ADVERTISEMENT

കഴിഞ്ഞ കേന്ദ്ര ബജറ്റിനെ തുടര്‍ന്ന് നിങ്ങളുടെ എന്‍ആര്‍ഐ  സ്റ്റാറ്റസ് ഇല്ലാതായെന്നും അതുകൊണ്ട് വിവിധ ഇളവുകള്‍ നഷ്ടപ്പെടും  എന്നും കരുതി ഇരിക്കുകയാണോ നിങ്ങള്‍? എന്നാല്‍ അതു ശരിയാവണമെന്നില്ല.

പ്രവാസി ഇന്ത്യക്കാരന് അഥവാ എന്‍ആര്‍ഐയ്ക്ക്  ഇന്ത്യയില്‍ പല നികുതി ഇളവുകളും ഉണ്ട്. അതിന് ഇപ്പോള്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്നറിയണമെങ്കില്‍ ആരാണ് വിദേശ ഇന്ത്യക്കാരന്‍ എന്നും അതിനുള്ള നിയമങ്ങള്‍ എന്തെന്നും ആദ്യം മനസിലാക്കണം.

ഇന്ത്യന്‍ പൗരനായ ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ എത്ര ദിവസം ചിലവഴിച്ചു എന്നതിനെ  അടിസ്ഥാനമാക്കിയാണ്   എന്‍ആര്‍ ഐ ആണോ അല്ലയോ എന്നു  നിശ്ചയിക്കുന്നത്.

നാട്ടില്‍  59 ദിവസത്തില്‍ താഴെ  എങ്കില്‍

മാര്‍ച്ച് 2020  ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം, ആകെ 59 ദിവസം മാത്രമാണ് ഇന്ത്യയില്‍ ചിലവഴിച്ചതെങ്കില്‍ നിങ്ങള്‍  എന്‍ ആര്‍ ഐ ആണ്. ഇവിടെ വിദേശ വാസം ജോലിക്കോ  ബിസിനസിനോ വേണ്ടി ആകണം  എന്നു നിര്‍ബന്ധമില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 2 ന്  നാട്ടിലെത്തിയ  ഒരാള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ  ബാക്കി മുഴുവന്‍ നാളും വിദേശത്താണെങ്കില്‍ അയാള്‍ എന്‍ആര്‍ ഐ ആയിരിക്കും . (ആകെ 59 നാള്‍ ഇന്ത്യയില്‍)

ജോലിക്കോ ബിസിനസിനോ വിദേശത്ത് പോയവര്‍

1 ഈ സാമ്പത്തിക വര്‍ഷം 60  ദിവസമോ അതില്‍ കൂടുതലോ  ഇന്ത്യയില്‍ ആയിരുന്നാലും എന്‍െആര്‍ഐ പദവി കിട്ടും. എന്നാല്‍ 182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ ആകാന്‍  പാടില്ല. ഒക്ടോബര്‍ 5 ന് നാട്ടിലെത്തിയെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി വിദേശത്തായിരുന്നുവെന്നും കരുതുക. ആകെ 179 നാള്‍  മാത്രമേ ഇന്ത്യയിലുണ്ടായിരുന്നുള്ളൂ. അതിനാല്‍  ഇദ്ദേഹം എന്‍ ആര്‍ ഐ തന്നെയാണ് .

2 ഈ സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ ആയിരുന്നാലും  കഴിഞ്ഞ 10 വര്‍ഷത്തില്‍ 2 വര്‍ഷം  എങ്കിലും ഇന്ത്യയില്‍ റസിഡന്റ് സ്റ്റാറ്റസ് ഇല്ലാതിരുന്നാല്‍ മതി. അങ്ങനെയെങ്കില്‍   നിങ്ങള്‍ RNOR (resident but not ordinarily resident) വിഭാഗത്തിലാണ്  പെടുക. എന്‍ ആര്‍ ഐ ക്കാര്‍ക്കുള്ള  ടാക്‌സ് ഇളവുകള്‍ക്ക് ഈ വിഭാഗത്തിനും അര്‍ഹതയുണ്ട്.

3 ഓഗസ്റ്റ് 1ന് നാട്ടിലെത്തിയ ആള്‍ ഈ സാമ്പത്തിക വര്‍ഷം ആകെ 244 ദിവസവും ഇന്ത്യയിലാണ്. ഇവിടെയും ഇക്കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 2 വര്‍ഷം ഇന്ത്യയുടെ  റസിഡന്റ് സ്റ്റാറ്റസ് ഇദ്ദേഹത്തിന് ഇല്ല  എങ്കില്‍  RNOR പദവിക്കും ടാക്‌സ് ഇളവുകള്‍ക്കും അര്‍ഹത ഉണ്ട്.

4 മേല്‍ ഉദാഹരണത്തില്‍ കഴിഞ്ഞ  10 വര്‍ഷത്തിനിടയില്‍ 2 വര്‍ഷം ഇന്ത്യയില്‍  റസിഡന്റ് സ്റ്റാറ്റസ് ഉണ്ടെങ്കിലും  അവസാന 7 വര്‍ഷത്തില്‍    മൊത്തം 729 ദിവസത്തില്‍  താഴെയേ ഇന്ത്യയില്‍  ഉണ്ടായിരുന്നുള്ളവെങ്കിലും RNOR പദവിക്ക് അര്‍ഹതയുണ്ട് .

ജോലിക്കോ ബിസിനസിനോ അല്ലാതെ വിദേശത്തു പോയവര്‍

1 ഈ സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഒരാള്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍, 365 ദിവസത്തില്‍ താഴെയേ ഇവിടെ  ചിലവഴിച്ചിട്ടുള്ളൂവെങ്കില്‍ എന്‍ ആര്‍ ഐ ആണ്.

2  ഇക്കഴിഞ്ഞ നാലു വര്‍ഷത്തില്‍ 365 ഓ അതിലധികമോ ദിവസം  ഇന്ത്യയില്‍ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തില്‍ 2 വര്‍ഷം റസിഡന്റ്സ്റ്റാറ്റസ് ഇല്ല എങ്കില്‍ (ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചിരുന്നില്ല എങ്കില്‍)  RNOR  ആണ്

3 കഴിഞ്ഞ 10 വര്‍ഷക്കാലത്ത്, 2 വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്ന ആളാണെങ്കിലും കഴിഞ്ഞ 7 വര്‍ഷത്തില്‍ 729 ദിവസമോ അതില്‍ കുറവോ ആണ് ഇന്ത്യയില്‍ താമസിച്ചിരിക്കുന്നതെങ്കില്‍  നിങ്ങള്‍ RNOR വിഭാഗത്തില്‍ പെടും .

കോവിഡ് ലോക്ഡൗണ്‍ ആനുകൂല്യം കൊണ്ടുള്ള അധിക ദിനങ്ങള്‍ കണക്കിലെടുക്കാതെയാണ്  ഇതെല്ലാം.

എന്‍.ആര്‍.ഐ, ആര്‍.എന്‍.ഒ.ആര്‍ വിഭാഗത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നോ എന്ന് തിരിച്ചറിയുന്നത് ആദ്യ പടിയാണ്.  എന്‍ആര്‍ഐ ആണെങ്കില്‍ നിയമപരമായി എന്തൊക്ക ഇളവുകളാണുള്ളത്, അത് ലഭ്യമാക്കാന്‍ എന്തൊക്ക മുൻകരുതലുകള്‍ എടുക്കണം എന്നും അടുത്തതായി അറിയാം.

 പ്രമുഖ പൊതുമേഖലാ ബാങ്കിൽ ഉദ്യോഗസ്ഥനാണ് ലേഖകന്‍

English Summery: Avail Nri Tax Exemptions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com