സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗള്‍ഫില്‍ നിന്നു മടങ്ങുന്നവര്‍ ചെയ്തിരിക്കേണ്ട 6 കാര്യങ്ങള്‍

HIGHLIGHTS
  • പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നവർ കരുതലോടെ വേണം മുന്നേറേണ്ടത്
nri-uae
SHARE

കൊറോണ വൈറസിന്റെ പിടിയിൽ പെട്ട് ആടിയുലയുന്ന രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ടും ബിസിനസ് ഉപേക്ഷിച്ചും തിരിച്ചുവരുന്ന പ്രവാസികളെ ഗൾഫിൽ  നിന്നും വരുന്നവരെന്നും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരെന്നും രണ്ടായി തിരിക്കാം. പുനഃരധിവാസത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇവർ തമ്മിൽ വലിയ  അന്തരമാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നും വലിയ തിരിച്ചുവരവ് പ്രതീക്ഷിക്കാനാകില്ല, കാരണം യൂറോപ്പിൽ മിക്കവരും  ആരോഗ്യസംരക്ഷണ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അവർക്കു  ജോലി ചെയ്യുന്ന രാജ്യങ്ങളിൽ സൽപ്പേരും ജോലി സംബന്ധമായ ആദരവും  ലഭിക്കുന്നു. അതിനാൽ പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട്  തിരിച്ചുവരാൻ നിൽക്കുന്നവർ ഏറിയ പങ്കും ഗൾഫ് മേഖലയിൽ  നിന്നായിരിക്കും.

ഗൾഫിൽ ജോലിയുള്ളവരിൽ നല്ലൊരു ശതമാനവും ചെറിയ ശമ്പളത്തിൽ ഉള്ളവരാണ്. അതിൽ തന്നെ പലരും ലേബർ ക്യാമ്പുകളിലായിരിക്കും താമസവും. ഗള്‍ഫ്‌ പ്രവാസികളെ നാലായി തരം തിരിക്കാം. ബിസിനസുകാർ, പ്രൊഫഷണലുകൾ, വിദഗ്ദ്ധതൊഴിലാളികൾ, അവിദഗ്ദ്ധതൊഴിലാളികൾ എന്നിവരാണവർ. മേൽ പറഞ്ഞതിൽ, ബിസിനസുകാർ ഒഴികെയുള്ളവർ സ്ഥിരമായി നാട്ടിലേയ്ക്ക് പണമയക്കുന്നവരായിരിക്കും. ഗള്‍ഫ്‌ പ്രവാസികളുടെ ഇടയിൽ പല കൂട്ടായ്മകളുടെയും ചിട്ടികൾ വളരെ ജനപ്രിയമാണ്. അതിൽ നല്ലൊരു സംഖ്യ നിക്ഷേപിക്കുന്നവരും ധാരാളമായി ഉണ്ട്. ബിസിനസുകാര്‍  ആവശ്യ സന്ദർഭങ്ങളിൽ  മാത്രം നല്ല തുക അയയ്ക്കുകയും നീക്കിയിരിപ്പ് വിദേശത്ത് തന്നെ ബിസിനസ്സിൽ വീണ്ടും മുടക്കുകയും ചെയ്യുന്നു .

തിരിച്ചുവരുന്നവർ നേരിടുന്ന പ്രശ്നങ്ങൾ
 
പലതരത്തിലായിരിക്കും തിരിച്ചു വരുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ.  മാനസികം,സാമ്പത്തികം,ആരോഗ്യം,കുടുംബപരം ഇവയെല്ലാം ഇതിൽപെടും. അവയോടൊക്കെ  മാനസികമായി പൊരുത്തപ്പെടുക എന്നതാണ് ഇതിൽ പരമപ്രധാനം. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യം മനുഷ്യനിർമ്മിതമല്ലെന്നും, ലോകജനതയെയാകെ ബാധിച്ചിരിക്കുന്നതാണെന്നും മനസ്സിലാക്കുക .ആരെയും പഴി ചാരി യാതൊന്നും നേടുവാനും ഇല്ല. ഈ വിപത്തിൽ നിന്നും, എങ്ങനെ എത്രയും പെട്ടെന്ന്, കര കയറാം  എന്നാണ് നോക്കേണ്ടത്. ചിലരുടെയെങ്കിലും കാര്യത്തിൽ തിരിച്ചുവരവ് നിർബന്ധമല്ലാത്തതും വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ  തിരികെ പോകാമെന്ന സാഹചര്യം ഉണ്ടാകും. ഇങ്ങനെയുള്ളവർ കുടുംബത്തിലുള്ളവരും സ്നേഹിതരുമായും നല്ലപോലെ ആലോചിച്ചു  തീരുമാനം എടുക്കുക. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുക.

വേണ്ടത് ആത്മവിശ്വാസം

ഈ അവസരത്തിൽ തികഞ്ഞ ആത്മവിശ്വാസം ആവശ്യമാണ്. തിരിച്ചു വരുന്നവരുടെ കൂട്ടായ്മകൾക്ക് നോർക്ക തലത്തിലോ, സർക്കാർ തലത്തിലോ നാട്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനെ പറ്റി ഒരു കൗൺസിലിങ് കൊടുക്കുന്നത്‌ നല്ലതാണ്. മടങ്ങി വരുന്നവര്‍ ആദ്യം തന്നെ താഴെ പറയുന്ന ആറു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ വലിയൊരളവോളം ഒഴിവാക്കാനാകും.

1 ആസ്തികളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍

തിരികെ വരുവാനുള്ള തീരുമാനം എടുക്കുമ്പോള്‍ ആദ്യം  ചെയ്യേണ്ടത് സ്വന്തം സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള അവലോകനം  നടത്തുകയാണ്.  ഇതിനായി ഓരോരുത്തരും  അവരവരുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കി നോക്കണം. ചിലര്‍ക്കെങ്കിലും വിദേശത്തും ആസ്തികള്‍ ഉണ്ടാകും. അങ്ങനെയുള്ളവര്‍  വിദേശത്തെയും  ഇന്ത്യയിലെയും കാര്യങ്ങള്‍ വേര്‍തിരിച്ചു തയ്യാറാക്കുക. ഇതു വഴി  നിങ്ങളുടെ പക്കല്‍ ആകെയുള്ള ആസ്തികളും, ബാദ്ധ്യതകളും അറിയാം.  ആസ്തികളെ സാമ്പത്തികം, സാമ്പത്തികേതരം (Financial / Non-Financial  assets ) എന്ന് വേര്‍തിരിച്ച് കാണണം. സ്വര്‍ണം  ഏതു സമയത്തും പണമായി മാറ്റാവുന്നതിനാല്‍ സാമ്പത്തിക ആസ്തിയായി കണക്കാക്കാം.  സാമ്പത്തിക ആസ്തിയില്‍  (Bank Balance, Fixed Deposits, Shares, Mutual Funds, Gold) തന്നെ ഊന്നി നില്‍ക്കുന്നതാണ് ഈ
സാഹചര്യത്തില്‍ അഭികാമ്യം. ഒരു ശരാശരി പ്രവാസി ഭൂമി, ഫ്‌ളാറ്റ്,വില്ല അടക്കമുള്ള ഏതെങ്കിലും സാമ്പത്തികേതര ആസ്തിയില്‍  കുറ‌ച്ചൊക്കെ നിക്ഷേപിച്ചിട്ടുണ്ടാകാം. ഇന്നത്തെ സാഹചര്യത്തില്‍  പണത്തിനുള്ള ആവശ്യങ്ങള്‍ക്കായി  സാമ്പത്തിക ആസ്തികള്‍ ഉപയോഗപ്പെടുത്തുകയാകും നന്ന്. കാരണം ഇപ്പോള്‍ സാമ്പത്തികേതര ആസ്തികളുടെ  വില്‍പന  പ്രയാസമാണ്. കിട്ടിയ വിലയ്ക്ക് കൊടുക്കാനുള്ള വൈകാരിക തീരുമാനങ്ങള്‍ (Emotional Decision) കഴിയുന്നതും ഒഴിവാക്കുക.

2  ബാധ്യതകളുടെ  കണക്കെടുപ്പ്

ബാദ്ധ്യതകള്‍ കണക്കാക്കുമ്പോള്‍ ഹൃസ്വകാല വായ്പയും (വാഹന വായ്പ, ചിട്ടികള്‍)  ദീര്‍ഘകാല വായ്പയും (ഭവന വായ്പ)  വേര്‍തിരിച്ച്  കാണണം. സാമ്പത്തിക ആസ്തിയില്‍ നിന്നും ഒരു കൊല്ലത്തേക്ക് വേണ്ടി വരുന്ന ഇത്തരം മാസത്തവണകൾ, കുടുംബ ചിലവ് ( സ്‌കൂള്‍ ഫീസ് അടക്കം ) എന്നിവ ആകസ്മിക തുകയായി (Contingency Fund) നിര്‍ബന്ധമായി മാറ്റി വയ്ക്കണം. നിലവില്‍   മോറട്ടോറിയം ലഭ്യമാണെങ്കിലും പലിശ അടയ്ക്കുവാന്‍  നാം ബാധ്യസ്ഥരാണെന്നത് മറക്കരുത്.

3 സാമ്പത്തിക അച്ചടക്കവും പ്ലാനിങ്ങും

സ്വന്തം സാമ്പത്തിക കാര്യത്തില്‍ ആസൂത്രണവും (Financial Planning) അച്ചടക്കവും (Financial Discipline) ശീലിക്കുക. കുറച്ചു മാസമെങ്കിലും വരുമാനത്തില്‍ കുറവുണ്ടാകാനോ വരുമാനം തീരെ ഇല്ലാതാകാനോ സാധ്യതയുണ്ടെന്ന പൂര്‍ണ ബോധ്യം  വേണം. ഒരു ബാദ്ധ്യത തീര്‍ക്കുന്നതിന്  വേണ്ടി  മറ്റൊരു  ബാദ്ധ്യത  ഉണ്ടാക്കാതിരിക്കുക.

4 കുട്ടികളുടെ വിദ്യാഭ്യാസം

നാട്ടില്‍ എത്തിയ ശേഷം കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടവരാണെങ്കില്‍ മിതമായ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍  ശ്രദ്ധിക്കുക. ശരാശരിക്ക് മുകളിലുള്ള പ്രവാസികളില്‍ പലരും കുട്ടികളെ ഉപരിപഠനത്തിന് വിദേശത്തേക്ക് അയയ്ക്കുന്ന കാലഘട്ടമാണിത്. സ്വന്തമായി പണം മുടക്കി കുട്ടികളെ വിദേശത്തു  പഠിപ്പിക്കുന്ന പ്രവാസികളും കുറവല്ല. അവര്‍ക്ക് വരുമാനം കുറയുന്ന സാഹചര്യം വളരെ വലിയൊരു ആഘാതം ആയിരിക്കും. പഠനം പാതിവഴിയില്‍ നില്‍ക്കുന്ന കുട്ടികളുടെ ആവശ്യത്തിലേക്കായി നീക്കിയിരിപ്പു തുക ചെലവാക്കാതെ ബാങ്കുകളെ സമീപിച്ച്  ലോണ്‍ തരപ്പെടുത്തുന്നതായിരിക്കും അഭികാമ്യം. മറ്റു ചിലര്‍ ഈ വര്‍ഷം കുട്ടികളുടെ വിദേശ ഉപരിപഠനത്തിന് ശ്രമിക്കുന്നവരാകാം. നിലവില്‍ വളരെയധികം ആലോചിച്ചു  എടുക്കേണ്ട ഒരു സാമ്പത്തിക ബാദ്ധ്യതയാണ്  ഇത്. കഴിയുമെങ്കില്‍ ഇക്കാര്യം ഒരു കൊല്ലത്തേയ്ക്ക് എങ്കിലും  മാറ്റിവയ്ക്കുക. ഉയര്‍ന്ന നിലവാരമുള്ള സര്‍വ്വകലാശാലയില്‍  പഠിച്ച് നല്ല ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വരാവുന്ന  ബാദ്ധ്യത ചെറുതല്ല. അമേരിക്ക അടക്കം പല രാജ്യങ്ങളിലും വിദേശികള്‍ക്ക് തൊഴില്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നതും ഓര്‍ക്കണം. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്ന തരത്തില്‍ മിക്കവർക്കും ജോലികിട്ടാനുള്ള സാധ്യത കുറവാണ്.

5 ഹെല്‍ത്ത് പോളിസി

നാട്ടില്‍ എത്തിയാല്‍ തീര്‍ച്ചയായും,സ്വന്തംപേരിലും,കുടുംബാംഗങ്ങളുടെ പേരിലും ഉടന്‍ തന്നെ ആരോഗ്യ പരിരക്ഷ (Health Insurance)  എടുക്കുവാന്‍ ശ്രദ്ധിക്കുക. അതിനു വേണ്ടി മുടക്കുന്ന പ്രീമിയം ഒരു ചിലവായി കണക്കാക്കരുത്.  ഈ കാലഘട്ടത്തില്‍ നല്ല ചികിത്സയ്ക്കു വേണ്ടി നല്ല ആശുപത്രികളെ സമീപിക്കുവാന്‍ വരുന്ന ചിലവ് ഭീമമാണ് എന്ന് ഓര്‍ക്കുക.

6 എന്‍ആര്‍ഐ സ്റ്റാറ്റസ് മാറ്റുക

മറ്റൊരു പ്രധാന കാര്യം നാട്ടിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നും NRI status മാറ്റുവാന്‍ ശ്രദ്ധിക്കണം. അതിനു അതാതു ബാങ്കുകളുമായി ബന്ധപ്പെടേണ്ടതാണ്. FEMA ആക്ട് പ്രകാരവും, IT ആക്ട്  പ്രകാരവും  NRIഎന്നതിന് വ്യത്യസ്തമായ നിര്‍വചനമാണ് ഉള്ളത്. FEMA ആക്ട് വിദേശത്തുള്ള ആസ്തികളുടെയും, പൗരത്വത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍വചിക്കുന്നത്.
എന്നാല്‍ IT Act പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര ദിവസം വിദേശത്ത് ഉണ്ടായിരുന്നു എന്നാണ് നോക്കുക. ഒരു Tax Consultant ന്റെ ഉപദേശം സ്വീകരിച്ചു നികുതി അടക്കേണ്ടത് ഉണ്ടോ എന്നും അന്വേഷിക്കുക .

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്ന സെഞ്ചൂറിയന്‍ ഫിന്‍ടെക്കിന്‌റെ  ബിസിനസ് ഡയറക്ടറാണ് ലേഖകന്‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA