sections
MORE

ഭവന വായ്പ തിരിച്ചടവ് തുടര്‍ച്ചയായി മുടങ്ങിയാല്‍ എന്താണ് വഴി?

HIGHLIGHTS
  • ഒരുവട്ടം ഇ എം ഐ മുടങ്ങുന്നതു പോലും ഗൗരവമായി കാണണം
dream home
SHARE

ഒഴിവാക്കാനാവില്ലെങ്കിലും ഭവന വായ്പകള്‍ പതിറ്റാണ്ടുകള്‍ നീളുന്ന ബാധ്യതയാണ്. ഒരാളുടെ,ശരാശരി മനുഷ്യരുടെ ജീവിതത്തിലെ ഉത്പാദന ക്ഷമമായ ദീര്‍ഘകാലഘട്ടം പലപ്പോഴും ഭവനവായ്പയാല്‍ ചgറ്റപ്പെട്ടു കിടക്കും. ഇതിനിടയിലാണ് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യത്തിനായി എടുക്കുന്ന മറ്റു വായ്പകള്‍. ഉദാഹരണത്തിന് കാര്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയവ. ഇവയെല്ലാം തിരിച്ചടയ്ക്കുക എന്നതാണ് ഒരു ശരാശരി മനുഷ്യന്റെ അവതാരോദേശ്യം തന്നെ. വായ്പാബാധ്യതകള്‍ തീരുന്നതോടെ ജീവിത സായാഹ്നവും എത്തും. ഇങ്ങനെ വായ്പകള്‍ അനവധിയാകുമ്പോള്‍ ഇ എം ഐ മുടങ്ങാനുള്ള സാധ്യതയും ഏറെയാണ്. തിരിച്ചടവ് മൂന്ന് മാസം മുടങ്ങിയാല്‍ പിന്നെ അത് നിഷ്‌ക്രിയ ആസ്തിയായി. പിന്നെ വായ്പ അനുവദിച്ച ഭവനത്തിന്റെ ഉടമകളായ  ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസായി ജപ്തിയായി നടപടികളായി.

അടിയന്തര ഫണ്ട്

ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ തീരുമാനമെടുത്തില്ലെങ്കില്‍ കിടപ്പാടം പോകുമെന്ന് മാത്രമല്ല അതുവരെ ഉണ്ടാക്കിയ ആത്മാഭിമാനം അടക്കമുള്ള സമ്പാദ്യവും നഷ്ടപ്പെടും. ഈ സാഹചര്യം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

സാധാരണ നിലയില്‍ അടിയന്തര കാര്യങ്ങള്‍ക്കായി ഒരു ഫണ്ട് കണ്ടുവയ്ക്കാറുണ്ട്. തൊഴില്‍ നഷ്ടം, രോഗം, അപകടം എന്നിങ്ങനെ അപ്രതീക്ഷിതമായി ജിവിതത്തില്‍ കടന്നുവരുന്ന ദുര്‍ദശകളെ കൈകാര്യം ചെയ്യാനാണിത്. ഇല്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. സ്വര്‍ണാഭരണങ്ങളോ, സ്ഥിര നിക്ഷേപങ്ങളോ പോലെയുള്ള പെട്ടെന്ന് പണമാക്കി മാറ്റാവുന്നവയായിരിക്കണം ഇവ. കഴിയുന്നതും എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടൂംബ ചെലവിനുള്ള തുക പ്രയാസമില്ലാതെ കണ്ടെത്താനാവണം. അങ്ങനെ വന്നാല്‍ വരുമാനത്തില്‍ താത്കാലികമായി ചെറിയ കുറവ് വന്നാലും ഇ എം ഐ മുടക്കാതെ രക്ഷപ്പെടാം.

ഉത്പാദന ക്ഷമമല്ലാത്ത ആസ്തി

ഇതിലും പരിഹരിക്കാനാവാത്തതാണ് പ്രശ്‌നമെങ്കില്‍ അടുത്ത നടപടിയ്ക്ക് അമാന്തം അരുത്. പെട്ടെന്ന് പണമാക്കി മാറ്റാന്‍ പറ്റുന്ന വാഹനം,വിലകൂടിയ യന്ത്രങ്ങള്‍, പ്രോപ്പര്‍ട്ടി/വീട്/ഉത്പാദനക്ഷമമല്ലാത്ത് തറവാട് സ്ഥലം ഇവയുണ്ടെങ്കില്‍, താത്കാലികമാണ് പ്രതിസന്ധി എന്നുറപ്പുണ്ടെങ്കില്‍ പണയപ്പെടുത്തിയോ അല്ലെങ്കില്‍ കൈമാറ്റം ചെയ്‌തോ പണക്ഷാമം പരിഹരിക്കുക. ഓര്‍ക്കുക, പിന്നീട് പണം കൈവശം വന്നാല്‍ നഷ്ടപ്പെട്ടത് നേടാവുന്നതേയുള്ളു. വില്‍ക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ ഉത്പാദന ക്ഷമതയും ഭാവിയിലെ നേട്ടം കുറഞ്ഞതുമായ വസ്തക്കള്‍ തിരഞ്ഞെടുക്കുക.

ഇന്‍ഷൂറന്‍സ് പരിരക്ഷ

വായ്പകള്‍ എപ്പോഴും ഇന്‍ഷൂറന്‍സ് പരിരക്ഷയാല്‍ സുരക്ഷിതമാക്കുക. സാധാരണ നിലയില്‍ വീട്ടു വായ്പയോടൊപ്പം തന്നെ ഇതും ലഭിക്കുന്നതാണ്. വീണ്ടുംപ്രതിസന്ധി അലട്ടുന്നുവെങ്കില്‍ വീട്ടിലെ സ്വര്‍ണം വിറ്റ് പരിഹരിക്കാന്‍ ശ്രമിക്കാം. പി എഫ് അടക്കമുള്ള നിക്ഷേപങ്ങളും പരിഗണിക്കണം.

സ്ഥാപനവുമായി ബന്ധപ്പെടണം

എന്നിട്ടും തീരുന്നില്ല പ്രശ്‌നമെങ്കില്‍  ബാങ്കുകളുമായി സംസാരിക്കുക. നിലവിലെ പ്രശ്‌നത്തിലേക്ക് എത്തിച്ച സാഹചര്യം- തൊഴില്‍ നഷ്ടം, രോഗം,മറ്റ് അപ്രതീക്ഷിത സംഭവങ്ങള്‍- ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ധരിപ്പിക്കുക. ഉദ്യോഗസ്ഥന്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗം നിര്‍ദ്ദേശിക്കും. കൂടുതല്‍ വിശ്വസ്തരായവരോട് ഇത് പങ്ക് വച്ച് യുക്തമായ തീരുമാനം വേഗത്തിലെടുക്കുക. പ്രൊഫഷണൽ സേവനം തേടാൻ കഴിയുമെങ്കിൽ നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാനർക്ക് വായ്പ പുനക്രമീകരിക്കുന്നതിലും മറ്റും നിങ്ങളെ സഹായിക്കാനാകും. പലപ്പോഴും വീട്/ ഫ്‌ളാറ്റ് അടക്കമുള്ളവ ജപ്തി നടപടികളിലേക്ക് നീങ്ങുന്നത് യുക്തമായ തീരുമാനം വേഗത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കാത്തതിനാലാണ്. അതുകൊണ്ട് ഒരു ക്രെഡിറ്റ് സ്‌കോര്‍ അടക്കമുളള കാര്യങ്ങള്‍ പരിഗണിച്ച് ഒരുവട്ടം ഇ എം ഐ മുടങ്ങുന്നതു പോലും ഗൗരവമായി തന്നെ കാണണം. കാരണം അടുത്ത ഇ എം ഐ ഇരട്ടി തുകയായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA