sections
MORE

മാന്ദ്യം, വിപണി തകർച്ച നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങൾ എങ്ങനെ ഉറപ്പാക്കാം?

HIGHLIGHTS
  • പ്രതിസന്ധിയിൽ മുന്നോട്ടു പോകാൻ ആസൂത്രിതമായി നിക്ഷേപിച്ചാൽ സാധിക്കും
sad-man
SHARE

രാജ്യവും ലോകവും മാന്ദ്യത്തിലേക്ക് എന്ന ആശങ്ക ഒരു വശത്ത്. അതു മൂലം തൊഴിലും വരുമാനവും കുറയുന്നു. ഓഹരി വിപണിയിലാകട്ടെ തുടർച്ചയായ ഇടിവ്, ഇതിനെല്ലാമപ്പുറം തുടർച്ചയായപ്രകൃതി ദുരന്തങ്ങൾ. ഇത്തരം ഒരു സാഹചര്യത്തിൽ സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ എന്തു ചെയ്യണം? എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?

ഭാവി ജീവിതത്തിനായി പ്ലാൻ ചെയ്യുന്നവരും അല്ലാത്തവരും എന്ന് രണ്ടു തരത്തിലുള്ള ആളുകളാണ് പൊതുവെ സമൂഹത്തിൽ ഉള്ളത്. 

സ്വന്തമായി വീടോ കാറോ വാങ്ങൽ, അവധിക്കാലം ചെലവഴിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, മക്കളുടെ വിവാഹം തുടങ്ങി പല ലക്ഷ്യങ്ങളും ഓരോരുത്തർക്കും ഉണ്ട്. ഇവയെല്ലാം കൃത്യമായി ആസൂത്രണം ചെയ്യുകയും പതിവായി സമ്പാദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കൾ എന്നിരിക്കട്ടെ. അത്തരമൊരു വ്യക്തിക്കു തീർച്ചയായും അത്യാവശ്യമുള്ള ഇൻഷുറൻസ് കവറേജുകൾ ഉറപ്പായും ഉണ്ടാകും. 

ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും 

പെട്ടെന്നുള്ള പ്രകൃതിദുരന്തത്തിൽവീട്, കാർ തുടങ്ങിയവ നഷ്ടപ്പെട്ടെന്നു കരുതുക. കാറിനുള്ള നിങ്ങളുടെ സമഗ്ര ഇൻഷുറൻസ് പരിരക്ഷ അതിന്റെ സാമ്പത്തികനഷ്ടം പരിഹരിക്കും. പ്രോപ്പർട്ടി ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ, വീടിന്റെ നഷ്ടം പരിഹരിക്കാം. 

വെള്ളപ്പൊക്കം കാരണം രോഗമോ അപകടമോ സംഭവിച്ചാൽ ആശുപത്രി ബില്ല് അടയ്ക്കാൻ മെഡിക്ലെയിം നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെങ്കിൽ? നിങ്ങൾക്ക് ഈ ഇൻഷുറൻസുകൾ ഉണ്ടാകില്ല. അതിനാൽ നിങ്ങൾ ഭാവിലക്ഷ്യങ്ങൾക്കായി നീക്കി വെച്ചിരിക്കുന്ന, നിക്ഷേപിച്ചിരിക്കുന്ന പണം എടുത്തുപയോഗിക്കേണ്ടിവരും. ഇതു മൂലം രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് ലക്ഷ്യമിട്ട സമയത്ത് നിങ്ങൾക്ക് ആവശ്യമായ തുക ഉണ്ടാകില്ല.

രണ്ട് ഉദ്ദേശിച്ച കാലാവധിക്കു മുൻപേ പിൻവലിച്ചതിനാൽ നിക്ഷേപത്തിൽനിന്നുള്ള നേട്ടം കാര്യമായി കുറയും.

വരുത്തണം പ്ലാനിൽ മാറ്റങ്ങൾ 

നിങ്ങൾ ഫിനാൻഷ്യൽ പ്ലാൻ തയാറാക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന ആളാണെന്നിരിക്കട്ടെ. പെട്ടെന്ന് പ്രകൃതിദുരന്തം മൂലം സ്വത്ത് നഷ്‌ടപ്പെട്ടാൽ നിങ്ങൾക്ക് ഇൻഷുറൻസിൽനിന്നും നഷ്ടത്തിന്റെ ഒരു ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂ. അതിനാൽ പുതിയ പ്രോപ്പർട്ടി വാങ്ങേണ്ടി വരും. അല്ലെങ്കിൽ പഴയത് പുനർനിർമിക്കാൻ കൂടുതൽ പണം വേണ്ടി വരും. സ്വാഭാവികമായും നിങ്ങളുടെ നിക്ഷേപങ്ങൾ ഉപയോഗിക്കേണ്ടിവരാം. അല്ലെങ്കിൽ സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങാൻ വായ്പ എടുക്കേണ്ടിവരും. ഇതൊക്കെ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

അത്തരം ഘട്ടത്തിൽ സാമ്പത്തിക പദ്ധതി പുനരവലോകനം ചെയ്യുകയാണ് ആദ്യം വേണ്ടത്. പ്ലാനിങ്ങുള്ള വ്യക്തിയായതിനാൽ എത്ര വേണം, എപ്പോൾ വേണം എന്നെല്ലാം നിങ്ങൾക്കറിയാം. അതനുസരിച്ച് വരും വർഷങ്ങളിൽ കൂടുതൽ സമ്പാദിക്കാം. അതിനു സാധ്യമല്ലെങ്കിൽ ലക്ഷ്യം ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടിവയ്ക്കാം. ലക്ഷ്യത്തിനായി ഉദ്ദേശിച്ച ചെലവ് കുറയ്ക്കാം. ഈ വ്യത്യസ്ത തന്ത്രങ്ങളിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക. 

നിങ്ങൾക്ക് ഒരു പ്ലാൻ ഉള്ളതിനാൽ സാഹചര്യങ്ങൾ മാറിയാലും അതനുസരിച്ച് പ്ലാനിൽ മാറ്റങ്ങൾ വരുത്താൻ എളുപ്പമാണ്. ഇനി അതിനു സ്വയം സാധിക്കുന്നില്ലെങ്കിൽ ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടാം. 

റിട്ടയർമെന്റ് പ്ലാൻ അനിവാര്യം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നാലും ഇല്ലെങ്കിലും ഓഹരിവിപണി ഉയർന്നാലും താഴ്ന്നാലും വെള്ളപ്പൊക്കം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ശമ്പള വരുമാനക്കാരനാണെങ്കിൽ വിരമിക്കുന്ന ഒരു ദിവസം ഉണ്ടാകും. വ്യാപാരി,വ്യവസായി, കൃഷിക്കാരൻ ഇവരിലാരെങ്കിലുമാണെങ്കിൽ ചെയ്യുന്ന ജോലി നിർത്തുന്ന ഒരു ദിവസം വരും. അതിനുശേഷവും നിങ്ങൾ ജീവിക്കും, അന്നും നിത്യചെലവുകൾ വഹിക്കേണ്ടതുണ്ട്. അതിനുള്ള വരുമാനം ഉണ്ടാവണം. അതിനാൽ, ജോലി ചെയ്യുന്ന സമയത്ത് ചെറിയ തുക സമ്പാദിച്ചാൽ ജോലി അവസാനിപ്പിക്കുന്ന സമയത്ത് അത് വലിയ തുകയായി മാറും. അത് വീണ്ടും നിക്ഷേപിച്ച് നിങ്ങളുടെ ചെലവുകൾ നിറവേറ്റാനുള്ള വരുമാനം നേടാം.

മാന്ദ്യം നിങ്ങളെ എങ്ങനെ ബാധിക്കും? 

നിങ്ങളുടെ നിക്ഷേപങ്ങളെ സാമ്പത്തികമാന്ദ്യം ബാധിക്കുമെന്നതിൽ സംശയം വേണ്ട. നിങ്ങൾ ലക്ഷ്യം വച്ച തുകയേക്കാൾ കുറഞ്ഞ തുകയേ നേടാൻ സാധിക്കൂ. 

പക്ഷേ മാന്ദ്യമുള്ളപ്പോൾ പണപ്പെരുപ്പം കുറയാനാണ് സാധ്യതയെന്നു കൂടി മനസ്സിലാക്കണം. 7 വർഷം മുൻപ് 8% ആയിരുന്നു പ്രതിവർഷം പണപ്പെരുപ്പം. ഇപ്പോൾ ഇത് 4% മാത്രമാണ്. ഇതിനർഥം, 8 വർഷം മുൻപ് പ്ലാൻ ചെയ്തപ്പോൾ വേണ്ടിയിരുന്നതിനേക്കാൾ കുറഞ്ഞ തുക മതി ഇപ്പോൾ ആ ലക്ഷ്യം നേടാനെന്നാണ്. 

എന്നാൽ മാന്ദ്യം മൂലം ജോലി നഷ്ടപ്പെടാം, വ്യാപാരം അല്ലെങ്കിൽ വ്യവസായം പൂട്ടേണ്ടി വരാം, മറ്റു പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് വരുമാനം കുറയ്ക്കുകയും സമ്പാദ്യപദ്ധതികളെ പാളം തെറ്റിക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ നിങ്ങൾ‌ ഉടൻ‌ പ്ലാൻ‌ പുനരവലോകനം ചെയ്യണം. പുതിയ സാഹചര്യമനുസരിച്ച് മാറ്റം വരുത്തണം.

നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ 

1. നിങ്ങളുടെ ജീവൻ, മെഡിക്കൽ ആവശ്യങ്ങൾ, സ്വത്ത് എന്നിവ പരിരക്ഷിക്കാൻ ആവശ്യമായ ഇൻഷുറൻസ് ഉറപ്പാക്കുക. 

2. നിങ്ങളുടെ ലക്ഷ്യ സമയ പരിധികളെയും റിസ്ക് പ്രൊഫൈലിനെയും അടിസ്ഥാനമാക്കി നിക്ഷേപങ്ങൾ ക്രമീകരിക്കുക. 

3. നിർദേശിച്ച നിക്ഷേപ ക്രമീകരണം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ പോർട്ട്ഫോളിയോ വീണ്ടും സമതുലിതമാക്കുക.

4. നിങ്ങളുടെ സമഗ്ര സാമ്പത്തിക ആസൂത്രണം തയാറാക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA