നിങ്ങളുടെ വായ്പ പരിധി കുറയുന്നുണ്ടോ എന്ന് നോക്കിയോ?

HIGHLIGHTS
  • റിസ്കിന്റെ തോത് അനുസരിച്ച് വായ്പാപരിധി കുറച്ചേക്കും
Credit-Card-4
SHARE

ലോക്ഡൗണ്‍ കാലത്ത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് കുറയുന്നുണ്ടോ? പല ബാങ്കുകളും ഇടപാടുകാരുടെ ക്രെഡിറ്റ് ലിമിറ്റുകളില്‍  വ്യാപകമായിട്ടല്ലെങ്കിലും കുറവ് വരുത്തുന്നുണ്ട്. 75 ശതമാനം വരെ കാര്‍ഡിന്റെ വായ്പ പരിധിയില്‍ ചില സ്വകാര്യ ബാങ്കുകള്‍ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോറട്ടോറിയം

ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് ഇ എം ഐ മൊറട്ടോറിയം സ്വീകരിച്ചതാണ് കാരണമെന്നാണ് ചില ഇടപാടുകാര്‍ പറയുന്നതെങ്കിലും ബാങ്കുകള്‍ ഇത് നിഷേധിക്കുന്നു.  ഇതൊരു സാധാരണ നടപടി മാത്രമാണെന്നും ഇടപാടുകാരുടെ വായ്പാ രീതിയും ക്രെഡിറ്റ് കാര്‍ഡ് അധിഷ്ഠിത ചെലവും മറ്റും കാലാകാലങ്ങളില്‍ വിശകലന വിധേയമാക്കാറുണ്ടെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വിശകലനവിധേയമാക്കിയിട്ടാണ് നിലവിലെ ക്രെഡിറ്റ് ലിമിറ്റ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതെന്നാണ് ബാങ്കുകളുടെ വിശദീകരണം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പിന്നാലെ വന്ന ലോക്ഡൗണും സംഘടിത മേഖലയിലെ സ്ഥിരം ജീവനക്കാരുടെ തന്നെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇതാകാം വ്യാപകമായി ക്രെഡിറ്റ് ലിമിറ്റ് കുറച്ചതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

റിസ്‌ക് കൂടുതല്‍

അപ്രതീക്ഷിതമായി വരുമാനം കുറയുമ്പോള്‍ വായ്പയെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലല്ലോ. ഇപ്പോള്‍ കൈവായ്പയല്ല, മറിച്ച് ക്രെഡിറ്റ് കാര്‍ഡുകളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. സാധാരണയായി സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ അവരുടെ റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പല നടപടികളും സ്വീകരിക്കാറുണ്ട്.
പ്രതിസന്ധിയില്‍ പെട്ടുപോകാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലകളെ തിരിച്ചറിഞ്ഞ് അത്തരം ഇടങ്ങളിലെ ഉപഭോക്താക്കളെ ആയിരിക്കും കൂടുതലായി ഇത് ബാധിക്കുക. ടൂറിസം, ഹോട്ടല്‍, ചെറുകിട വ്യവസായ മേഖല തുടങ്ങിയവ ഇപ്പോൾ ഉദാഹരണം. തിരിച്ചടവ് കൃത്യമാണെങ്കില്‍ പോലും ചില മേഖലകളിലെ റിസ്‌കിന്റെ തോതനുസരിച്ച് ലിമിറ്റ് കുറയ്ക്കുകയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള എ ടി എം പിൻവലിക്കൽ പരിധി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം. ഇത് പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്യും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA