ADVERTISEMENT

ഒരു വീടു വാങ്ങുവാനായി സമ്പാദിച്ചു കൊണ്ടിരുന്ന നിങ്ങളുടെ മുന്നില്‍ ഇപ്പോഴുള്ള ചോദ്യം നിലവിലെ ജോലി എങ്ങനെ നിലനിര്‍ത്തുമെന്നതാണോ? ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ വാങ്ങിയതിന്റെ ഇഎംഐ എങ്ങനെ അടച്ചു തീര്‍ക്കുമെന്ന ആശങ്കയിലാണോ നിങ്ങള്‍? കോവിഡ് കാലത്ത് ഇത്തരം നിരവധി ആശങ്കകളാണ് പലര്‍ക്കുമുളളത്. ഇനി ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാന്‍ തക്ക സാമ്പത്തിക ആസൂത്രണം ഇല്ലാത്ത വ്യക്തികളും നമുക്കിടയിലുണ്ടാകും. എന്തായാലും കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ട സാഹചര്യമാണിതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. നാലു പ്രധാന ഘടകങ്ങളാണ് സാമ്പത്തിക ആസൂത്രണത്തിനു മുന്‍പായി കണക്കിലെടുക്കേണ്ടത്.

 എന്താണ് നിങ്ങളുടെ ലക്ഷ്യം?

കൃത്യമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാവണം സാമ്പത്തിക ആസുത്രണം ആരംഭിക്കേണ്ടത്. ഒരു വീടു വാങ്ങലോ മക്കളുടെ വിദ്യാഭ്യാസമോ ജോലിയില്‍ നിന്നു വിരമിച്ച ശേഷമുളള ആവശ്യത്തിനായുള്ള സമ്പാദ്യമോ ഒക്കെയാവാം അത്.

 എത്ര തുക?

നിങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ എത്ര തുക ആവശ്യമായി വരും? അതേക്കുറിച്ച് കൃത്യമായ ധാരണ ആദ്യം തന്നെ ഉണ്ടാക്കിയെടുക്കണം. അതിനു ശേഷമാവണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്.

എത്ര കാലത്തേക്ക്?

എത്ര കാലം കൊണ്ടാണ് നിങ്ങള്‍ ഈ ലക്ഷ്യം കൈവരിക്കുവാന്‍ ഉദ്ദേശിക്കുന്നത്? ഇക്കാര്യത്തിലും വ്യക്തമായ ധാരണ ആദ്യം തന്നെ ഉണ്ടായിരിക്കണം.  അതിന്റെ അടിസ്ഥാനത്തിലാവണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്.

എവിടെ നിക്ഷേപിക്കണം?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏതു രംഗത്തെ നിക്ഷേപമാണ് നല്ലത്. എത്രത്തോളം നഷ്ട സാധ്യത കൈവരിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും തുടങ്ങിയവയെല്ലാം പരിഗണിക്കണം.  ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ക്കാകുമ്പോള്‍ നഷ്ട സാധ്യതയുണ്ടായാലും പിന്നീട് അതു നികത്താന്‍ സമയം ലഭിക്കുമല്ലോ. പക്ഷേ സമീപ ഭാവിയിലെ ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപമാകുമ്പോള്‍ അത് ഏറ്റവും കുറഞ്ഞ നഷ്ട സാധ്യതയുള്ളവയില്‍ ആയിരിക്കണം.

എന്തിനെല്ലാം ചെലവഴിക്കുന്നു?

നിങ്ങളുടെ ചെലവുകള്‍ ഏതെല്ലാം വിഭാഗങ്ങളിലാണെന്നു കണ്ടെത്തി അവയില്‍ ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ വരുത്തി നിക്ഷേപിക്കാന്‍ നമുക്ക് ശ്രമിക്കാനാവും. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, വാടക, വായ്പാ തിരിച്ചടവ് തുടങ്ങിയവ എന്തായാലും ഒഴിവാക്കാനാവാത്തവയാണല്ലോ. അപ്രതീക്ഷിത സാഹചര്യങ്ങള്‍ ഉണ്ടായാലും ഒന്‍പതോ പത്തോ മാസത്തേക്ക് ഇവയെല്ലാം തുടര്‍ന്നു പോകാനുള്ള നില ഉണ്ടായിരിക്കണം. മൂന്നു മാസത്തെ അത്യാവശ്യ ചെലവുകള്‍ കണക്കാക്കി അതിന്റെ ശരാശരി എടുക്കണം. നിങ്ങളുടെ ശമ്പളത്തിന്റെ, അതായത് നികുതികളും മറ്റുമെല്ലാം കഴിഞ്ഞു കിട്ടുന്ന ശമ്പളത്തിന്റെ 40-50 ശതമാനത്തോളമായിരിക്കും ഇത്തരം അടിസ്ഥാനപരമായ ചെലവുകള്‍ക്കു വേണ്ടി വരിക. ഇത് 50,000 രൂപയാണെങ്കില്‍ നാലര ലക്ഷത്തോളം രൂപ ഇങ്ങനെ അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കാനാവണം. ഇത് സ്ഥിര നിക്ഷേപങ്ങളിലും സേവിങ്‌സ് അക്കൗണ്ടുകളിലുമായി നിക്ഷേപിക്കുന്നതായിരിക്കും മികച്ചത്. സ്ഥിര നിക്ഷേപമാകുമ്പോള്‍ ഒരു വര്‍ഷ കാലാവധിയാവും ഉചിതം.

കുടുംബത്തിന്റെ സുരക്ഷയും സംരക്ഷണവും

കുടുംബത്തിനു പരിരക്ഷ നല്‍കുക എന്നതിനാണ് അടുത്തതായി പ്രാധാന്യം കൊടുക്കേണ്ടത്. വരുമാനത്തിന്റെ പത്തു മുതല്‍ 20 ശതമാനം വരെ ഇതിനായി ചെലവഴിക്കണം. ചികില്‍സാ ചെലവുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇതിന് ഏറെ പ്രസക്തിയുമുണ്ട്. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ മിശ്രിതം മികച്ച രീതിയില്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ സംരക്ഷണ ആവശ്യത്തിനായി നിക്ഷേപങ്ങളില്‍ ഒരു ഭാഗം മാറ്റി വെയ്ക്കുകയും ചെയ്യണം.

ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപം

ഇതിനും ശേഷമാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള നിക്ഷേപം നടത്താനുള്ള ആസൂത്രണം വേണ്ടത്. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വീടു വാങ്ങുക, മൂന്നു വര്‍ഷം കൊണ്ട് കാറു വാങ്ങുക, വിരമിച്ചതിനു ശേഷമുള്ള ചെലവുകള്‍ക്കായി സമ്പാദിക്കുക എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് അവയ്ക്കായുള്ള നിക്ഷേപങ്ങള്‍ നടത്താം. ഇത്തരം ലക്ഷ്യങ്ങള്‍ പരിഗണിച്ച് വരുമാനത്തിന്റെ 20 ശതമാനം വരെയുള്ള തുകയാണ് നിക്ഷേപിക്കേണണ്ടത്. ജോലിയുള്ളവര്‍ നടത്തുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സ്വാഭാവിക നിക്ഷേപങ്ങള്‍ക്കു പുറമേയായിരിക്കണം ഈ നിക്ഷേപങ്ങള്‍.  വിവിധ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളെ ഹ്രസ്വകാലം, ദീര്‍ഘകാലം എന്നിങ്ങനെ ഉചിതമായി തരം തിരിക്കുകയും വേണം.

ആവശ്യങ്ങള്‍ മാത്രമല്ല, ആഗ്രഹങ്ങളുമുണ്ട്

ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്കായും മറ്റ് ആവശ്യങ്ങള്‍ക്കായുമെല്ലാം പണം ചെലവാക്കുന്നതിനെ കുറിച്ചു നാം വിശകലനം ചെയ്തുവല്ലോ. ഇവയ്‌ക്കെല്ലാം പുറമെ നമ്മുടെ ആഗ്രഹങ്ങളും ഉണ്ടാകുമല്ലോ. നക്ഷത്ര ഹോട്ടലില്‍ പോയി ഡിന്നര്‍ കഴിക്കുന്നതോ ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതോ പോലുള്ള ആഗ്രഹങ്ങളെ ഈ ഗണത്തില്‍ പെടുത്താം. നാം മുന്‍പു പരിഗണിച്ച ആവശ്യങ്ങളെല്ലാം കഴിഞ്ഞ് ഇതിനായുള്ള വകയിരുത്തലും നടത്താം. 20 ശതമാനത്തോളമുള്ള തുകയാവും സാധാരണ ഗതിയില്‍ ഇവയ്‌ക്കെല്ലാം നീക്കി വെക്കാനാവുക. ഇതേ രീതിയിലുള്ള സാമ്പത്തിക ആസൂത്രണമാകും കോവിഡ് കാലത്തും നമുക്കു നടത്താനാവുക.

ആക്‌സിസ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് മേധാവിയാണ് ലേഖകൻ

English Summery:Financial Planning in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com