ADVERTISEMENT

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രധാന മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപത്തിന്     ആധാര്‍ നിര്‍ബന്ധമാക്കി. പിഎംവിവിവൈ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന്  ഇനി മുതല്‍ ആധാര്‍ നമ്പര്‍ തെളിവായി സമര്‍പ്പിക്കുകയോ ആധാര്‍ ഓതന്റിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയോ വേണം . ഇത് സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി.

എല്‍ഐസി വഴിയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പിഎംവിവിവൈ നടപ്പിലാക്കുന്നത്. പത്ത് വര്‍ഷത്തേക്ക്  8 ശതമാനം പലിശ നിരക്ക് സ്‌കീം ഉറപ്പു നല്‍കുന്നുണ്ട്. 2017-18, 2018 -19 കേന്ദ്ര ബജറ്റുകളിലായാണ് പദ്ധതി പ്രഖ്യാപിച്ചത്.

ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ അല്ലെങ്കില്‍ ഇതുവരെ ആധാറിന് വേണ്ടി അപേക്ഷിച്ചിട്ടില്ലാത്തവര്‍ പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പദ്ധതിയ്ക്ക് രജിസ്ട്രര്‍ ചെയ്യുന്നതിന് മുമ്പായി ആധാര്‍ നമ്പറിന് വേണ്ടി അപേക്ഷിക്കണം.
ബയോമെട്രിക് അല്ലെങ്കില്‍ വണ്‍-ടൈം പാസ്സ് വേഡ് അല്ലെങ്കില്‍ സമയാധഷ്ഠിത ഒടിപി ഓതന്റിക്കേഷന്‍ എന്നിവ സാധ്യമാകുന്നില്ലെങ്കില്‍ പദ്ധതി പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുള്ള ക്യുആര്‍ കോഡ് വഴി ആധികാരികത ഉറപ്പ് വരുത്തിയേക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

2018-19 ബജറ്റില്‍ പിഎംവിവിഐ നിക്ഷേപ പരിധി ഇരട്ടിയാക്കിയിരുന്നു. ഇപ്പോള്‍ പിഎംവിവിവൈയില്‍ പരമാവധി  15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സ്‌കീമില്‍ നിക്ഷേപം നടത്താനുള്ള അവസാന തീയതി   2020  മാര്‍ച്ച് 31 വരെ  നീട്ടിയിട്ടുണ്ട്.

പിഎംവിവിവൈ പെന്‍ഷന്‍ പദ്ധതിയുടെ സവിശേഷതകള്‍

∙ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 10 വര്‍ഷത്തേക്ക് ഉറപ്പുള്ള പെന്‍ഷന്‍

∙  പദ്ധതിയില്‍ അംഗങ്ങളാകാനുള്ള കുറഞ്ഞ പ്രായ പരിധി 60 വയസ്സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല.

∙ നിക്ഷേപ കാലാവധി 10 വര്‍ഷം

∙  10 വര്‍ഷ കാലയളവില്‍  8%  ശതമാനം പലിശ നിരക്ക്

∙ മാസം കുറഞ്ഞത് 1000 രൂപ മുതല്‍ പരമാവധി  10,000 രൂപ വരെ പെന്‍ഷന്‍

∙ നിക്ഷേപിക്കുന്ന തുക അടിസ്ഥാനമാക്കിയായിരിക്കും ലഭ്യമാകുന്ന പെന്‍ഷന്‍ തുക

∙ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപ

∙ പദ്ധതിയില്‍ 2020 മാര്‍ച്ച് 31 വരെ അംഗമാവാം

∙ പദ്ധതിയില്‍ അംഗമാകുമ്പോള്‍ നിശ്ചിത തുകയുടെ  ഒറ്റത്തവണ നിക്ഷേപമാണ് നടത്തേണ്ടത്

∙ മറ്റ് പെന്‍ഷന്‍ പദ്ധതികള്‍ പോലെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല.

∙ എല്‍ഐസി വഴി ഓണ്‍ലൈനായും അല്ലാതെയും പദ്ധതിയില്‍ അംഗമാകാം.

∙ പെന്‍ഷന്‍ വാങ്ങുന്നതിന് പ്രതി മാസം, ത്രൈ മാസം,  അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ  കാലയളവുകള്‍  ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

∙ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി ലഭിക്കും.

.∙പദ്ധതിയില്‍ അംഗമായി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ വായ്പ ലഭിക്കും.

∙ പിഎംവിവിവൈയിലെ നിക്ഷേപത്തിന് നികുതി ഇളവുകള്‍ ലഭ്യമാകില്ല. പലിശ വരുമാനം നികുതി ബാധകമായിരിക്കും.

∙ പദ്ധതിയ്ക്ക് ജിഎസ്ടി ബാധകമാകില്ല.

∙ കാലാവധി പൂര്‍ത്തിയാകും മുമ്പ് നിക്ഷേപകന്‍  മരിച്ചാല്‍ നിക്ഷേപ തുക പൂര്‍ണമായും ഗുണഭോക്താവിന് തിരികൈ നല്‍കും .

∙ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയും അവസാന പെന്‍ഷന്‍ തുകയും ഒരുമിച്ച് നല്‍കും.

∙ കാലാവധി പൂര്‍ത്തിയാകും മുമ്പ് ചികിത്സാ ആവശ്യങ്ങള്‍ക്കായി പദ്ധതിയില്‍ നിന്നും പിന്മാറാം . നിക്ഷേപത്തുകയുടെ 98 ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com