ADVERTISEMENT

വായ്പകള്‍ക്ക് ആര്‍ ബി ഐ  മാര്‍ച്ച് മുതല്‍ മേയ് വരെ മൊറട്ടോറിയം ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും ഇക്കാലയളവില്‍ പലിശയില്‍ ഒരു കുറവുമുണ്ടാവില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ കിട്ടാവുന്ന വായ്പകളുണ്ടെങ്കില്‍ എടുക്കുകയാണ് മൊറട്ടോറിയത്തേക്കാള്‍ ലാഭകരം. ആദ്യം തന്നെ പ്രതിസന്ധിയുടെ ആഴം മനസിലാക്കുക. താത്കാലികമാണ് ഇതെങ്കില്‍ താഴെ പറയുന്ന വായ്പകള്‍ സ്വീകരിച്ച് പ്രശ്‌നം പരിഹരിക്കാം.

പി പി എഫ് വായ്പ

ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ നിങ്ങളുടെ നിക്ഷേപം രണ്ട് വര്‍ഷത്തിനും ആറു വര്‍ഷത്തിനും ഇടയിലാണോ? എങ്കില്‍ നീക്കിയിരിപ്പിന്റെ 25 ശതമാനം വരെ വായ്പയ്ക്ക് നിങ്ങള്‍ അര്‍ഹനാണ്. ഈ തുകയ്ക്ക് പലിശയാകട്ടെ വെറും ഒരു ശതമാനം മാത്രം. മൂന്ന് വര്‍ഷത്തിനകം പലിശ സഹിതം ഈ തുക തിരിച്ചടച്ചാല്‍ മതി. നിങ്ങളുടെ ഭവന വായ്പ പലിശ 8 ശതമാനമാണെങ്കില്‍ മൊറട്ടോറിയം ആനുകൂല്യം സ്വീകരിക്കുന്നതിന് പകരം പി പി എഫ് വായ്പ എടുത്ത് വായ്പ അടച്ചാല്‍ വലിയ സംഖ്യ ലാഭിക്കാം. പിന്നീട് വരുമാനം സ്ഥിരത കൈവരിക്കുമ്പോള്‍ പണമടച്ച് പി പി എഫ് അക്കൗണ്ട് പുനസ്ഥാപിക്കുകയുമാകാം. എന്നാല്‍ പി പി എഫ് അക്കൗണ്ട് ആറ് വര്‍ഷം പിന്നിട്ടതാണെങ്കില്‍ ഭാഗീകമായി തുക പിന്‍വലിക്കാനെ കഴിയു. അതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം.

എഫ് ഡി വായ്പ

ഒരു ശതമാനത്തിന് ലഭിക്കുന്ന മറ്റൊരു വായ്പയാണ് സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പലിശ നിരക്കല്ല ഇപ്പോള്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപത്തിനുള്ളത്. പല പ്രമുഖ ബാങ്കുകളിലും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോള്‍ ശരാശരി ആറ് ശതമാനമാണ്. പഴയ തോതിലുള്ള മുന്തിയ പലിശ നിരക്കുള്ള എഫ് ഡി യുണ്ടെങ്കില്‍ അത് കാലവധി എത്തുന്നതിന് മുമ്പ് പിന്‍വലിച്ച് ആനുകൂല്യം നഷ്ടപെടുത്തേണ്ടതില്ല. പകരം ഇതിന്റെ ഈടില്‍ വായ്പ എടുക്കാം. ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലാണ് എഫ് ഡി അധിഷ്്ഠിത വായ്പയുടെ പലിശ നിരക്ക്. അതുകൊണ്ട് പ്രതിസന്ധി തീരുന്നതു വരെ ഇങ്ങനെ വായ്പ തരപ്പെടുത്തിയാല്‍ ബാങ്കുകളിലെ വലിയ വായ്പ പലിശയില്‍ നിന്ന് താൽകാലികമായി രക്ഷപ്പെടാം.

മറ്റുള്ളവ

വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തുടങ്ങിയവ പോലെ കൂടിയ പലിശ നിരക്കുളള വായ്പകള്‍ ആണെങ്കില്‍, താൽകാലികമാണ് പ്രതിസന്ധിയെങ്കില്‍ സ്വര്‍ണ പണയ വായ്പ പോലുള്ളവ പരിഗണിക്കാവുന്നതാണ്. മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ ഇ പി എഫ് വായ്പയും ലഭ്യമാണ്. ഇതും താൽകാലിക പരിഹാരത്തിനുതകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com