ADVERTISEMENT

പരിഷ്‌കരിച്ച ആദായ നികുതി രീതിയിലേക്ക് നികുതി ദായകര്‍ക്ക് യഥേഷ്ടം മാറാമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ്. പുതിയ നികുതി രീതിയിലേക്ക് മാറാനും പിന്നീട് പഴയതിലേക്ക് ആവശ്യാനുസരണം തിരിച്ച് പോരാനും നികുതിദായകര്‍ക്ക് കഴിയുമെന്ന് ഇത് സംബന്ധിച്ച ആവലാതികള്‍ക്ക് വ്യക്തത വരുത്തി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ആനുകൂല്യങ്ങളും ഒഴിവുകളും ബാധകമല്ലാത്ത വിധത്തില്‍ ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി സ്ലാബിലേക്ക് ഒരിക്കല്‍ മാറിയാല്‍ പിന്നീട് ഈ ആനുകൂല്യങ്ങള്‍ എല്ലാം ഉള്ള പഴയ നികുതി രീതിയിലേക്ക് തിരച്ച് പോരുക അസാധ്യമെന്ന തരത്തിലായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. ഇത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതോടെ പുതിയ രീതി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറയുമെന്നും ആദായനികുതി വകുപ്പ് ഭയന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇതനുസരിച്ച് ശമ്പളക്കാരായ നികുതിദായകര്‍ക്ക് ഓരോ വര്‍ഷത്തെയും നിക്ഷേപ രീതിയനുസരിച്ച് പുതയതോ പഴയതോ ആയ നികുതി അടവ് രീതി സ്വീകരിക്കാം. ഉദാഹരണത്തിന് 80 സി ചട്ടമനുസരിച്ചും മറ്റും നികുതി ഒഴിവുകള്‍ക്കു അര്‍ഹതയുള്ള നിക്ഷേപം നടത്തിയിട്ടുള്ള  വര്‍ഷങ്ങളില്‍ ആവശ്യമെങ്കില്‍ പഴയ രീതിയും  ഇത്തരം നിക്ഷേപങ്ങള്‍ ഇല്ലാത്ത വര്‍ഷങ്ങളില്‍ പുതിയ രീതിയും തിരഞ്ഞെടുക്കാം. അതായത് നിക്ഷേപം ഒന്നും വേണ്ട എന്ന് തീരുമാനിക്കുന്ന കാലത്താണെങ്കില്‍  കൂടുതല്‍ നേട്ടം സമ്മാനിക്കുന്ന പുതിയ രീതിയിലേക്ക് മാറാം. പിന്നീട് നിക്ഷേപം വേണമെന്ന് തോന്നിയാല്‍ ആ വര്‍ഷം തിരിച്ച് പോവുകയും ആകാം. എന്നാല്‍ ഇത് നികുതിദായകര്‍ക്കും ആദായനികുതി വകുപ്പിനും കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയേ ഉള്ളു എന്നും ആക്ഷേപമുണ്ട്.

ബിസിനസ് വരുമാനക്കാര്‍ക്ക്

എന്നാല്‍ ശമ്പളക്കാര്‍ക്കുള്ള ആനുകൂല്യം ഇക്കാര്യത്തില്‍ ബിസിനുസ് വരുമാനം നേടുന്നവര്‍ക്കില്ല. അവര്‍ക്ക് ഈ 'സ്വച്ച് ഓവര്‍' ആനുകൂല്യം ഒരിക്കലേ പാടുള്ളു. അതായത് ബിസിനസില്‍ നിന്ന് ആറ് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ ഈ വര്‍ഷം പുതിയ നികുതി രീതി തിരഞ്ഞെടുത്താല്‍ അടുത്ത വര്‍ഷം വേണമെങ്കില്‍ പഴയതിലേക്ക് മാറാം. പക്ഷെ പിന്നീട് തിരിച്ച് പോകാനാവില്ല.

ബിസിനസ് വരുമാനമുള്ള ശമ്പളക്കാര്‍

ചില കേസുകളില്‍ രണ്ട് ഇനത്തിലും വരുമാനം ലഭിക്കുന്നവരുണ്ടാകും. ഇത്തരക്കാര്‍ക്ക് വരുമാനമനുസരിച്ചാണ് 'സ്വിച്ച് ഓവര്‍' സൗകര്യം. അതായത് ഈ വര്‍ഷം ബിസനസില്‍ നിന്ന് വരുമാനമില്ലെങ്കില്‍ ശമ്പളവരുമാനക്കാരനായി മാത്രം കണക്കാക്കും. വരുമാനം ഉണ്ടെങ്കില്‍ സ്വിച്ച് ഓവര്‍ ആനുകൂല്യം പരിമിതമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com