sections
MORE

ബജറ്റ് 2020- വായ്പകളിലൂടെ കുടുംബത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമോ?

home-loan
SHARE

2020 കേന്ദ്ര ബജറ്റില്‍ രാജ്യത്തെ കുടുംബങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് 16 ഓളം കര്‍മ്മ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയെ ബലപ്പെടുത്തുന്നതിനുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും നടപ്പാക്കല്‍, സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം, ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍, ശീതികരിച്ച ട്രെയിനുകള്‍, പാലുത്പാദനത്തിനും മത്സ്യ സമ്പത്ത് മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ എന്നിങ്ങനെ നീളുന്നു അവ. കര്‍ഷകര്‍ക്കും ചെറുകിട സൂക്ഷ്മ സംരംഭകര്‍ക്കും ബജറ്റില്‍ മുന്നോട്ട് വയ്ക്കുന്ന പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് വായ്പ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില പ്രധാനപ്പെട്ട നടപടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

കാര്‍ഷിക വായ്പ സുഗമമാക്കുന്നതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ മെച്ചപ്പെടുത്തും. കാര്‍ഷിക മേഖലയില്‍ ആവര്‍ത്തന ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനും വിളവെടുപ്പ് സീസണുകളില്‍ തിരിച്ചടയ്ക്കുന്നതിനും കൃഷി ഇറക്കുന്ന കാലങ്ങളില്‍ പിന്‍വലിക്കുന്നതിനും സാധിക്കുന്ന രീതിയില്‍ റിവോള്‍വിംഗ് വായ്പ സൗകര്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാറും. കുടുംബ ചെലവുകള്‍ ഉള്‍പ്പെടെ കര്‍ഷക കുടുംബങ്ങളില്‍ ധന ലഭ്യത ഉറപ്പ് വരുത്താന്‍ പാകത്തില്‍ കൂടുതല്‍ കച്ചവട സ്ഥാപനങ്ങളിലും സേവനങ്ങള്‍ നല്‍കുന്ന ഇടങ്ങളിലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സീകരിക്കുന്നതിന് നടപടികളുണ്ടാകും. പൊതുവെ ബാങ്കുകള്‍ നല്‍കുന്ന മുന്‍ഗണനാ കാര്‍ഷിക വായ്പകള്‍ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍.

കാര്‍ഷികോത്പന്ന സംഭരണ ശാലകള്‍

കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി നിലവിലുള്ള സംഭരണ സൗകര്യങ്ങള്‍ ജിയോ ടാഗ് ചെയ്തു ദേശീയ വിവരശേഖരം ഉണ്ടാക്കുന്നതോടൊപ്പം ഗ്രാമീണ മേഖലയില്‍ സംഭരണ ശാലകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെ രണ്ട് തരം വായ്പ സൗകര്യങ്ങള്‍ക്ക് സാധ്യത ഉണ്ടാകും. കുടുംബശ്രീ പോലെയുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് സംഭരണ ശാലകള്‍ ഒരു സംരംഭം എന്ന നിലയില്‍ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ട് പോകുന്നതിനും ആവശ്യമായ വായ്പകള്‍ ലഭ്യമാകും. ഇതോടൊപ്പം ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് സംഭരണശാലകള്‍ നല്‍കുന്ന രസീതിന്റെ അടിസ്ഥാനത്തില്‍ വായ്പ ലഭ്യമാകും. മെച്ചപ്പെട്ട വില കിട്ടുന്നതുവരെ വിളവെടുപ്പിനുശേഷം ഉത്പന്നങ്ങള്‍ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കുക വഴി കര്‍ഷക കുടുംബങ്ങളിലെ വരുമാനം ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

സ്വാശ്രയ സംഘങ്ങളുടെ ശാക്തീകരണം

കര്‍ഷകരുടേതുള്‍പ്പെടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങളെ ഘടനപരമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. സ്വാശ്രയ സംഘങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ തുടങ്ങിയ സ്വതന്ത്രവും നിയമപരവുമായ നിലനില്‍പ് ഉറപ്പാക്കാനാകും. ഇതോടെ സ്വാശ്രയ സംഘങ്ങള്‍ ആരംഭിക്കുന്ന വാണിജ്യ സംരംഭങ്ങള്‍ക്ക് വായ്പ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ കൂടുതലായും സൗകര്യപ്രദമായും ലഭ്യമാകും. മുദ്ര വായ്പകളുടെ ലഭ്യതയും നബാര്‍ഡ് പുനര്‍ വായ്പ സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കാനാകും.

ബാങ്കിതര ഫിനാന്‍സ് കമ്പനികളും സഹകരണ സംഘങ്ങളും

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളോടൊപ്പം ബാങ്കിതര ഫിനാന്‍സ് കമ്പനികളെയും സഹകരണ സ്ഥാപനങ്ങളെയും ചിട്ടപ്പെടുത്തും. ബാങ്കിതര ഫിനാന്‍സ് കമ്പനികളുടേയും സഹകരണ സ്ഥാപനങ്ങളുടേയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടെ വായ്പ ലഭ്യത ഉയരുമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. മാത്രമല്ല, ബാങ്കുകള്‍ ഫിനാന്‍സ് കമ്പനികളും സഹകരണ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും കൂട്ടായ വായ്പകളും സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

തിരിച്ചടവ് കര്‍ശനമാകും

വായ്പ ലഭ്യത സുഗമമാക്കുന്നതോടൊപ്പം തന്നെ വായ്പ തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളും കര്‍ശനമാക്കുമെന്നാണ് ബജറ്റ് സൂചിപ്പിക്കുന്നത്. ബാങ്കിതര ഫിനാന്‍സ് കമ്പനികള്‍ നല്കിയിരിക്കുന്ന വായ്പകള്‍ക്ക് ജാമ്യമായി നല്‍കിയിരിക്കുന്ന വസ്തുക്കള്‍ ലേലം ചെയ്ത് പണം തിരിച്ച് പിടിക്കുന്നതിനുള്ള സഫ്രാസി നിയമം വ്യാപകമാക്കുന്നു. നിലവില്‍ 500 കോടിയ്ക്ക് മുകളില്‍ ആസ്തിയുള്ള വന്‍കിട എന്‍ബിഎഫ്‌സി കള്‍ക്ക് മാത്രമായിരുന്ന അധികാരങ്ങള്‍ നൂറ് കോടി ആസ്തിയുള്ള ചെറിയ കമ്പനികള്‍ക്ക് കൂടി പ്രയോഗിക്കാനാകും. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് മാത്രം ബാധകമായിരുന്ന നടപടികള്‍ 50ലക്ഷം രൂപാ വരെയുള്ള വായ്പകളിലേയ്ക്കും നീട്ടിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA