ADVERTISEMENT

രാജ്യത്തെ പലിശ നിരക്ക് 15 വര്‍ഷം മുമ്പത്തെ നിലയിലാണിപ്പോൾ. ആറ് മാസം മുമ്പു വരെ ശരാശരി 8.25 ശതമാനം പലിശ നിരക്കുണ്ടായിരുന്ന ഭവന വായ്പ ഏഴ് ശതമാനത്തിലും താഴെയാണിപ്പോൾ. റിപ്പോ അധിഷ്ഠിത നിരക്ക് ഇതിലും കുറവാണ്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് വിപണിയിലുണ്ടായ പണക്കമ്മി നികത്താനാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തി വായ്പ ചെലവ് കുറഞ്ഞതാക്കാന്‍ ആര്‍ ബി ഐ തുടരെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭവന, വാഹന, എം എസ് എം ഇ വായ്പകള്‍ക്കെല്ലാം പലിശ നിരക്ക് കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യം പെട്ടെന്ന് മാറാന്‍ സാധ്യത വിരളമായതിനാല്‍ കൂറെ കാലം ഇതേ പലിശ നിരക്ക് നിലനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറയുന്ന പലിശ

എട്ട് വര്‍ഷം മുമ്പ് 10 ശതമാനം വരെ പലിശ നിലനിന്നിരുന്ന അവസ്ഥയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ 6.7-7 ശതമാനത്തിലെത്തി നില്‍ക്കുന്നത്. ബാങ്കുകള്‍ ദിവസമെന്നോണം പലിശ നിരക്കില്‍ കുറവ് വരുത്തുന്നു. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ജൂണ്‍ 10 ന് പ്രാബല്യത്തിലാകും വിധം എം സി എല്‍ ആര്‍ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തിയത് രണ്ട് ദിവസം മുമ്പാണ്. തുടര്‍ച്ചയായി ഇത് 13-ാം തവണയാണ് എസ് ബി ഐ നിരക്ക് കുറയ്ക്കുന്നത്. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും എച്ച് ഡി എഫ് സി, അടക്കമുള്ള സ്വകാര്യ ബാങ്കുകളും ശരാശരി ഏഴ് ശതമാനത്തിലേക്ക് നിരക്ക് താഴ്ത്തിയിട്ടുണ്ട്.

ഇ എം ഐ ബാധ്യത കുറയുന്നു

ഇന്ന് ഭവന, വാഹന വായ്പകളടക്കം എതെങ്കിലും ബാധ്യതകള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. പലിശ നിരക്ക് കുറയുക എന്നാല്‍ ഇത്തരം വായ്പകളുടെ തിരിച്ചടവ് തുക കുറയുക എന്നുള്ളതാണ്. അതായത് ഡിസ്‌പോസിബിള്‍ ഇന്‍കം കൂടുന്നു. നിലവിലുള്ളതിനും പുതിയ വായ്പകള്‍ക്കും ഇത് ബാധകമാണ്. എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകളാണെങ്കില്‍ അടുത്ത റീസെറ്റ് പീരിയഡ് (വായ്പ തുടങ്ങിയ മാസം) വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. ആറ് മാസം മുമ്പ് 8.25 ശതമാനം പലിശ നല്‍കേണ്ടിയിരുന്നിടത്ത് ഇന്ന് ഏഴു ശതമാനത്തില്‍ താഴെയാണ് നിരക്ക്. പുതിയ വായ്പകളാണെങ്കില്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള ശമ്പളവരുമാനമുള്ളവര്‍ക്ക് 6.7 ശതമാനം വരെ നിരക്കില്‍ നിലവില്‍ വായ്പ ലഭിക്കും. 8.25 ശതമാനം പലിശ നിരക്കില്‍ 2,500,000 രൂപ 25 വര്‍ഷത്തേയ്ക്ക് വായ്പ എടുത്താല്‍ 19,711 രൂപയാണ് മാസതിരിച്ചടവ് വരുക. 25 വര്‍ഷം കൊണ്ട് ആകെ 5,913,376 രൂപ അടയ്‌ക്കേണ്ടി വരും. എന്നാല്‍ 6.7 ശതമാനം നിരക്കില്‍ ഇ എം ഐ 17,194 രൂപയായി കുറയും. ഏകദേശം 2,517 രൂപ മാസം മിച്ചം ലഭിക്കും. ആകെ അടയ്ക്കണ്ട തുക ഇവിടെ 5,15,8180 രൂപയിലേക്ക് താഴും.

പറയുന്ന പോലെ കുറയുന്നില്ലേ?

പലപ്പോഴും ആര്‍ ബി ഐ പലിശ നിരക്കില്‍ വരുത്തുന്ന ഇളവുകള്‍ റീട്ടെയ്ല്‍ കസ്‌ററമര്‍ക്ക് അതേ നിരക്കില്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടാകാറുണ്ട്. ഇളവുകള്‍ അപ്പപ്പോള്‍ ഇടപാടുകാര്‍ക്ക് കൈമാറാനാണ് 2019 ഒക്ടോബറില്‍ എം സി എല്‍ ആര്‍ ന് പകരം റിപോ അധിഷ്ഠിത നിരക്ക് ആര്‍ ബി ഐ നടപ്പാക്കിയത്. അതിന് ശേഷം എടുത്തിട്ടുള്ള വായ്പകളാണെങ്കില്‍ പലിശ നിരക്കിലെ കുറവ് അപ്പപ്പോള്‍ വായ്പകളില്‍ ലഭ്യമാകും. അതേസമയം എക്സേറ്റണല്‍ ബഞ്ച് മാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുുളള വായ്പകള്‍ക്ക് ഈ ആനുകൂല്യത്തിന് അടുത്ത റീസെറ്റ് പീരിയഡ് വരെ കാത്തിരിക്കേണ്ടി വരും. ഓരോ മൂന്ന് മാസം കൂടുമ്പോഴും നിരക്കുകള്‍ റീസെറ്റ് ചെയ്യണമെന്നാണ് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദേശം. അതുകൊണ്ട് അടുത്ത മൂന്ന് മാസം കാത്തിരിക്കേണ്ടി വരും ഈ ആനുകൂല്യം ലഭിക്കാന്‍.

എം സി എല്‍ ആര്‍

മാര്‍ജിനല്‍ ലെന്റിങ് റേറ്റ് മാനദണ്ഡമനുസരിച്ചാണ് നിങ്ങളുടെ വായ്പയെങ്കില്‍ നിരക്ക് ബാങ്ക് കുറച്ചാല്‍ മാത്രമെ അതിന്റെ പ്രയോജനം ലഭിക്കു. കാരണം ആര്‍ബി ഐ നിരക്കു കുറച്ചതടക്കമുള്ള നടപടികള്‍ മാത്രമല്ല അതത് ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളും കൂടി പരിഗണിച്ചുള്ളതാണ് എം സി എല്‍ ആര്‍ റേറ്റ്. അതുകൊണ്ട് അടുത്ത റീസെറ്റ് തീയതിയിലേ ഈ ആനുകൂല്യം നിങ്ങളിലേക്ക് ബാങ്ക് കൈമാറൂ.

home-are

ബാങ്കുകളില്‍ ബന്ധപ്പെടാം

വായ്പ എടുത്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടാല്‍ നിലവില്‍ ഈടാക്കുന്ന പലിശ നിരക്ക് അറിയാനാവും.
നിലവിലുള്ള ഭവന വായ്പകള്‍ ഏത് വിഭാഗത്തിലുള്ളതാണെന്നും റീസെറ്റ് തീയതി എന്നാണെന്നും അറിയാം. ചില ബാങ്കുകള്‍ മുമ്പ് കുറഞ്ഞ പലിശ നിരക്കിലേക്ക് മാറാന്‍ പ്രത്യേക അപേക്ഷ ആവശ്യപ്പെട്ടിരുന്നു. പല ബാങ്കുകളിലും ഇപ്പോഴും എംസിഎല്‍ ആറിനും മുമ്പുണ്ടായിരുന്ന ബേസ് റേറ്റില്‍ പോലും വായ്പകള്‍ തുടരുന്നുണ്ട്. ബേസ് റേറ്റ് പലിശ നിരക്ക് കൂടിയതുകൊണ്ടാണ് 2016 മുതല്‍ എം സി എല്‍ ആറിലേക്ക് വായ്പകള്‍ മാറ്റണമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയത്. പലപ്പോഴും വായ്പ എടുത്തവര്‍ അപേക്ഷ നല്‍കാത്തതുകൊണ്ടോ ആവശ്യപ്പെടാത്തതു കൊണ്ടോ പലിശ നിരക്ക് കൂടിയ വിഭാഗത്തിലായിരിക്കും ഇപ്പോഴും വായ്പകള്‍ തുടരുന്നത്. ഇക്കാര്യവും ബാങ്കില്‍ ബന്ധപ്പെട്ട് ബോധ്യപ്പെടേണ്ടതാണ്. ഒരു നിശ്ചിത തുക ഫീസ് നല്‍കി പലിശ നിരക്ക് കുറഞ്ഞ വിഭാഗത്തിലേക്ക് മാറാനും ബാങ്കുകള്‍ നേരത്തെ ഓപ്ഷന്‍ നല്‍കിയിരുന്നു.

പുതിയ വായ്പ

നിലവില്‍ ക്രെഡിറ്റ് സ്‌കോര്‍ പ്രശ്നങ്ങളില്ലാത്ത കസ്റ്റമര്‍ക്കു പുതിയ ഭവനവായ്പകള്‍ 6.7 ശതമാനത്തിന് വരെ ലഭ്യമാണ്. ഇതിന് ക്രെഡിറ്റ് സ്‌കോര്‍ 700 ന് മുകളില്‍ വേണം. ഒന്‍പത് വര്‍ഷം മുമ്പ് ഭനവവായ്പ നിരക്ക് 9.5-10 ശതമാനം വരെയായിരുന്നു എന്നോര്‍ക്കണം. ഇതാണ് 3.5 ശതമാനത്തിലേറെ കുറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 1.15 ശതമാനത്തിലേറെ പലിശ നിരക്ക് കുറഞ്ഞിട്ടുണ്ട്. നിലവിലെ നിരക്കില്‍ 30 ലക്ഷം രൂപ 30 വര്‍ഷത്തെ തിരിച്ചടവില്‍ വായ്പ എടുക്കുന്നവര്‍ക്ക് ഏകദേശം 19,358 രൂപയായിരിക്കും ഇ എം ഐ.

വാടകയാണോ സ്വന്തം വീടാണോ നല്ലത്?

പലിശ നിരക്ക് മുമ്പില്ലാത്ത വിധം താഴെ നില്‍ക്കുന്ന ഈ സമയമാണ് വീട് വാങ്ങാനോ,നിര്‍മ്മിക്കാനോ അനുയോജ്യം. കൊറോണ സാമ്പത്തിക ബാധ്യത മറികടക്കാനാവുമെന്ന ആത്മവിശ്വാസമുള്ളവര്‍ക്ക് സ്വപ്‌ന ഭവനം എന്ന ആശയം ഇപ്പോള്‍ പൊടി തട്ടിയെടുക്കാമെന്ന് തോന്നുന്നു. നിലവില്‍ കേരളത്തിലെ അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ 1500 ചതുരശ്ര അടി ഫ്ളാറ്റ് / വീട് വാടകയ്ക്കെടുക്കാന്‍ 12000-15000 രൂപ നല്‍കേണ്ടി വരും. എന്നാല്‍ കുറച്ച് കൂടി മിച്ചം പിടിക്കാനാവുന്നവരാണെങ്കില്‍ വീട് വാങ്ങുന്നതാണ് ലാഭം. മുപ്പത് ലക്ഷം രൂപ 19,358 രൂപ ഇ എം ഐ അടവില്‍ ബാങ്കുകളില്‍ നിന്ന് വായ്പയായി ലഭിക്കും. ആദ്യവീടാണെങ്കില്‍ പ്രധാനമന്ത്രിയുടെ അഫോഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ പലിശ നിരക്കില്‍ മൂന്ന് മുതല്‍ നാല് ശതമാനം സബ്‌സിഡിയും ലഭിക്കും. പക്ഷെ കോവിഡ് കാലമായതിനാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ കൂടുതല്‍ കാര്‍ക്കശ്യം കാണിക്കുന്നുണ്ട്.

English Summery: Interest Rate is in 15 Years Low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com