മാര്‍ച്ച് 31 ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഈ ഇടപാടുകൾ മുടങ്ങും

Mail This Article
ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാന്‍കാര്‍ഡുകളുടെ എണ്ണം 17 കോടി. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എട്ട് തവണ തീയതി നീട്ടി നല്‍കിയിട്ടും പകുതിയിലേറെ കാര്‍ഡുകള്‍ ഇനിയും ബന്ധിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മാര്‍ച്ച് 31 ന് ശേഷവും ബന്ധിപ്പിക്കാത്ത കാര്‍ഡ് റദ്ദാവുമെന്നായിരുന്നു കണക്കു കൂട്ടലെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ പുതിയ സര്‍ക്കുലര്‍ എത്തി. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.
ലിങ്കിങ് പൂർത്തിയാകണം
ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ പിന്നീട് നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നലിവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃസ്ഥാപിക്കപ്പെടും. അതോടെ മുകളില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്താനുമാകും. അതായത് 31 നകം ലിങ്ക് ചെയ്യപ്പെടാത്ത പാന്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണത്തില്‍ സ്വയം പ്രവര്‍ത്തന രഹിതമാകും. മുകളില്‍ പറഞ്ഞ തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനം നടത്തേണ്ടി വന്നാല്‍ അപ്പോള്‍ തന്നെ ലിങ്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുകയും പാന്‍ നമ്പര്‍ പുനഃസ്ഥാപിച്ച് കിട്ടുകയും ചെയ്യും.
വ്യത്യാസങ്ങൾ പാടില്ല
അതായത് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പിന്നീട് ആവശ്യമെങ്കില്‍ ഇത് ചെയ്യാമെന്നര്‍ഥം. ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനനതീയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.