണത്താല്‍ ഒഴിവാക്കേണ്ടവരല്ല. ഓരോരുത്തരുടേയും സാമ്പത്തിക ആസൂത്രണത്തിലും ആദായ നികുതി കൈകാര്യം ചെയ്യുന്നതിലും അവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ അവരുടെ ചെലവിന് ആവശ്യമായ സാമ്പത്തികം സ്വരൂപിക്കാനാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com