ADVERTISEMENT

ഒക്ടോബറില്‍ രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടിക്ക്‌ മുകളിലെത്തിയതായി അടുത്തിടെ നാഷണല്‍ പേമെന്റ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ( എന്‍പിസിഐ) പ്രഖ്യാപിച്ചിരുന്നു. അതായത്‌ നെറ്റ്‌ ബാങ്കിങ്‌, മൊബൈല്‍ ബാങ്കിങ്‌ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു വരികയാണ്‌. എന്നാല്‍, ഇതോടൊപ്പം ഈ രംഗത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിലും വര്‍ധന ഉണ്ടാകുന്നുണ്ട്‌. പണം നഷ്ടമാകാന്‍ സാധ്യത ഉള്ളതിനാല്‍ ഓണ്‍ലൈന്‍ ബാങ്കിങ്‌ ഇടപാടുകള്‍ അതീവ ശ്രദ്ധയോടെ വേണം ചെയ്യാൻ. ഡാറ്റ ചോരാന്‍ സാധ്യത കൂടുതലായതിനാല്‍ മൊബൈല്‍ ബാങ്കിങ്‌ വളരെ കരുതലോടെ വേണം നടത്തുന്നത്‌.

ഒടിപി, മൊബൈല്‍ ബാങ്കിങ്‌ പാസ്സ്‌വേഡുകള്‍ എന്നിവ സ്വന്തമാക്കാന്‍ പല വഴികളും തട്ടിപ്പുകാർ സ്വീകരിക്കും. മൊബൈല്‍ ആപ്പുകള്‍ വഴിയും നെറ്റ്‌ ബാങ്കിങ്‌ ഇടപാടുകള്‍ ഇപ്പോള്‍ നടത്താന്‍ കഴിയും. പണമിടപാടിനായി ബാങ്കിങ്‌ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഡേറ്റ ചോര്‍ച്ച സംഭവിക്കാനുള്ള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പണം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ മൊബൈല്‍ ബാങ്കിങ്‌ ഒഴിവാക്കേണ്ട ആവശ്യമില്ല. ചില മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാം.

മൊബൈല്‍ ബാങ്കിങ്‌ ഇടപാടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം

1. ബാങ്കിങ്‌ ആപ്പ്‌ ഉപയോഗിക്കുന്നുണ്ട്‌ എങ്കില്‍ യൂസര്‍നെയിമും പാസ്‌വേഡും ഒരിക്കലും മൊബൈല്‍ ഹാന്‍ഡ്‌ സെറ്റില്‍ സേവ്‌ ചെയ്യരുത്‌. അക്കൗണ്ട്‌ ആക്‌സസ്‌ ചെയ്യാന്‍ ഇതാണ്‌ എളുപ്പമെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്‌.

2. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബാങ്കിങ്‌ ആപ്പുകളില്‍ ഏറെയും 2-സ്റ്റെപ്‌ ഓതന്റിക്കേഷന്‍ നടത്താറുണ്ട്‌ . ഫോണിനും മൊബൈല്‍ ബാങ്കിങ്‌ ആപ്പിനും വ്യത്യസ്‌ത പാസ് വേഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

3. പാസ്സ്‌വേഡും ലോഗിന്‍ ഐഡിയും സ്വയമേവ സേവ്‌ (auto-save) ചെയ്യപ്പെടുന്നത്‌ എപ്പോഴും ഒഴിവാക്കുക. അതല്ലെങ്കില്‍ മറ്റുള്ളവര്‍ ഇത്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്‌. നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ സേവ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ബാങ്കിങ്‌ ആപ്പുകള്‍ സാധാരണ നല്‍കാറുണ്ട്‌. ഒരിക്കലും പാസ് വേഡ്‌ ഓര്‍ത്തിരിക്കാന്‍ വേണ്ടി remember password ടാബില്‍ ക്ലിക്‌ ചെയ്യരുത്‌.

എസ്‌എംഎസുകൾ പരിശോധിക്കണം

4. ബാങ്കുകളില്‍ നിന്നും വരുന്ന എല്ലാ എസ്‌എംഎസുകളും ഇ-മെയിലുകളും എപ്പോഴും പരിശോധിക്കുക. അതാത്‌ സമയങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുന്നതിന്‌ വേണ്ടി മൊബൈല്‍ നോട്ടിഫിക്കേഷന്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യുക. അങ്ങനെയെങ്കില്‍, എപ്പോഴെങ്കിലും നിങ്ങളുടെ അനുവാദം കൂടാതെ ഇടപാട്‌ നടക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഇത്‌ സംബന്ധിച്ച്‌ മൊബൈല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇടപാട്‌ സംബന്ധിച്ചുള്ള ജാഗ്രതാ നിര്‍ദ്ദേശത്തിന്‌ പുറമെ നിങ്ങളുടെ നെറ്റ്‌ ബാങ്ക്‌ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുകയും അത്‌ പരാജയപ്പെടുകയും ചെയ്‌തതിന്റെ അറിയിപ്പും നിങ്ങള്‍ക്ക്‌ ലഭിക്കും.

5. ബാങ്കുകള്‍ ഒരിക്കലും നിങ്ങളോട്‌ പിന്‍ നമ്പര്‍ ചോദിക്കുകയില്ല. അതിനാല്‍ , പിന്‍ നമ്പര്‍ ആരുമായും പങ്കു വെയ്‌ക്കരുത്‌. ബാങ്ക്‌ വിവരങ്ങള്‍ വെരിഫൈ ചെയ്യുന്നതിനായി ചിലര്‍ സിവിവി നമ്പര്‍ ആവശ്യപ്പെട്ടേക്കാം. ഇത്തരത്തില്‍ ഒരു വിവരങ്ങളും മറ്റാര്‍ക്കും ലഭ്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

6. വൈറസുകളില്‍ നിന്നും മറ്റും സുരക്ഷിതമാക്കുന്നതിന്‌ ഫോണില്‍ മികച്ച ഒരു ആന്റിവൈറസ്‌ എല്ലായ്‌പ്പോഴും ഉപയോഗിക്കുക. മൊബൈല്‍ ബാങ്കിങ്‌ നടത്തുന്നവരാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. സമയാസമയം മൊബൈല്‍ ബാങ്കിങ്‌ ആപ്പുകള്‍ അപ്‌ഡേറ്റ്‌ ചെയ്യുക. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ്‌ ഉപയോഗിക്കുന്നത്‌ എന്ന്‌ ഉറപ്പ്‌ വരുത്തുക. വൈ-ഫൈയുമായി കണക്ട്‌ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യുന്ന തരത്തില്‍ ഫോണില്‍ സെറ്റ്‌ ചെയ്‌ത്‌ വെയ്‌ക്കാന്‍ കഴിയും.

7. സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉള്‍പ്പടെയുള്ള പബ്ലിക്‌ നെറ്റ്‌വര്‍ക്കുകളില്‍ ആയിരിക്കുമ്പോള്‍ മൊബൈല്‍ ബാങ്കിങ്‌ ഉപയോഗിക്കാതിരിക്കുക. എപ്പോഴും നിങ്ങളുടെ മൊബൈല്‍ സേവന ദാതാക്കളുടെ നെറ്റ്‌വര്‍ക്കുകള്‍ അല്ലെങ്കില്‍ പാസ്സ്‌വേഡ്‌ കൊണ്ട്‌ സുരക്ഷിതമാക്കിയ വൈഫൈ കണക്ഷനുകള്‍ ഉപയോഗിക്കുക. 

8. അക്കൗണ്ട്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ ആയി ഒരിക്കലും അയക്കരുത്‌.

9. ബാങ്കിങ്‌ ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുമ്പോള്‍ കരുതല്‍ വേണം. ഒഫിഷ്യല്‍ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. മിക്ക ബാങ്കിങ്‌ ആപ്പുകളും ഒഫിഷ്യല്‍ ആപ്പ്‌ സ്റ്റോറുകളില്‍ ലഭ്യമാകും.

10. സുരക്ഷിതമല്ല എന്ന്‌ തോന്നുന്ന ലിങ്കുകളില്‍ ക്ലിക്‌ ചെയ്യരുത്‌. ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ അല്ലെങ്കില്‍ ഇ-മെയില്‍ വരുന്ന ബാങ്കിങ്‌ ലിങ്കുകളെ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്കിങ്‌ സൈറ്റിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com