ADVERTISEMENT

ഈ പുതു വര്‍ഷത്തില്‍ സാധാരണക്കാരെ പ്രത്യക്ഷമായി ബാധിക്കുന്ന വിവിധ സാമ്പത്തിക മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ബാങ്ക്,ഇന്‍ഷൂറന്‍സ്,പെന്‍ഷന്‍ തുടങ്ങിയ മേഖലകളെല്ലാം പുതുവര്‍ഷത്തില്‍ ചില പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതില്‍ ഭൂരിഭാഗവും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമാണെങ്കില്‍ മറ്റു ചിലത് അത്ര സുഖകരമല്ലാത്തതുമാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണം നഷ്ടപ്പെടുത്താതിരിക്കാം.

പാന്‍ ആധാര്‍ ബാന്ധവം

ഇനിയും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷെ പാന്‍ കാര്‍ഡ് തന്നെ അസാധുവായേക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ഇതിനുള്ള തയ്യാറെടുപ്പിലാണ്. രണ്ടും കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള നിയമപരമായ സമയ പരിമിതി കഴിഞ്ഞാല്‍ അത്തരം പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഫിനാന്‍സ് ബില്‍ പറയുന്നത്. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും ആധാര്‍ കാര്‍ഡുമായി ഈ പാന്‍നമ്പര്‍ ബന്ധിപ്പിക്കപ്പെട്ടാല്‍ വീണ്ടും പ്രവര്‍ത്തന നിരതമാകും. എന്നാല്‍ നിലവില്‍ ഇത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഡിസംബര്‍ 31 നകം കാര്‍ഡുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതാണ് നല്ലത്.

റിട്ടേണ്‍ നല്‍കി വലിയ പിഴയൊഴിവാക്കൂ

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ 31നുള്ളില്‍ ഫയല്‍ ചെയ്താല്‍ പിഴ 1000 രൂപയില്‍ ഒതുക്കാം. ഡിസംബര്‍ 31 കഴിഞ്ഞാല്‍ ഇത് 10,000 രൂപ വരെയാകാം. ബാങ്ക്് വായ്പ അടക്കമുള്ള പല കാര്യങ്ങള്‍ക്കും മൂന്ന് വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ ആവശ്യമായി വരുമെന്നതിനാല്‍ ഡിസംബര്‍ 31ന് മുമ്പ് ഇത് ചെയ്യുന്നതാണ് ബുദ്ധി.

വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം വരെയാണോ? ഡിസംബര്‍ 31ന് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ നിലവിലെ 5,000 രൂപ പിഴ എന്നുള്ളത് 1000 രൂപ മതി. ഓര്‍ക്കുക ഈ 31 കഴിഞ്ഞാല്‍ ഇത് പിന്നെ 10,000 ആകും.

മാഗ്നറ്റിക് ചിപ്പ് കാര്‍ഡ് വിസ്മൃതിയിലേക്ക്

കൂടുതല്‍ സുരക്ഷയുള്ള ഇ എം വി ചിപ്പ് അധിഷ്ഠിത ഡെബിറ്റ് കാര്‍ഡിലേക്ക്് മാറാത്ത ഇടപാടുകാര്‍ക്ക് 2020 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കാനാവില്ലെന്ന് എസ് ബി ഐ. നിലവിലുള്ള മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ അധിക സുരക്ഷയുള്ള ഇഎംവി ലേക്കു മാറ്റണമെന്ന് എല്ലാ ബാങ്കുകളും നേരത്തെ നിര്‍ദ്ദേശം നല്‍കുകുയും ഭൂരിഭാഗം ഉപയോക്താക്കളും പുതിയ കാര്‍ഡ് എടുക്കുകയും ചെയ്തിരിന്നു. ഇനിയും മാറാത്തവര്‍ക്ക് വേണ്ടിയാണ് ജനുവരി ഒന്നോടെ ഇത്തരം കാര്‍ഡുകള്‍ അസാധുവാകുമെന്ന് എസ് ബി ഐ അറിയിക്കുന്നത്. കാര്‍ഡ് മാറ്റത്തിന് ബാങ്ക് നല്‍കിയിരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 ആണ്. ഇതിനകം മാറ്റിയിരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

എന്‍ ഇ എഫ് ടി സൗജന്യം

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക്  ഓണ്‍ലൈന്‍ വഴിയുളള എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന്  ജനുവരി മുതല്‍ ഫീസുണ്ടാകില്ല. ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ആര്‍ ബി ഐ നിര്‍ദേശം നല്‍കി. സമ്പദ് വ്യവസ്ഥയില്‍ കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ ജൂലായിലും ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് നിര്‍ത്തണമെന്ന് ആര്‍ ബി ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയപരിധി പ്രഖ്യാപിച്ചിരുന്നില്ല.  ആര്‍ ബി ഐ യുടെ പുതിയ പത്രക്കുറുപ്പില്‍ 2020 ജനുവരി ഒന്നുമുതല്‍ ബാങ്കുകള്‍ എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍),ആര്‍ ടി ജി എസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഇടപാടുകള്‍ക്ക്  ഫീസ് ഇടാക്കരുതെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ആഴ്ച മുതല്‍ഇത്24മണിക്കൂറാക്കി ബാങ്കുകള്‍ ദീര്‍ഘിപ്പിച്ചിരുന്നു. അവധി ദിവസങ്ങളും ഇതിന്റെ പിരധിയില്‍ വരും.

പുതുക്കിയ മാനദണ്ഡം

എന്‍ പി എസിനും മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ക്കും കീഴിലുള്ള വിവിധ സ്‌കീമുകള്‍ക്ക്  ബാധകമായ മൂല്യ നിര്‍ണയ മാനദണ്ഡം പെന്‍ഷന്‍ ഫണ്ട് ഡെവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) പുതുക്കി. ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പലിശ കൂടും

സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഓര്‍ക്കുക  പുതവര്‍ഷം മുതല്‍ കാര്‍ഡ് ഉപയോഗത്തിന് ചെലവ് കൂടും. ജനുവരി മുതല്‍ പുതുക്കിയ പലിശ നിരക്കാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാധകമാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com