എസ്ബിഐ വീണ്ടും സ്ഥിരനിക്ഷേപ പലിശ നിരക്ക് കുറച്ചു, നിക്ഷേപ വരുമാനം കുറയും

HIGHLIGHTS
  • ഇത്തവണ കുറച്ചത് 40 ബേസിസ് പോയിന്റ്‌സ്
SBI-logo-845
SHARE

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ കുറവ് വരുത്തി. ഇതോടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വരുമാനം വീണ്ടും കുറയും. എല്ലാ കാലാവധികളിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കില്‍ 40 ബേസിസ് പോയിന്റ്‌സിന്റെ കുറവാണ് ഇത്തവണ വരുത്തിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ എസ്ബിഐ കുറവ് വരുത്തുന്നത്.കഴിഞ്ഞ ആഴ്ച റിപ്പോ നിരക്കില്‍ ആര്‍ബി ഐ 40 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. ഇതേ തുടർന്നാണ് എസ് ബിഐ നിരക്കു കുറച്ചത്. നിലവിലുള്ള നിക്ഷേപങ്ങളെ നിരക്കു കുറയ്ക്കൽ ബാധിക്കില്ലെങ്കിലും പുതുതായി നിക്ഷേപിക്കുന്നവർക്ക് വരുമാനം കുറയും.

നിരക്കുകള്‍ വീണ്ടും പരിഷ്‌കരിച്ചതോടെ എസ്ബിഐയുടെ ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.1 ശതമാനമായി. നിലവിലിത് 5.5 ശതമാനം ആയിരുന്നു. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് 5.3 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ  കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 5.4 ശതമാനവുമായി. മെയ് മാസം തുടക്കത്തില്‍ എസ്ബിഐ സ്ഥിര നിക്ഷേപ നിരക്കില്‍ 20 ബേസിസ് പോയിന്റ്‌സിന്റെ കുറവ് വരുത്തിയിരുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍

മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപ നിരക്കിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി പലിശ കുറച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവധിയെങ്കില്‍ 5.8 ശതമാനമാണ് പലിശ. നിലവില്‍ ഇത് 6.2 ശതമാനമാണ്. അഞ്ച് മുതല്‍ 10 വര്‍ഷം വരെയാണെങ്കില്‍ നിരക്ക് 6.5 ല്‍ നിന്നും 6.2 ആക്കി കുറച്ചു.
എന്നാൽ പലിശ  കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മികച്ച നിരക്ക് ലഭ്യമാക്കുന്നതിനായി  വികെയര്‍ ഡെപ്പോസിറ്റ് എന്ന പുതിയ ഉത്പന്നവും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപത്തിന് 30 ബേസിസ് പോയിന്റ്‌സ് അധിക പലിശ ലഭിക്കും. ഈ സെപ്റ്റംബര്‍ 30 വരെ പുതിയ സ്‌കീം ലഭ്യമാകും.

English Summery: Sbi Slashed Fixed Deposit Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA