sections
MORE

ഇഎൽഎസ്എസ് നൽകിയത് ശരാശരി 11% നേട്ടം

HIGHLIGHTS
  • ആദായനികുതി ലാഭിച്ചു സമ്പത്തു സൃഷ്ടിക്കാൻ അനുയോജ്യമാണ് ഇഎൽഎസ്എസ്
money grow 1
SHARE

നിക്ഷേപത്തിന്റെ കാര്യത്തിൽ ചെറുകിടക്കാർക്ക് നികുതിലാഭിക്കലും സമ്പത്തു സൃഷ്ടിക്കലുമാണ് പ്രധാന ലക്ഷ്യങ്ങൾ. ഇവ രണ്ടും ഒന്നിച്ചു സാധിക്കാവുന്ന നിക്ഷേപമാർഗമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം അഥവാ ഇഎൽഎസ്എസ് എന്ന മ്യൂച്വൽ ഫണ്ട് പദ്ധതി. നിലവിൽ ഇഎൽഎസ്എസുകളിൽ 93,000 കോടി രൂപയിലധികം നിക്ഷേപമുണ്ട്. കൂടുതൽ നിക്ഷേപമുള്ള ഏറ്റവും വലിയ മൂന്നാമത്തെ മ്യൂച്വൽ ഫണ്ട് വിഭാഗമാണിത്.

80% തുകയും ഓഹരിയിൽ

കുറഞ്ഞത് 80% തുകയും ഓഹരിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് ഇത്. അതുകൊണ്ടുതന്നെ നിക്ഷേപത്തിനു മികച്ച വളർച്ച സാധ്യതയുണ്ട്. ആദായനികുതി നിയമത്തിന്റെ 80 സി വകുപ്പ് അനുസരിച്ച് ഒരു വർഷം ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനു നികുതിയിളവും കിട്ടും. അതിനാൽ നികുതിയിളവിനായി 80 സിയിലെ മറ്റു നിക്ഷേപങ്ങൾ അന്വേഷിക്കേണ്ട ആവശ്യവുമില്ല.

സമ്പത്തു സൃഷ്ടിക്കൽ

ഇഎൽഎസ്എസിന് സമ്പത്തു സൃഷ്ടിക്കുന്നതിൽ തിളങ്ങുന്ന ചരിത്രമാണുള്ളത്. വിദഗ്ധരും പരിചയസമ്പന്നരുമായ പ്രഫഷനലുകൾ, മികച്ച വിപണി ഗവേഷണം നടത്തിയാണ് നിക്ഷേപം നിയന്ത്രിക്കുന്നത്. അതുവഴി ഉയർന്ന ആദായവും ഉറപ്പാക്കാൻ കഴിയുന്നു. മൂന്നു വർഷക്കാലയളവിൽ ഇഎൽഎസ്എസുകൾ 11.3% വാർ‍ഷിക റിട്ടേൺ ലഭ്യമാക്കിയിട്ടുണ്ട്. അതായത്, ഒന്നര ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നു വർഷംകൊണ്ട് ആ തുക ഏതാണ്ട് 2.05 ലക്ഷം രൂപയായി വളരുന്നു.

ദീർഘകാലത്തിൽ, 10 വർഷത്തിനു മുകളിലുള്ള കാലയളവിൽ, ശരാശരി 11% വാർഷിക റിട്ടേണും നൽകിയിട്ടുണ്ട്. 10 വർഷം മുൻപു നിക്ഷേപിച്ച 1.5 ലക്ഷം രൂപ ഇപ്പോൾ നാലു ലക്ഷം രൂപയ്ക്കു മുകളിലായിട്ടുണ്ടാകും. പിപിഎഫ്, സ്ഥിരനിക്ഷേപം, ലൈഫ് പോളിസി തുടങ്ങി നികുതിയിളവുള്ള മറ്റേതു പദ്ധതിയെക്കാളും മികച്ച റിട്ടേൺ ആണിതെന്നു നിസംശയം പറയാം.

കുറഞ്ഞ ലോക്ക് ഇൻ പീരിയഡ്

നികുതിയിളവുള്ള നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ആണ് ഇഎൽഎസ്എസിനുള്ളത്. ഇതുവഴി നികുതിയിളവു നേടുന്ന ആൾ മൂന്നു വർഷമാണ് നിക്ഷേപം തുടരേണ്ടത്. നിക്ഷേപിച്ചാൽ കാത്തിരിക്കാൻ ക്ഷമമയില്ലാത്തവരെ സംബന്ധിച്ച് നിക്ഷേപം തുടരുവാൻ ഈ ലോക്ക് ഇൻ പീരിയഡ് സഹായിക്കുന്നു.

തുക പിൻവലിക്കുവാനുള്ള ശ്രമത്തെ ലോക്ക് ഇൻ പീരിയഡ് ഓട്ടമാറ്റിക്കായി തടയും. അതിനാൽ നികുതി ലാഭം നേടാനും സമ്പത്തു വളർത്താനും ഇഎൽഎസ്എസ് നിക്ഷേപം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സൗകര്യമനുസരിച്ച് ഒന്നായോ തവണകളായോ നിക്ഷേപം
നടത്താം.

എസ്ഐപി മികച്ച മാർഗം

ഓരോ മാസവും എസ്ഐപി വഴി നിശ്ചിത തുക ഓട്ടമാറ്റിക്കായി നിക്ഷേപിക്കാം. നിങ്ങളുടെ ബാങ്കിൽ ഇതിനുള്ള നിർദേശം നൽകിയാൽ മതി. ഇഎൽഎസ്എസിൽ എസ്ഐപി തുടങ്ങിയശേഷം മറന്നേക്കുക. നികുതിലാഭവും നിക്ഷേപവും ഓട്ടമാറ്റിക്കായി മാസംതോറും നടന്നുകൊണ്ടിരിക്കും.

ഒരു വർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കണമെങ്കിൽ മാസം 12,500 രൂപ വീതം മികച്ചൊരു ഇഎൽഎസ്എസിൽ എസ്‍ഐപി ചേരുക. എല്ലാ ഇടപാടുകളും ഓട്ടമാറ്റിക്കായി ചെയ്യാം. നിക്ഷേപരേഖകൾ എച്ച്ആർ ഡിപ്പാർട്മെന്റിൽ നൽകി നികുതിയിളവ് ക്ലെയിം ചെയ്യാം.

നിക്ഷേപിക്കാതെ നികുതിയിളവു നേടാം

ഇഎൽഎസ്എസുകൾ നിക്ഷേപത്തിന് ഒരു ‘ചാക്രിക ഫലം’ (വീൽ ഇഫക്ട്) നൽകുന്നു. നിക്ഷേപം മൂന്നു വർഷം തുടരാൻ ലോക്ക് ഇൻ പീരിയഡ് സഹായിക്കുന്നു. മൂന്നു വർഷം പൂർത്തിയായാൽ വീണ്ടും എടുത്ത് അതിൽത്തന്നെ നിക്ഷേപിക്കാം. ഇതുവഴി അധികതുക വീണ്ടും കണ്ടെത്താതെ തന്നെ വീണ്ടും നികുതി ലാഭിക്കാൻ അവസരം കിട്ടുന്നു.

ഈ നിക്ഷേപത്തിൽനിന്നുള്ള ആദായത്തിനു ഭാഗികമായി നികുതി നൽകിയാൽ മതി. ഒരു ലക്ഷം രൂപ വരെയുള്ള ദീർഘകാല മൂലധന വളർച്ചയ്ക്ക് നികുതി നൽകേണ്ടതില്ല

19.6% വാർഷിക റിട്ടേൺ

ഐസിഐസിഐ പ്രൂഡൻഷ്യൽ ലോങ് ടേം ഇക്വിറ്റി ഫണ്ട് മികച്ച നിക്ഷേപ അനുഭവം നൽകുന്ന നല്ലൊരു ഇഎൽഎസ്എസ് ആണ്. വളർച്ചയിൽ ഊന്നിയുള്ള മൾട്ടിക്യാപ് നിക്ഷേപതന്ത്രമാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. പ്രവർത്തനം തുടങ്ങിയതു മുതൽ ബഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 500–നെക്കാൾ 5.8 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുമുണ്ട്.

ഈ കാലയളവിൽ 19.6% വാർഷിക റിട്ടേണും നൽകിയിട്ടുണ്ട്. അതായത്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലോങ് ടേം ഇക്വിറ്റി ഫണ്ട് ആരംഭിച്ച സമയത്ത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് ഇപ്പോൾ 36 ലക്ഷം രൂപയിലധികമാകുമായിരുന്നു. അതായത്, 20 വർഷം കൊണ്ട് 36 ഇരട്ടിയായി നിക്ഷേപം വളരുവാൻ ഇവിടെ സാഹചര്യമുണ്ട്.

സ്വതന്ത്ര ധനകാര്യ ഉപദേശകൻ ആണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA