ADVERTISEMENT
പല നിക്ഷേപങ്ങള്‍ വ്യത്യസ്ത മേഖലകളിലായി വിവിധ സമയങ്ങളില്‍ നടത്തിയിട്ടുള്ള ആളായിരിക്കും നിങ്ങൾ. ഇത് വലിയ തുകയുണ്ടാകാം. ചിലപ്പോള്‍ സംഖ്യ താരതമ്യേന ചെറുതായിരിക്കാം. ഇത്തരം നിക്ഷേപങ്ങളില്‍ ചിലതെങ്കിലും പതിറ്റാണ്ട് പിന്നിടുന്നതോടെ വിസ്മൃതിയിലായി പോകാറുമുണ്ട്. ബാധ്യതയുടെ കാര്യത്തിലും ഏതാണ്ട് അങ്ങനെ തന്നെയാണ്. ഇത് പിന്നീട് കുടുംബത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി വരുത്തി വച്ചേക്കാം. ഇങ്ങനെ ആരെങ്കിലും നിക്ഷേപിച്ചതോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ ബാങ്കുകളില്‍ കുമിഞ്ഞ് കൂടുന്ന അവകാശികളില്ലാത്ത നിക്ഷേപം പെരുകുകയാണ്. ഒരു കണക്ക് നോക്കാം. ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം 2014-15 ല്‍ 7,875 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഇത് 25,000 കോടിയായി ഉയര്‍ന്നു. അതായത് സ്വന്തം സാമ്പത്തിക വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതില്‍ വിമുഖതയുള്ള ഇടപാടുകാരുടെ എണ്ണം വളരെയധികം കൂടി എന്നര്‍ഥം.

ഓര്‍മ്മ നശിക്കുന്നവര്‍

വ്യത്യസ്തവും അതി സങ്കീര്‍ണവുമായ ജീവിതചര്യകളില്‍ വ്യാപരിക്കുന്ന ആധുനിക മനുഷ്യന്റെ ഓര്‍മ്മ ശക്തി കുറുയുമ്പോള്‍ പല കാര്യങ്ങളും തലയില്‍ നിന്നു മാഞ്ഞ് പോകാറുണ്ട്. വലിയ അപകടങ്ങള്‍, മരണം തുടങ്ങിയ ദുരന്തങ്ങളും ഇവിടെ വില്ലനാകുന്നു. ബാങ്കുകളില്‍ നാഥനില്ലാതെ കിടക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനവും ഇത്തരത്തിലുള്ളതാണ്. ആര്‍ ബി ഐ രൂപികരിച്ച ഡിപ്പോസിറ്റേഴ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ട് (ഡി ഇ എ എഫ്) എന്ന നിധിയിലേക്കാണ് ഇവ പോകുന്നത്. ഇടപാടുകാരെ ബോധവൽകരിക്കാനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.

അവകാശികളില്ലാത്ത പണം

ആര്‍ ബി ഐ ചട്ടമനുസരിച്ച് ഒരു അക്കൗണ്ട് 10  വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമായി തുടര്‍ന്നാല്‍ അതിലെ തുക മുഴുവനായും ഡി ഇ എ എഫിലേക്ക് പോകും. രണ്ട് വര്‍ഷം ഇടപാട് നടക്കാതിരുന്നാല്‍ അത് പ്രവര്‍ത്തന രഹിത അക്കൗണ്ടായി ബാങ്കുകള്‍ പരിഗണിക്കും. സ്ഥിര നിക്ഷേപങ്ങള്‍,ഡി ഡി, ചെക്ക്,പേ ഒാര്‍ഡര്‍,തുടര്‍ നിക്ഷേപങ്ങള്‍ എന്‍ ഇ എഫ് ടി അടക്കമുള്ള എല്ലാം ഇതിന് പരിധിയില്‍ വരും. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍ ബാങ്ക് ഇടപാടുകാരെ മെയില്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ബാങ്കുകള്‍ക്ക് ബന്ധപ്പെടാനുള്ള കൃത്യമായ വിവരങ്ങള്‍ ഉണ്ടാകാറില്ല.

കുടുംബാംഗങ്ങളോട് പങ്കുവെയ്ക്കണം

ആയ കാലത്ത് കുടുംബത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം വെറുതെ അവകാശികളില്ലാതെ ബാങ്കില്‍ കിടക്കുന്നത് സങ്കല്‍പിച്ച് നോക്കു. ഇത്തരം ഫണ്ടുകളുടെ കുതിച്ച് ചാട്ടം കാണിക്കുന്നത് സാമ്പത്തിക വിവരങ്ങള്‍ അടുത്ത ആളുകളോടോ കുടുംബത്തോടോ പങ്ക് വയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുവെന്നതാണ്. സാമ്പത്തിക വിവരങ്ങള്‍ നിര്‍ബന്ധമായും വേണ്ടപ്പെട്ടവരോട് കൈമാറണം. ചുരുങ്ങിയത് രണ്ട് പേരോടെങ്കിലും നിര്‍ബന്ധമായും ഇത് പറഞ്ഞിരിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. ഒരാള്‍ കുടുംബത്തിലുള്ളവരാണെങ്കില്‍ മറ്റെയാള്‍ പുറത്തു നിന്നുള്ള വിശ്വസ്തനായിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com