ADVERTISEMENT
പ്രവാസി മലയാളികളെ രണ്ട് വിഭാഗമായി തിരിക്കാം, ഗള്‍ഫിലുള്ളവരും മറ്റ് രാജ്യങ്ങളില്‍ ഉള്ള പ്രവാസികളും എന്ന്. ഗള്‍ഫിലുള്ള മലയാളികള്‍ കൂടുതലും സേവന മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്. ഇവരില്‍ 80 ശതമാനത്തോളം  ആള്‍ക്കാരും കാര്യമായ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളാണ് ചെയ്യുന്നത്. ഇവരുടെ ശമ്പളം താരതമ്യേന വളരെ തുച്ഛവുമാണ്. നാട്ടില്‍ അവര്‍ നേരിടുന്ന
സാമ്പത്തിക പ്രശ്‌നങ്ങളും, വിദ്യാഭ്യാസം കുറവായതിനാല്‍ ജോലി കിട്ടാത്ത അവസ്ഥയും, വിദേശത്ത് നിന്ന് വേഗത്തില്‍ പണം സമ്പാദിക്കാം എന്ന സ്വപ്നവും ആണ് അവരെ പ്രവാസിയാക്കി മാറ്റുന്നത്.

ഇത്തരം തൊഴിലാളികള്‍ക്ക് ഒരു ബിസിനസ് നടത്തേണ്ടത് എങ്ങനെയെന്ന് കാര്യമായ ഗ്രാഹ്യം ഉണ്ടാകില്ല. ബിസിനസ് വിജയത്തിന് ആവശ്യമായ കാര്യനിര്‍വഹണ ശേഷിയും, സാങ്കേതിക പരിജ്ഞാനവും, വിപണിയെ കുറിച്ചുള്ള അറിവും, വിപണനതന്ത്രങ്ങളെ കുറിച്ചുള്ള ബോധ്യവും കുറവായിരിക്കും. അവര്‍ സാധാരണയായി ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പരിജ്ഞാനം ഉള്ളവരായിരിക്കും. അതേസമയം
ആ ബിസിനസ് സംരംഭത്തെക്കുറിച്ച് വലിയ ഗ്രാഹ്യം ഇല്ലാത്തവരും ആയിരിക്കും. അതിനാല്‍  ഈ വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍  സംരംഭം തുടങ്ങുന്നത് നല്ലതായിരിക്കില്ല.

1 വൈദഗ്ധ്യം ഉപയോഗപ്പെടുത്താവുന്ന സംരംഭം

ഒരു സംരംഭത്തിന്റെ ഭാഗമായി സ്വയം  മാറുക എന്നതായിരിക്കും ഇവര്‍ക്ക് അനുയോജ്യം. പക്ഷേ അതിനായി ബിസിനസ് നടത്തി വൈദഗ്ധ്യമുള്ളവര്‍ മുന്നോട്ട് വരണം. എന്നിട്ട് ഈ വിഭാഗത്തിന്റെ  തൊഴില്‍ മികവ് ഉപയോഗപ്പെടുത്തി സ്ഥാപനം നടത്തിക്കൊണ്ട് പോകുക. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇവരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്താം.
ബിസിനസിന്റെ സാങ്കേതികവശങ്ങളും ബിസിനസ് തന്ത്രങ്ങളും, സാധനങ്ങളുടെ ഗുണമേന്മ, തുടങ്ങിയ എല്ലാകാര്യങ്ങളും ഈ മേഖലയില്‍ നല്ല പരിജ്ഞാനമുള്ള  വിദഗ്ധര്‍ , അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കണം. പ്രവാസികളായി മടങ്ങിവരുന്ന തൊഴിലാളികള്‍ക്ക്  ഇത്തരം  സംരംഭത്തില്‍ അവരുടെ പണം നിക്ഷേപിക്കാനും, അതോടൊപ്പം അവിടെ ജോലി ചെയ്യുവാനുള്ള അവസരം നല്‍കുക. ഇതിലൂടെ അവര്‍ക്ക് നല്ലൊരു വരുമാനം ബിസിനസ്സിലൂടെ നേടാം. അതേസമയം അവര്‍ക്ക് ഒരു നല്ല തൊഴില്‍ അവസരം ലഭിക്കുകയും ചെയ്യും. ഇവര്‍ ബിസിനസ് ചെയ്താല്‍ ഉണ്ടാകാവുന്ന നഷ്ടം ഒഴിവാക്കാം. അതേസമയം സ്ഥാപന ഉടമകള്‍ക്ക് ആത്മാര്‍ത്ഥതയും സ്വന്തം മേഖലയില്‍ അതിവൈദഗ്ധ്യം നേടിയവരുമായ തൊഴിലാളികളെ ഉപയോഗപ്പെടുത്തി സ്ഥാപനം നല്ല ലാഭത്തില്‍ മുന്നോട്ട് കൊണ്ടു പോകാനും കഴിയും.

2 സ്വന്തം സംരംഭം തുടങ്ങുക
അതേസമയം ചെറു സംരംഭം തുടങ്ങാന്‍ താല്‍പ്പര്യവും കഴിവും ഉള്ളവരും മടങ്ങി വരുന്ന ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ധാരാളമായി ഉണ്ടാകും.
അത്തരക്കാര്‍ക്ക് സ്വന്തം സംരംഭം തന്നെ തുടങ്ങാം. ഇന്ത്യയിലും, കേരളത്തിലും, വിദേശത്തും എല്ലാം വരും വര്‍ഷങ്ങളില്‍ ആവശ്യമായിട്ടുള്ള  ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്താണ് എന്ന് വ്യക്തമായ ധാരണ ഇത്തരക്കാര്‍ ആദ്യം ഉണ്ടാക്കിയെടുക്കണം. ഗവണ്‍മെന്‍ിനു സര്‍വേയും, ഗവേഷണങ്ങളും നടത്തി  ഇവരെ സഹായിക്കാനാകും. ഇത്തരത്തില്‍ സാധ്യതയുള്ളതും നിങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളതുമായ ഒരു
സംരംഭ മേഖല കണ്ടെത്തുക. ആ ഉല്‍പ്പന്നം അഥവാ സേവനം  ലഭ്യമാക്കാന്‍ ആവശ്യമായ യന്ത്ര സാമഗ്രികള്‍, മൂലധന നിക്ഷേപം, വിഭവ സമാഹരണം, വില്‍പ്പന തന്ത്രങ്ങള്‍, നഷ്ട സാധ്യതകള്‍, പ്രതീക്ഷിക്കാവുന്ന വരുമാനം. എന്നിവയെക്കുറിച്ചെല്ലാം നല്ല ബോധ്യം  നേടണം. ഇക്കാര്യത്തിലും ഇവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തം  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഒപ്പം ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും ലഭ്യമാക്കാന്‍  ഗവണ്‍മെന്‍ും അധികാരികളും ശ്രദ്ധിക്കുകയും വേണം.

3 കൃഷി സംരംഭങ്ങള്‍

കൃഷി മേഖലയില്‍, സംരംഭം നടത്താന്‍ ആഗ്രഹമുള്ള പ്രവാസികള്‍ക്ക് ഇപ്പോള്‍ ഇവിടെ മികച്ച അവസരങ്ങള്‍ ലഭ്യമാണ്. അതിനു ആദ്യം വിവിധ കൃഷി രീതികളെക്കുറിച്ച് നല്ല പരിജ്ഞാനം കൃഷിഭവന്‍ വഴി നേടിയെടുക്കണം. കൂട്ടായ കൃഷി രീതികള്‍, കൃഷിയിലെ ലാഭനഷ്ടങ്ങള്‍, നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍ എന്നിവ വിശദമായി മനസിലാക്കുക.
ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും  വില്‍പ്പന നടത്താനും,  മൂല്യവര്‍ധിത വസ്തുക്കള്‍  നിര്‍മിക്കാനും  നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ സംസ്‌കരിക്കാനും ഉള്ള സാധ്യതകള്‍ അറിയുകയും ആവശ്യമായ പരിശീലനം ഇക്കാര്യങ്ങളില്‍ നേടുകയും വേണം. ഇവിടെയെല്ലാം കൃഷി ഭവനുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും നിങ്ങളുടെ സഹായത്തിനുണ്ടാകും. അവ ഉപയോഗപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി  ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ കൂടുതല്‍ വിഭവങ്ങള്‍ എങ്ങനെ ഉല്‍പാദിപ്പിക്കാം എന്നുള്ളത് ഈ വിഭാഗത്തെ പഠിപ്പിക്കാന്‍ സര്‍ക്കാരും പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കും എന്നു പ്രതീക്ഷിക്കാം. കേരളത്തില്‍ തരിശു കിടക്കുന്ന 1,80,000 ഏക്കര്‍ ഭൂമിയും കൃഷിയോഗ്യമാക്കാന്‍ ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കും.

ഫാമുകള്‍, മത്സ്യകൃഷി, കോഴി വളര്‍ത്തല്‍, കൂണ്‍ കൃഷി, തുടങ്ങിയവയുടെ മൂലധന ചെലവും അതില്‍നിന്നു ലഭിക്കുന്ന വരുമാനവും, ലാഭനഷ്ട വിവരങ്ങളും സ്വയം  ബോധ്യപ്പെടുക. അതിനുശേഷം ഗവണ്‍മെന്റിന്റെ ധനസഹായം, സാങ്കേതിക
അറിവുകള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും നേടിയെടുക്കാന്‍ ശ്രമിക്കുക.

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്ന സെഞ്ചൂറിയന്‍ ഫിന്‍ടെക്കിന്‌റെ റിസർച്ച് ടീം തയാറാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com