മടങ്ങിവരുന്ന പ്രവാസികൾ കൈയിലുള്ള പണം എങ്ങനെ കൈകാര്യം ചെയ്യും?

HIGHLIGHTS
  • കൃത്യമായി പ്ലാൻ ചെയ്തു വേണം പണം കൈകാര്യം ചെയ്യാൻ
nri-uae
SHARE

ഒരു പ്ലാനിങ്ങും തയാറെടുപ്പും ഇല്ലാതെ, ഒരു ദിവസം പെട്ടെന്ന് എല്ലാം ഇട്ടെറിഞ്ഞ് വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങണ്ടി  വന്നതിന്റെ അങ്കലാപ്പിലാണ് പ്രവാസികൾ. നാളെ എന്തു ചെയ്യും എന്നറിയാനാകാത്ത അവസ്ഥ. അതുകൊണ്ട് തന്നെ കൈയിലുള്ള പണം, അത് എത്രയായാലും വളരെ സൂക്ഷിച്ച്, കൃത്യമായി പ്ലാൻ ചെയ്തു വേണം കൈകാര്യം ചെയ്യാൻ.                         

1. സേവിങ്സ് അക്കൗണ്ടിൽ ഒരു വിഹിതം

കയ്യിലുള്ള പണത്തിന്റെ ഒരു വിഹിതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും വിധം ബാങ്ക് എസ് ബി അക്കൗണ്ടിൽ സൂക്ഷിക്കണം. ഇപ്പോൾ സ്ഥിര നിക്ഷേപത്തേക്കാൾ പലിശ സേവിങ്സ് അക്കൗണ്ടിലെ പണത്തിന് ചില ബാങ്കുകൾ തരുന്നുണ്ട്. അവ ഏതെല്ലാം എന്ന്  വിലയിരുത്തി അനുയോജ്യമായതു തിരഞ്ഞെടുക്കാം.         

2. മറക്കരുത് സ്ഥിര നിക്ഷേപം                

അതു പോലെ ഒരു തുക സ്ഥിര നിക്ഷേപം ആക്കണം. കാരണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം എന്നതിനാൽ എസ് ബി അക്കൗണ്ടിലെ തുക അത്യാവശ്യമില്ലെങ്കിലും എടുക്കും. എഫ്ഡിയിൽ നിന്നും അത്ര പെട്ടെന്ന് എടുക്കില്ല . പക്ഷേ എഫ്ഡി തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. പല ബാങ്കിലും എസ് ബിയ്ക്ക് സമാന പലിശയേ ഇപ്പോൾ ഉള്ളൂ. നല്ല സഹകരണ സംഘത്തിൽ നിക്ഷേപിക്കാം. കേരള സർക്കാർ ട്രഷറി സ്ഥിരനിക്ഷേപത്തിനു ഇപ്പോൾ മികച്ചതാണ്. 8.5% പലിശ കിട്ടും. മുഴുവൻ നിക്ഷേപത്തുകയ്ക്ക് സർക്കാർ ഗ്യാരന്റിയുമുണ്ട്. ബാങ്കിൽ പരമാവധി 5 ലക്ഷം രൂപയ്ക്കു മാത്രമേ ഗ്യാരന്റി ഉള്ളൂ.                 

3.വീട് മോടി പിടിപ്പിക്കൽ തൽക്കാലം വേണ്ട         
 
കയ്യിൽ എത്ര പണം ഉണ്ടെങ്കിലും വീട് പണിയൽ, മോടി പിടിപ്പിക്കൽ, രണ്ടാം നില നിർമാണം ഇവയൊന്നും ഇപ്പോൾ  വേണ്ട.  എന്നത്തേക്കാണ് ഒരു നല്ല  വരുമാന മാർഗം കണ്ടെത്താൻ കഴിയുക എന്നു പറയാൻ ആകില്ല. അതുകൊണ്ട് കയ്യിലുള്ളത് ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യണം. താമസിക്കാൻ ഒരു വീടില്ലെങ്കിൽ മാത്രമേ വീടിന്റെ കാര്യം ചിന്തിക്കാവു. അത്തരക്കാർ പോലും  തൽക്കാലം വാടക വീടിനെ ആശ്രയിക്കുന്നതാകും നന്ന്. കാരണo ഇപ്പോൾ നിർമാണ സാമഗ്രകളുടെ ദൗർലഭ്യം ഉണ്ട് . സിമന്റ് അടക്കമുള്ളവക്ക് വിലയും വളരെ കൂടുതലാണ്. അതിഥി തൊഴിലാളികൾ മടങ്ങിയതിനാൽ പണിക്കാരെ കിട്ടാനും ബുദ്ധിമുട്ടുണ്ട്. അതിനാൽ പ്രശ്നങ്ങൾ തീരും വരെ കാത്തിരിക്കുന്നതാകും ബുദ്ധി.               

4.സ്ഥലം വാങ്ങൽ ഇപ്പോൾ വേണ്ട                  

പ്രവാസികൾക്ക് എക്കാലവും ഏറെ ഇഷ്ടപ്പെട്ട നിക്ഷേപമാണല്ലോ ഭൂമിയും ഫ്ലാറ്റും. എന്നാൽ നിക്ഷേപം എന്ന നിലയിൽ ഇന്നത്തെ സാഹചര്യത്തിൽ ഈ വാങ്ങലുകൾ  വേണ്ട. കാരണം പണത്തിനു ആവശ്യം വന്നാൽ വിൽക്കാനാകില്ല. അല്ലെങ്കിൽ കനത്ത നഷ്ടത്തിൽ വിൽക്കേണ്ടിവരും. എന്നാൽ സ്വന്തമായി ഒരു വീട് കൂടിയേ തീരൂ എന്നുള്ളവർക്ക് അതിനു ഭൂമി വാങ്ങാനുള്ള അവസരമാണ് അതുപയോഗപ്പെടുത്താം.   

5. ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപം കരുതലോടെ മാത്രം
വളരെ കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഓഹരികൾ കിട്ടും എന്നതിനാൽ ഓഹരി, ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിനു ഏറ്റവും മികച്ച സമയമാണെന്നതിൽ സംശയമില്ല. പക്ഷേ ഇനിയും കാര്യമായ ഇടിവുകൾ ഉണ്ടാകും. അതുകൊണ്ടു തന്നെ ഇടക്ക് പണത്തിന് അത്യാവശ്യം വന്നാൽ വലിയ നഷ്ടം സഹിക്കേണ്ടി വരാം. ചിലപ്പോൾ വിൽക്കാൻ പോലും സാധിക്കാതെ വരാം. അതിനാൽ കൈയിലുള്ളതിന്റെ ചെറിയ വിഹിതം മാത്രം നിക്ഷേപിക്കുക . അതും അടുത്ത നാലോ അഞ്ചോ വർഷത്തേക്ക് ആവശ്യം വരില്ല എന്നുറപ്പുള്ള തുക മാത്രം. ഇങ്ങനെ നിക്ഷേപിക്കുമ്പോൾ ഏറ്റവും മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ വിപണി തിരിച്ചു കയറുമ്പോൾ നേട്ടം ഉറപ്പാക്കാം

6.പണച്ചെലവുള്ള കാര്യങ്ങൾ വേണ്ടെന്നു വെക്കുക
പുതിയ വാഹനം, വില കൂടിയ വസ്ത്രങ്ങൾ, അത്യാവശ്യമില്ലാത്ത ഗൃഹോപകരണങ്ങൾ വില കൂടിയ ഫോൺ എന്നിവയടക്കം പണചെലവുള്ളതെല്ലാം രണ്ടല്ല, പല വട്ടം ആലോച്ചിട്ടു മാത്രമേ വാങ്ങാവൂ. അത്തരത്തിൽ ചെലവാക്കിയാൽ നാളെ ഒരു പക്ഷേ ഭക്ഷണത്തിനു മരുന്നിനും വരെ ബുദ്ധിമുട്ട് വരാം. ഇന്നലെ വരെ നിങ്ങൾ പണം കൊടുത്തു സഹായിച്ചവരാരും നാളെ നിങ്ങളെ സഹായിക്കാനുണ്ടാവും എന്ന പ്രതീക്ഷിക്കരുത്

English Summery:Handle Money with Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA