ADVERTISEMENT

ആര്‍ ബി ഐയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് കോവിഡ് കാലത്തും റെക്കോഡ് വില്‍പന. 2021 സാമ്പത്തിക വര്‍ഷത്തിലെ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ വിഹിതത്തിന്റെ വില്‍പന 822 കോടി രൂപയുടേതാണെന്ന് ആര്‍ ബി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 17.73 ലക്ഷം യൂണിറ്റുകളിലാണ് നിക്ഷേപകര്‍ പണം മുടക്കിയത്. 2016 ഒക്ടോബറിന് ശേഷം സ്വര്‍ണ ബോണ്ട് നിക്ഷേപ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഇക്കുറിയാണ്. ഒരു യൂണിറ്റ് സ്വര്‍ണ ബോണ്ട് എന്നാല്‍ ഒരു ഗ്രാം സ്വര്‍ണമാണ്. ഇതിന് 4,639 രൂപയാണ് വിലയിട്ടിരിക്കുന്നത്.
ഫിസിക്കല്‍ ഗോള്‍ഡിന്റെ മാസ്മരിക വലയത്തില്‍ നിന്ന് നിക്ഷേപകരെ വേര്‍പെടുത്തിയെടുക്കുന്നതിനായി 2015 ല്‍ ആരംഭിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്വര്‍ണ നിക്ഷേപത്തിന് മൂല്യവര്‍ധനയും ഒപ്പം നിശ്ചിത ശതമാനം പലിശയും ഉറപ്പ് വരുത്തുന്നതാണ് പദ്ധതി.

വാങ്ങൽ ഓൺലൈനായി

ഇതിന് മുമ്പ് 2016 ഒക്ടോബറിലാണ് കൂടുതല്‍ പേര്‍ ബോണ്ടിൽ നിക്ഷേപമിറക്കിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 3007 രൂപയായിരുന്നു വിലയിട്ടിരുന്നത്. 35.98 ലക്ഷം യൂണിറ്റുകളില്‍ ആകെ 1,081 കോടി രൂപയുടെ നിക്ഷേപമാണ് ആകെ ലഭിച്ചത്.
ഈ വര്‍ഷത്തെ സ്വര്‍ണ ബോണ്ടിന്റെ ഏപ്രില്‍ ഇഷ്യു 20 നാണ് തുടങ്ങിയത്. സബ്‌സ്‌ക്രപ്ഷന്‍ ഏപ്രില്‍ 24 ന് അവസാനിച്ചു. അക്ഷയ തൃതീയയും ഈ സമയത്തായിരുന്നു. ജ്വല്ലറികള്‍ അടഞ്ഞ് കിടന്നതോടെ അക്ഷയ തൃതീയയ്ക്ക് നിക്ഷേപകര്‍ ഓണ്‍ലൈനായി ബോണ്ടുകള്‍ വാങ്ങിയതും റെക്കോഡ് വില്‍പനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് അനുമാനം. സാമ്പത്തിക മാന്ദ്യവും പിന്നീട് വന്ന കൊറോണയും സുരക്ഷിതമായ നിക്ഷേപമായി സ്വര്‍ണത്തെ മാറ്റിയിട്ടുണ്ട്. സ്വര്‍ണ ബോണ്ടുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ അടുത്ത ഇഷ്യു മേയ് 11 ആണ്. 2.5 ശതമാനം പലിശയ്ക്ക് പുറമേ സ്വര്‍ണ വിലയിലുള്ള ഉയര്‍ച്ചയും ഇവിടെ നിക്ഷേപകന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com