പണിക്ക് വിളിക്കുമ്പോള്‍ നിയമന ലെറ്ററും നല്‍കണം; അസംഘടിത തൊഴില്‍ മേഖലയെ നിയമവിധേയമാക്കുമ്പോള്‍

HIGHLIGHTS
  • അസംഘടിത മേഖലയിലുള്ളവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് നടപടി
idukki-rajakumary-other-state-labours
SHARE

ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍ രണ്ട് തരത്തിലുണ്ട്. എല്ലാവിധ ആനുകൂല്യങ്ങളോടെ ജോലി ചെയ്യുന്ന സംഘടിത മേഖലയിലുള്ളവരും അര്‍ഹമായതൊന്നും ലഭിക്കാതെ പണിയെടുക്കുന്ന അസംഘടിത മേഖലയിലുള്ളവരും. 2010 ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ തൊഴിലാളികളുടെ എണ്ണം 46.5 കോടിയാണ്. അതില്‍ 43.7 കോടിയും അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് കുടുംബം പോറ്റുന്നവരാണ്. ഇവരില്‍ തന്നെ കാര്‍ഷിക വൃത്തിയില്‍ വ്യാപൃതരായവര്‍ 24.6 ശതമാനം വരും. ഈ കണക്കില്‍ നിന്ന് തന്നെ വ്യക്തമാണ് അസംഘടിത മേഖലയുടെ ശക്തി. എന്നാല്‍ മാന്യമായ വേതനമോ മറ്റ് ആനുകൂല്യങ്ങളോ മെഡിക്കല്‍ സഹായമോ എല്ലാം ഇവര്‍ക്ക് അന്യമാണ്. ഇവരെയും കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗയമായി ഇവര്‍ക്കും തൊഴിലില്‍ ചേര്‍ക്കുമ്പോള്‍ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്‍കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കോവിഡ് പാക്കേജ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു

2019 ലെ തൊഴില്‍ സുരക്ഷ, ആരോഗ്യം, പ്രവര്‍ത്തന സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട ചട്ടമനുസരിച്ച് തൊഴിലാളിയ്ക്ക് നിയമന ലെറ്റര്‍ നല്‍കണമെന്നത് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഈ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.  സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും നിയമമായിട്ടില്ല. കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് കൃത്യമായ രേഖകളില്ലാത്തതിനാല്‍ അസംഘടിത മേഖലയിലെ ഒരു തൊഴിലാളിയ്ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. എല്ലാം ഉപേക്ഷിച്ച് തൊഴിലാളികള്‍ പലായനം നടത്തേണ്ടി വരുന്നത് ഇതുകൊണ്ടാണെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെയും കൂടി സംഘടിത മേഖലയിലെ ആനുകൂല്യത്തിന് അര്‍ഹരാക്കാന്‍ ശ്രമം നടക്കുന്നത്.

തൊഴിലാളി നിയമവിധേയനാകും

നിയമന ലെറ്റര്‍ നല്‍കുന്നതോടെ തൊഴിലാളിയ്ക്ക് ഇക്കാര്യത്തില്‍ രേഖയാകും. ഇതുമൂലം മെഡിക്കല്‍ ആനുകൂല്യങ്ങള്‍ അടക്കമുളളവ ലഭ്യമാകുകയും ചെയ്യും. കൂടാതെ കൂലി, തൊഴില്‍ സമയം, ലീവ് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തൊഴില്‍ ദാതാവ് വ്യക്തമാക്കേണ്ടി വരും. പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ബില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത സഭാസമ്മേളനത്തില്‍ നിയമമാക്കിയെന്നിരിക്കും. അപ്പോഴും അസംഘടിത മേഖലയില്‍ കുറെ ദിവസത്തേയ്്ക്ക് പണിക്ക് വിളിക്കുന്ന ഇവര്‍ക്ക് ആര് എങ്ങനെ ഇത്തരം രേഖകള്‍ നല്‍കും എന്ന പ്രശ്‌നമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA