ADVERTISEMENT


വിള ഉത്പാദന രംഗത്തും മൃഗ പരിപാലന രംഗത്തും മത്സ്യ മേഖലയിലും വാണിജ്യവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സ്വയംപര്യാപ്ത ഭാരതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകന് കൃഷിയിറക്കാന്‍ വായ്പകള്‍, സംരംഭകര്‍ക്ക് ഉത്പന്നങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത ബിസിനസ് അവസരങ്ങള്‍. എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനം കൂടി ഉള്‍പ്പെടുന്ന പരിപാടികളാണ് ശക്തിപ്പെടുത്തുന്നത്. കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കര്‍ഷകനെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ട് കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നവയായിരിക്കണമെന്ന അടിസ്ഥാന തത്വം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല.

വിള ഉത്പാദനത്തിന് വായ്പ

കര്‍ഷകര്‍ക്ക് ഉത്പാദന ചെലവുകള്‍ നിര്‍വഹിക്കുന്നതിന് ഹ്രസ്വകാല വായ്പകളുടെ ലഭ്യത ഉയര്‍ത്തും. ഇതിനായി സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നബാര്‍ഡ് മുഖാന്തിരം പുനര്‍ വായ്പ ലഭ്യമാക്കും. നിലവിലുള്ള പുനര്‍ വായ്പ സൗകര്യത്തില്‍ 30,000 കോടി രൂപ അധികമായി നല്‍കും. കൃഷി ചെയ്യുന്നതിനായി ഇതിനോടകം എടുത്തിട്ടുള്ള വായ്പ മോറട്ടോറിയം കഴിയുന്നതോടെ പലിശയുള്‍പ്പെടെ തിരിച്ചടയ്ക്കണം. കൃഷിയിടത്തിന്റെ വിസ്തൃതിയും നാല്‍ക്കാലികള്‍ ഉള്‍പ്പെടെ മറ്റ് ആസ്തികളും വര്‍ദ്ധിപ്പിക്കാതെ ബാങ്കുകള്‍ അധികവായ്പ നല്‍കില്ല. ലോക്ഡൗണ്‍ കാലത്ത് വിള കൊയ്തെടുക്കാന്‍ സാധിക്കാതെയും ഉല്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാതെയും ബുദ്ധിമുട്ടിയ കര്‍ഷകന് അധിക വായ്പാ വാഗ്ദാനം പണമാക്കി മാറ്റാന്‍ കടമ്പകള്‍ ഏറെയുണ്ട്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

കര്‍ഷകര്‍ക്ക് അനുവദിക്കുന്ന വായ്പ വിതരണം ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ഗ്ഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലായിട്ട് കുറെ വര്‍ഷങ്ങളായി. എന്നാല്‍ കര്‍ഷകരുടെ ഇടയില്‍ ഇനിയും കാര്‍ഡ് ഉപയോഗം വ്യാപകമായിട്ടില്ല. ഓരോ കൃഷിക്കാരനും അര്‍ഹതപ്പെട്ട കാര്‍ഷിക വായ്പകള്‍ ഇതിനോടകം ഉപയോഗപ്പെടുത്തുകയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടയ്ക്കാന്‍ മോറട്ടോറിയം ആവശ്യപ്പെടുന്ന അവസ്ഥയുമാണ്. നിലവില്‍ വായ്പാ അക്കൗണ്ടുകളില്‍ തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക ദീര്‍ഘകാല വായ്പകളായി പുനഃസംഘടിപ്പിച്ചശേഷം ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതുതായി അധിക തുക അനുവദിച്ചാല്‍ പ്രയോജനകരമാകും. പിന്‍വലിക്കാന്‍ പാകത്തില്‍ തുക കൂട്ടിച്ചേര്‍ത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് കരുതാം.  

ഉത്പാദനാന്തര പ്രവര്‍ത്തനങ്ങള്‍ക്ക്

കൃഷിയിടത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണയിലോ സംസ്‌ക്കരണ യൂണിറ്റുകളിലോ എത്തിക്കുന്ന സപ്ലെ ചെയിനില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശീതികരിച്ച ഉത്പന്ന ശൃംഖലകള്‍ , അവ കൈകാര്യം ചെയ്യാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, അന്തര്‍ദേശീയ വിപണികളിലേയ്ക്ക് എത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് ഒരുലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരുമായി ബന്ധമില്ലാതെ ഇടനിലക്കാരെ മാത്രം സഹായിക്കുന്ന പ്രവര്‍ത്തനമായി മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. സപ്‌ളെ ചെയിനിന്റെ ഓരോ ഘട്ടങ്ങളിലും ലഭ്യമാകുന്ന മൂല്യ വര്‍ദ്ധനവില്‍ കര്‍ഷകന്റെ അവകാശം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഭക്ഷ്യ സംസ്‌ക്കരണം

സൂക്ഷ്മ ചെറുകിട മേഖലകളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗപ്പെടുത്തി ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനമുണ്ടാകും. പ്രാദേശികമായി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ബ്രാന്‍ഡുകളുമാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഗുണനിലവാരം പുലര്‍ത്തുന്ന സംസ്‌ക്കരണ ക്ലസ്റ്ററുകള്‍ ഉണ്ടാകും. ഓരോ ക്ലസ്റ്ററും ഓരോ പ്രത്യേക ഉത്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ശ്രദ്ധ ചെലുത്തും.

വിപണിയും വിലയും

നിയന്ത്രിത വിപണന ചട്ടക്കൂടുകള്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റെഗുലേറ്റഡ് വിപണികളില്‍ ലൈസന്‍സുള്ള കച്ചവടക്കാര്‍ക്ക് അവര്‍ തീരുമാനിക്കുന്ന വിലയ്ക്ക് നല്‍കേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നടപടികളുണ്ടാകും. ഓണ്‍ലൈനായും ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചും ഉത്പന്നങ്ങളുടെ ഇ-ട്രേഡിംഗ് വിപുലപ്പെടുത്തും. വിള തെരഞ്ഞെടുക്കുന്നതിനും കൃഷി ആരംഭിക്കും മുമ്പ് തന്നെ ഉത്പന്ന വില നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെടുന്നതിനും അവസരം ലഭിക്കുന്ന കോണ്‍ട്രാക്ട് ഫാമിംഗ് സംവിധാനം വ്യാപകമാക്കുന്നതിനും പദ്ധതികളുണ്ടാകും. ഉത്പന്നങ്ങള്‍ സംഭരിക്കുന്നവര്‍, കയറ്റുമതിക്കാര്‍, സംസ്‌ക്കരണ ഫാക്ടറികള്‍ തുടങ്ങി വ്യത്യസ്ത കമ്പനികളുമായി കര്‍ഷകരെ നേരിട്ട് ബന്ധപ്പെടുത്തുന്ന സമീപനമായിരിക്കും. പൊതുവെ പ്രയോജനപ്പെടുന്ന ചില പരിപാടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഈ ദുരന്തഘട്ടത്തില്‍ അശരണര്‍ക്കും സാധാരണക്കാര്‍ക്കും ഗുണകരമാകേണ്ട അടിയന്തര നടപടികള്‍ ഇനിയും കാത്തിരിക്കേണ്ടതാണെന്ന് തോന്നുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com