ADVERTISEMENT

ഒരു വിധത്തിലുള്ള കിഴിവുകളും സ്വീകരിക്കാത്ത 15,00,000 രൂപ ശമ്പളവരുമാനമുള്ള ആള്‍ പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയാല്‍ 78,000 ആദായം കിട്ടുമെന്ന് ധനമന്ത്ര നിര്‍മ്മല സീതാരാമന്‍ പറയുമ്പോള്‍ ഒറ്റയടിക്ക് അത് വലിയ നേട്ടമാണെന്ന് തോന്നാം. ഇത്രയും വരുമാനമുള്ള വ്യക്തി കിഴിവുകളൊന്നും സ്വീകരിക്കാതെ നിലവിലുളള ഓപ്ഷന്‍ സ്വീകരിക്കുന്നുവെങ്കില്‍ നികുതി 273,000 രൂപയായിരിക്കും. ഒരു നിക്ഷേപവും നടത്താതെ പുതിയ രീതി സ്വീകരിച്ചാല്‍ 195,000 രൂപ നികുതി നല്‍കിയാല്‍ മതി. ഇങ്ങനെയാണ്  ഒന്നിലും നിക്ഷേപിക്കാതിരിക്കുന്നതാണ് ആദായകരം എന്ന് കണക്കുകള്‍ ഉദ്ധരിച്ച് ധനമന്ത്രി സ്ഥാപിക്കുന്നത്. ഇതിലൂടെ രണ്ടു കാര്യങ്ങള്‍ ധനമന്ത്രി പറയുന്നു. 

നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതില്ല

നികുതി ഇളവിന് വേണ്ടി  നിക്ഷേപം നടത്തേണ്ടതില്ല. അതിലും ആദായകരമാണ് ഒന്നിലും നിക്ഷേപിക്കാതിരിക്കുന്നത്.  അത് ഭവനവായ്പയാണെങ്കിലും എല്‍ ഐ സി,മ്യൂച്ചല്‍ ഫണ്ട് പോലുള്ള നിക്ഷേപങ്ങളാണെങ്കിലും.  പുതിയ ആദായ നികുതി ഘടനവഴി 40,000 കോടി രുപ ശമ്പളക്കാര്‍ക്ക് ലാഭിക്കാമെന്നും അത് വിപണിയിലിറക്കി സമ്പദ് വ്യവസ്ഥയെ ചാലകമാക്കാമെന്നുമാണ് ധനമന്ത്രി അടിവരയിടുന്നത്. എന്നാല്‍ നികുതി ദായകന് വലിയ ആശയകുഴപ്പമുണ്ടാക്കുന്നുവെന്നത് മാത്രമല്ല ഇതിന്റെ പ്രശ്‌നം വീട്, എല്‍ ഐ സി, മ്യുച്ചല്‍ ഫണ്ടുകള്‍ പോലുള്ള ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് ശമ്പള വരുമാനക്കാരെ അകറ്റി നിര്‍ത്താന്‍ ഈ പരിഷ്‌കരണം കാരണമാകും എന്നതും കൂടിയാണ്. പുതുതായ സര്‍വ്വീസിലെത്തുന്നവരെ നിക്ഷേപ സംസ്‌കാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇത് ഇടയാക്കും. കടുത്ത പ്രതിസന്ധി നേരിടുന്ന സാമ്പത്തിക രംഗത്ത്് നിലവിലുള്ള നിക്ഷേപ സാധ്യതകൂടി അടച്ചുകളയുകയാണ് ധനമന്ത്രി. നികുതി ദായകര്‍ക്ക്് കാര്യമായ ആദായം കിട്ടില്ലെന്നതിനേക്കാള്‍ ഗുരുതരമാണ് രണ്ടാമത്തെ പ്രശ്‌നം.

 എല്‍ ഐ സി,മ്യൂച്ചല്‍ ഫണ്ടില്‍ ആര് നിക്ഷേപിക്കും?

ഭവന വായ്പ പോലുള്ള നിക്ഷേപങ്ങളും എല്‍ ഐ സി, പി എഫ്, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളും അതത് മേഖലകള്‍ക്ക് ഉത്തേജനം പകരാനും ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്് പണം കണ്ടെത്താനും കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഒപ്പം സമ്പാദ്യ ശീലം പ്രോത്സാഹിപ്പിച്ച് വ്യക്തിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പു വരുത്താനും ഇതിലൂടെ സ്ഥിരവരുമാനക്കാര്‍ക്ക് കഴിയുന്നു. ഹൗസിംഗ്, ബാങ്കിംഗ് മേഖലയും അനുബന്ധ രംഗങ്ങളെല്ലാം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് നിലവില്‍ പര്‍ച്ചേസിംഗ് പവര്‍ കുറച്ചെങ്കിലുമുള്ള ശമ്പളക്കാരോട് അതിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി പറയാതെ പറയുന്നത്. ഇത് ഈ മേഖലകളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

വാര്‍ഷിക നിക്ഷേപം 3.75 ലക്ഷം വരെ

നിലവില്‍ ഭവനവായ്പ പലിശ രണ്ട് ലക്ഷം രൂപ വരെയും  വായ്പയുടെ പ്രിന്‍സിപ്പല്‍ തുക, മ്യൂച്ചല്‍ ഫണ്ട്, ട്യൂഷന്‍ ഫീസ്, പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷൂറന്‍സ് പോളിസി, വാടക, അവധിക്കാല യാത്ര എന്നിങ്ങനെ 1.5 ലക്ഷം രുപ വരെയും ആദായ നികുതി ഇളവ് ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ 3.75 ലക്ഷം രൂപ വരെ നികുതി ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപങ്ങളാണ്. ഇത്രയും തുക വര്‍ഷം ഒരു ശരാശരി നികുതി ദായകന്‍ നിക്ഷേപമായി സമ്പദ് വ്യവസ്ഥയിലിറക്കും. ഇതില്‍ നല്ലൊരു ശതമാനവും നികുതി ലാഭിക്കാന്‍ വേണ്ടിയുള്ളതുമാണ്. 2017-18 ലെ കണക്കനുസരിച്ച് 2.5 കോടി ശമ്പളവരുമാനക്കാരായ നികുതി ദായകരുണ്ട്. ശമ്പളേതര വരുമാനക്കാരുടെ എണ്ണവും അത്ര തന്നെ വരും. വര്‍ഷാ വര്‍ഷം ഇവര്‍ സമ്പദ് വ്യവസ്ഥയില്‍  നടത്തുന്ന നിക്ഷപം ചെറുതല്ല. ഇത് സമസ്തമേഖലയുടെയും വികസനത്തിന് പര്യാപ്തമാകുകയും ചെയ്യുന്നു. ഇവിടെയാണ് ധനമന്ത്രി ഇത്തരം നൂലാമാലകളൊന്നുമില്ലാത്ത നികുതി സമ്പ്രദായം അവതരിപ്പക്കുന്നത്.  ഇവരുടെ ശരാശരി വാര്‍ഷിക വരുമാനമാകട്ടെ 5.76 ലക്ഷത്തിനും 6.84 ലക്ഷത്തിനും ഇടയ്ക്കാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടാക്‌സ് സേവിംഗ് നിക്ഷേപം നടത്തിയിട്ടുള്ളവരാണിവര്‍. അതുകൊണ്ട് ഇവര്‍ക്ക് പുതിയ രീതിയിലേക്ക് മാറുന്നത് പ്രയോജനകരവും ആയിരിക്കില്ല. അതുകൊണ്ട് നിലവിലുള്ള നികുതി ദായകര്‍ കൂട്ടത്തോടെ പുതിയ ആദായ നികുതി രീതി സ്വീകരിക്കുമെന്ന് കരുതാന്‍ വയ്യ. എങ്കിലും പുതുതായി സര്‍വ്വീസില്‍ വരുന്നവര്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നുറപ്പാണ്.

നികുതി ദായകരെ അലസന്മാരാക്കും

താരതമ്യേന തുടക്കക്കാരും ഡിഡക്ഷന്‍ കാര്യമായി ഇല്ലാത്തവരും അലസന്‍മാരുമായ നികുതി ദായകര്‍ ഇനിയൊരു നിക്ഷേപത്തിന്റെ പിരിമുറുക്കത്തിലേക്ക്് നീങ്ങാതെ പുതിയ നികുതി ഘടന തിരഞ്ഞെടുത്തേക്കും. പുതുതായി സര്‍വ്വീസില്‍ വരുന്നവരെ ഇത് നിക്ഷേപ സംസ്‌കാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും. വരുമാനം 12.5 ലക്ഷത്തിലെത്തുമ്പോള്‍ പഴയതും പുതിയതുമായ സമ്പ്രദായങ്ങള്‍ക്ക് നല്‍കേണ്ട നികുതി ഏതാണ്ട് തുല്യമാവും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ 12.5 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക ശമ്പളമുള്ളയാളും നിക്ഷപകാര്യത്തില്‍ അലസത കാണിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com