sections
MORE

ജനങ്ങളുടെ തട്ടില്‍ വയ്ക്കാന്‍ ധനമന്ത്രിയുടെ 'തുലാസില്‍' എന്തുണ്ട്?

HIGHLIGHTS
  • ജനങ്ങളുടെ കൈയ്യില്‍ പണം വേണം
budget
SHAREഡിമാന്റും സപ്ലൈയും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്ന രണ്ട് പ്രധാന ചക്രങ്ങളാണ്. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളായ ഇവ രണ്ടും സംതുലിതമായി നീങ്ങേണ്ടത് അനിവാര്യവുമാണ്. സാധനങ്ങളും സേവനങ്ങളും ഉദ്പാദിപ്പിച്ചതുകൊണ്ടോ വിഘ്‌നമേതുമില്ലാതെ അവ വിതരണത്തിന് തയ്യാറാക്കിയതു കൊണ്ടോ മാത്രം കാര്യമില്ല. ഉത്പദാനത്തിനനുസരിച്ച് ആവശ്യക്കാര്‍ എത്തേണ്ടതുമുണ്ട്. അഥവാ ഡിമാന്റ് ഉയരേണ്ടതുണ്ട്. അതിന് ജനങ്ങളുടെ കൈയ്യില്‍ പണമെത്തണം. ഉത്പാദിപ്പക്കപ്പെടുന്ന സാധനസേവനങ്ങള്‍ക്ക് ആവശ്യക്കാരില്ലെന്നുള്ളതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യമില്ലാത്തതല്ല അതിന് കാരണം. പണമില്ലാത്തതിനാല്‍ ആവശ്യങ്ങള്‍ നീട്ടി വയ്ക്കുകയും അത്യാവശ്യങ്ങള്‍ മാത്രം നിറവേറ്റുകയും ചെയ്യുകയാണ് എന്ന് സാരം. അത്യാവശ്യങ്ങളുടെ പരിധി ലംഘിച്ച് ആവശ്യങ്ങളിലേക്ക് ജനം ഇറങ്ങി വരുമ്പോഴാണ് സമ്പദ് വ്യവസ്ഥ അതിന്റെ സ്വാഭാവികചലനം വീണ്ടെടുക്കുന്നത്.  കെട്ടികിടക്കുന്ന തോടിനെ മാലിന്യം നീക്കി ചാലകമാക്കുന്നതു പോലെയാണിത്.

പണം താന്‍ മുഖ്യം

സാധനങ്ങള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നതാണ് പ്രധാന പ്രശ്‌നം. വാഹനങ്ങള്‍ ധാരളം പുറത്തിറങ്ങുന്നുണ്ട്. വാങ്ങാനാളില്ല. കെട്ടിപ്പൊക്കിയിരിക്കുന്ന ഭവന സമുച്ചയങ്ങള്‍ ലക്ഷക്കണക്കിനാണ്. ഇവയാര്‍ക്കും വേണ്ട. എഫ് എം സി ജി ഉത്പന്നങ്ങളുടെ കാര്യത്തിലായാലും സേവനമേഖലയിലായാലും സ്ഥിതി ഇതു തന്നെയാണ്. ഇത് മാറണം അതിന് ജനങ്ങളുടെ കൈയ്യില്‍ പണം വേണം. അതായത് നിലവില്‍ സപ്ലൈ സൈഡിനല്ല ഡിമാന്റ് തട്ടിനാണ് തൂക്കം കൂടേണ്ടത്. കഴിഞ്ഞ ബജറ്റിന് ശേഷം പലപല ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതെല്ലാം ഉത്പാദനമേഖലയ്ക്ക് അഥവാ സപ്ലൈ സൈഡിന് വേണ്ടിയുള്ളതായിരുന്നു. ലക്ഷക്കണക്കിന് കോടി രൂപയാണ് ഇങ്ങനെ പാക്കേജായി നല്‍കിയത്. കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയത് രാജ്യത്തെ വ്യാവസായിക സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു അപ്പോഴെല്ലാം ഡിമാന്റ് സൈഡ് അവഗണിക്കപ്പെ്ട്ടു. ഡിമാന്റ് സൈഡില്‍ കടുത്ത പണച്ചുരുക്കമനുഭവിക്കുന്നതിനാല്‍ സപ്ലൈ സൈഡില്‍ പമ്പ് ചെയ്ത പണത്തിന്റെ ഗുണമൊട്ട് കിട്ടിയിതുമില്ല എന്ന് പിന്നീട് വന്ന കണക്കുകള്‍ തെളിയിക്കുന്നു.  അതുകൊണ്ട്  ഡിമാന്റ് തട്ടില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നല്‍കികൊണ്ടുള്ള സാമ്പത്തിക സംതുലനത്തിനാവും ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലൂടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമിക്കുക, ധനക്കമ്മിയുടെ ബാധ്യതയുണ്ടെങ്കില്‍ പോലും.

ജീവവായു തേടുന്നവ

അടുത്ത കാലത്തൊന്നും ഒരു ബജറ്റിന് ഇത്രയേറെ പ്രാധാന്യം കൈവന്നിട്ടില്ല. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല ഇതിന് പിന്നില്‍. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ദരിദ്ര-കാര്‍ഷിക-ഗ്രാമീണ മേഖലകളെല്ലാം കടുത്ത പണഞെരുക്കത്തി്‌ന്റെ പിടിയിലാണ്. വരുമാനം നിലച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവാസായങ്ങള്‍ ലക്ഷക്കണക്കിനാണ്. ഐ സി യു വിലായ ഇതില്‍ ഭൂരിപക്ഷവും ബജറ്റിലൂടെ ജീവവായു തേടുന്നു. ജനങ്ങളുടെ കൈയ്യില്‍,പ്രത്യേകിച്ച് ഇടത്തരക്കാരുടെ കൈയ്യില്‍ പണമെത്തുക എന്നുള്ളതാണ് ഇവിടെ പ്രധാനം.

 
കുറയുന്ന സമ്പാദ്യനിരക്ക്


2019 ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് രാജ്യത്തെ സമ്പാദ്യ നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ കുത്തനെ ഇടിഞ്ഞു. ഇത് ഭാവിയിലെ വ്യാവസായിക അടിസ്ഥാന ആവശ്യങ്ങളെ പ്രതികൂലമായി ബാധിക്കും. 2011-12 ല്‍ ജി ഡി പിയുടെ 23.6 ശതമാനമായിരുന്നു സമ്പാദ്യ നിരക്കെങ്കില്‍ 2017-18 ൽ ഇത് 17.2 ആയി കുറഞ്ഞു. അതുകൊണ്ട് കുടുബങ്ങളിലേക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ എത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആദായനികുതി സ്ലാബ് അടക്കമുള്ളവ പരിഷ്‌കരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദായ നികുതി സ്ലാബ്

ഇടത്തട്ടുകാരുടെ കൈയ്യിലെ ഡിസ്‌പോസിബിള്‍ ഇന്‍കം കൂട്ടുക മാത്രമല്ല ഈ ബജറ്റില്‍ ആദായ നികുതി ഇളവുണ്ടാകുമെന്ന് കരുതുന്നതിനുള്ള ന്യായം. നികുതി പരിഷ്‌കരണത്തിനായി രൂപീകരിച്ച ദ്രുതകര്‍മ്മ സേന ആദായനികുതി സ്‌ളാബുകളില്‍ സമഗ്രമായ മാറ്റം വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പാണ് ആദായ നികുതിയില്‍ സര്‍ക്കാര്‍ കാര്യമായ മാറ്റം കൊണ്ടുവന്നത്. ആദ്യ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന രണ്ട് ലക്ഷം എന്ന പരിധിയില്‍ 50,000 രൂപ കൂട്ടിച്ചേര്‍ക്കുക മാത്രമാണ് അന്ന് 2014-ല്‍ ചെയ്തത്. ആ മാറ്റം വരുത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു.

നിലവില്‍ 2.5 ലക്ഷം വരെ നികുതി ഇല്ല. 2.5-5 ലക്ഷം വരെ അഞ്ച് ശതമാനം, 5-10 ലക്ഷം വരെ 20 ശതമാനം 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നികുതി. ഇതില്‍ പരിഷ്‌കരണം ഉണ്ടായേക്കും. അനുമാനങ്ങള്‍ പലതാണ്.  2.5 മുതല്‍ 10 ലക്ഷം വരെ 10 ശതമാനമാനത്തിന്റ സ്‌ളാബ് ആക്കി മാറ്റിയേക്കുമെന്നാണ് ഒരനുമാനം. 10-20 ലക്ഷം  വരെ 20 ശതമാനവും 20 ലക്ഷം മുതല്‍ രണ്ട് കോടി വരെ 30 ശതമാനവുമായിരിക്കും നികുതി ചുമത്താനിടയുള്ളത്. അഞ്ച് ലക്ഷം രൂപ വരെയുളള ആദായത്തിന് പൂര്‍ണ റിബേറ്റും അനുവദിക്കപ്പെട്ടേയ്ക്കാം.

80 സി യില്‍ വര്‍ധന ഒരു ലക്ഷം

നിക്ഷേപവും സമ്പാദ്യവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഹൗസിംഗ് മേഖലയടക്കമുള്ള നിര്‍മാണ രംഗം, ഇന്‍ഷൂറന്‍സ് തുടങ്ങിയവ. നിലവില്‍ ആദായ നികുതി വകുപ്പിന്റെ ചട്ടം 80-സി അനുസരിച്ച് സ്ഥിരനിക്ഷേപം, പിപിഎഫ്, ഭവനവായ്പ തിരിച്ചടവിന്റെ പ്രിന്‍സിപ്പല്‍ തുക, സ്‌കൂള്‍ ഫീസ് ഇന്‍ഷൂറന്‍സ് തുടങ്ങിയവയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതി പരിധി 150,000 രൂപ വരെയാണ്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചതാണിത് ഒരു ലക്ഷത്തില്‍ നിന്നാണ് ഇത് 1.5 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇതിലും തൊട്ടിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ന്യായമായിട്ടും ഈ പരിധിയില്‍ വര്‍ധന പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം രൂപ വരെ വര്‍ധനയാണ് 80 സി യില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ചികിത്സാ ചെലവുകള്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി കുത്തനെ ഉയര്‍ന്നതോടെ ഇതിന് കൊടുക്കുന്ന ആദായ നികുതി ഒഴിവു പരിധി നിലവിലെ 25,000 ല്‍ നിന്നും 40,000 വരെയാക്കിയേക്കുമെന്നും സൂചനകളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA