ADVERTISEMENT

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി  ജൂലൈ 31ല്‍ നിന്നും നവംബര്‍ 30ലേയ്ക്ക് ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. പക്ഷേ ആ സമയത്ത് നിങ്ങള്‍ക്ക് വലിയൊരു തുക അധികമായി നികുതി ഇനത്തില്‍ നല്‍കേണ്ടി വരുമോ? അതിനുള്ള സാധ്യത തള്ളിക്കളയരുത്. നിങ്ങള്‍ അടച്ച മുന്‍കൂര്‍ നികുതി അടിസ്ഥാനമാക്കിയിട്ടുള്ള ഇളവുകള്‍ക്കുള്ള നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെങ്കില്‍ അങ്ങനെ സംഭവിക്കാം. എങ്ങനെയെന്നു നോക്കാം. 2020 മാര്‍ച്ച് 30നകം നികുതി ഇളവിനുള്ള  വിവിധ പദ്ധതികളില്‍ നിശ്ചിത തുക ഇടാന്‍ നിങ്ങള്‍ പ്ലാന്‍  ചെയ്തിട്ടുണ്ടാകും. അതു കഴിച്ചുള്ള തുകയാകും നികുതി ബാധകമായ വരുമാനമായി കാണിച്ചിട്ടുള്ളത് അതനുസരിച്ചാകും  മുന്‍കൂര്‍ നികുതി  അടച്ചിരിക്കുക. എന്നാല്‍ ലോക് ഡൗണ്‍ മൂലമോ വരുമാനം കുറഞ്ഞതു മൂലമോ മാര്‍ച്ച് 30നകം നിങ്ങള്‍ക്ക് അത്രയും തുക നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അങ്ങനെയെങ്കില്‍ ഫലത്തില്‍ നിങ്ങളുടെ  നികുതിബാധക വരുമാനവും നികുതിബാധ്യതയും വര്‍ധിക്കും. നവംബറില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്ലൊരു തുക അധികമായി അടയ്ക്കേണ്ടിയും വരും.

5000 രൂപയുടെ കുറവു പോലും  വലിയ ഭാരമാകാം

മാര്‍ച്ചില്‍ അടയ്‌ക്കേണ്ട  5000 രൂപയുടെ ഒരു ഗഡു മുടങ്ങിയാല്‍ പോലും അത് പിന്നീട് വലിയ ഭാരമാകാം. കാരണം കൃത്യമായി നിക്ഷേപം നടത്തി  നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍  താഴെ കൊണ്ടു വന്ന്  ആദായനികുതി പൂര്‍ണമായും ഒഴിവാക്കാന്‍  പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് അതു പാലിക്കാന്‍ കഴിയാതെ വന്നാല്‍ നികുതി ബാധ്യത കുതിച്ചുയരും. അതുപോലെ നിക്ഷേപം വഴി ഉയര്‍ന്ന സ്ലാബില്‍ നിന്നും വരുമാനം താഴ്ന്ന സ്ലാബിലേയ്ക്ക് കൊണ്ടു വരാന്‍ ഉദ്ദേശിച്ചിരുന്നവര്‍ക്കും  വലിയ തലവേദനയാകും.  എങ്ങനെയെങ്കിലും പണം  കണ്ടെത്തി നിക്ഷേപിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നവംബറില്‍ വലിയൊരു തുക നികുതി അടയ്‌ക്കേണ്ടി വരും.

പരിഹാരം ഉണ്ട്

മാര്‍ച്ച് 31 നകം നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഈ നിക്ഷേപ കാലവധി ജൂണ്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ഉദ്ദേശിച്ചിരുന്ന തുക അതാതു പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ മതി. നികുതി ബാധ്യത വര്‍ധിക്കില്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ നിക്ഷേപം നടത്താനുള്ള ഈ തുക നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നതാണ് ചോദ്യം. ഇല്ലെങ്കില്‍  പ്രശ്‌നമാകും. നിങ്ങളുടെ നികുതി ബാധക വരുമാനം പ്രതീക്ഷിച്ചിരുന്നതിലും  കൂടും. അതോടെ ആദായനികുതി നികുതി ബാധ്യത വര്‍ധിക്കും. ടാക്‌സ് റിട്ടേണില്‍ അതു കാണിക്കേണ്ടി വരും. അതനുസരിച്ചുള്ള തുക അധികമായി അടയ്ക്കുകയും വേണം.

ഈ വര്‍ഷത്തെ നിക്ഷേപവും ഉപയോഗിക്കാം

നിക്ഷേപത്തിനുള്ള സമയപരിധി മാര്‍ച്ചില്‍ നിന്നും ജൂണ്‍ 30 വരെയാക്കിയതിനാല്‍ ഏപ്രില്‍, മെയ്, ജുണ്‍ മാസങ്ങളില്‍ പിഎഫ്, പ്രീമിയം,
ഹൗസിങ് ലോണ്‍, കുട്ടികളുടെ ഫീസ്, ഭവനവായ്പ, മെഡിക്ലെയിം, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന എന്നിങ്ങനെ  ഏതിലെങ്കിലും നിങ്ങള്‍ പണം അടച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ഉള്‍പ്പെടുത്താം.

English Summery: Income Tax Return can be Paid till November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com