ADVERTISEMENT

ആധാറുമായി പാന്‍ കാര്‍ഡിനെ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇതുവരെ ഏട്ടു തവണ നീട്ടിയിട്ടുണ്ട്. ഒടുവില്‍ 2020 മാര്‍ച്ച് 31 എന്ന അന്തിമ തീയതി ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചു. ഈ തീയതി കഴിഞ്ഞാല്‍ ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് അസാധുവാകുമെന്ന മുന്നറിയിപ്പും നല്‍കി. എന്നാല്‍ ആധാര്‍ നിയമത്തിന്റെ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് തീര്‍പ്പായിട്ട് മതി ലിങ്കിംഗ് സംബന്ധിച്ച അന്തിമ തീരുമാനമെന്നാണ് ഗുജറാത്ത്  ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇതോടെ മാര്‍ച്ച് 31 ന് ശേഷം ആധാറുമായി ബന്ധിപ്പക്കപ്പെടാത്ത പാന്‍ കാര്‍ഡുകള്‍ അസാധു ആകുമെന്ന മുന്നറിയിപ്പ് ഇനി നടപ്പാക്കാനാവില്ല.  സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന, ആധാര്‍ ആക്ടിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസില്‍ തീരുമാനമാകട്ടെ എന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. ആധാര്‍ നിയമം പണബില്‍ ആയി ലോക്‌സഭയില്‍ അവതരിപ്പിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന കേസാണ് സുപ്രീം കോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുന്നത്. ഭൂരിപക്ഷമില്ലാത്ത രാജ്യസഭ കടക്കാന്‍ മണിബില്ലായി ഇത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കി എന്നാണ് കേസ്. ആധാര്‍ നിയമത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ട കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം അന്ത്യശാസനങ്ങള്‍ നല്‍കാന്‍ പാടില്ലെന്നാണ് ബന്ദിഷ് സൗരഭ് സൊപാര്‍ക്കര്‍ vs യൂണിയന്‍ ഓഫ് ഇന്ത്യ 2020 കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്.

എന്താണ് മണി ബില്‍?

നികുതി, സര്‍ക്കാര്‍ ചെലവ് പോലുള്ള സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം മണി ബില്‍ എന്ന് ഭരണഘടന വ്യക്തമാക്കുന്നു. ഒരു ബില്ല് മണിബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്‌സഭാ സ്പീക്കറാണ്. ആധാര്‍ ബില്ലില്‍ മണിബില്ലിന്റെ ചട്ടങ്ങള്‍ ബാധകമായിരുന്നില്ല എന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിക്കുന്നത്.

ഭൂരിപക്ഷം വേണ്ട

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഒന്നാം മോദി സര്‍ക്കാര്‍ ആധാര്‍ ബില്ല് മണിബില്ലാക്കി അവതരിപ്പിച്ച് നിയമമാക്കിയെന്ന കേസാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത്. മണിബില്ലാക്കി ലോക്‌സഭയില്‍ അവതരിപ്പിച്ച് ബില്ല് പാസാകാന്‍ രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. ലോക്‌സഭ പാസാക്കി രാജ്യസഭയുടെ പരിഗണനയ്ക്കയച്ചാല്‍ 14 ദിവസത്തിനകം ഭേദഗതികളോടെയോ അല്ലാതെയോ മണിബില്‍ തിരിച്ചയച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇനി തിരിച്ചയച്ചില്ലെങ്കിലും ബില്ല് നിയമമാകും. രാജ്യസഭയുടെ ശുപാര്‍ശകള്‍ തള്ളുകയോ കൊള്ളുകയോ ആകാം. ഈ ചട്ടം ദൂരുപയോഗിച്ചാണ് ആധാര്‍ നിയമമുണ്ടാക്കിയതെന്നാണ് വാദം.

ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനനതീയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com