ADVERTISEMENT

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന്  ഇനി മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി  നല്‍കണം.  ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ മാറ്റത്തിന്റെ പ്രത്യാഘാതം കൂടുതല്‍ പ്രകടമാകുന്നത് ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകളില്‍ ആയിരിക്കും. സ്റ്റാമ്പ് ഡ്യൂട്ടി ഒറ്റത്തവണ ചാര്‍ജായാണ്  ഈടാക്കുന്നത്. അതിനാല്‍  30 ദിവസമോ അതില്‍ കുറവോ നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കുന്ന  നിക്ഷേപകരെ സംബന്ധിച്ച് ചെലവ് ഉയരും.  മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പുതിയതായി ഓരോ തവണ വാങ്ങുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടി വരും . ലിക്വിഡ് ഫണ്ടുകള്‍ , ഓവര്‍നൈറ്റ് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കുറയാന്‍ ഇത്  കാരണമായേക്കും.

മ്യൂച്വല്‍ ഫണ്ടുകളിലെ ഒറ്റത്തവണ നിക്ഷേപത്തിനും സിസ്റ്റ് മാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ( എസ്‌ഐപി), സിസ്റ്റ്മാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ ( എസ്ടിപി)  എന്നിവ വഴിയുള്ള നിക്ഷേപത്തിനും  സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കും.  മാത്രമല്ല ലാഭവിഹിതം പുന്‍നിക്ഷേപിക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഡ്യൂട്ടി നല്‍കേണ്ടതില്ല.

എല്ലാത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാധകം

ഇക്വിറ്റി, ഡെറ്റ് ഉള്‍പ്പടെ എല്ലാത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ബാധകമായിരിക്കും. ഹ്രസ്വകാലയളവിലേക്ക് നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകളെ ആയിരിക്കും കൂടുതലായി ബാധിക്കുക.

സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത് നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനം ആയിരിക്കും. ഇത് കൂടാതെ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ കൈമാറ്റത്തിന് അതായത് ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതിന് 0.015 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കും. തൊണ്ണൂറ് ദിവസമോ അതില്‍ താഴെയോ വരുന്ന ഹ്രസ്വകാലയളവിലെ നിക്ഷേപങ്ങളെ ആയിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി കൂടുതലായി ബാധിക്കുക. അതേസമയം ദീര്‍ഘകാലയളവില്‍  കൈവശം വെയ്ക്കുന്ന നിക്ഷേപങ്ങളെ സംബന്ധിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയുടെ പ്രത്യാഘാതം താരതമ്യേന കുറവായിരിക്കും എന്നാണ് വിലയിരുത്തല്‍

മറ്റ് നിക്ഷേപങ്ങളുടെയും ചെലവുയർത്തും

മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇടാക്കാനുള്ള  തീരുമാനം യൂലിപ് , എന്‍പിഎസ്, പ്രോവിഡന്റ് ഫണ്ട് പോലുള്ള നിക്ഷേപങ്ങളുടെയും ചെലവുയര്‍ത്തിയേക്കും. ഈ നിക്ഷേപങ്ങള്‍ ഡെറ്റ് അല്ലെങ്കില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നവയാണ്.

ഈ വര്‍ഷം  തുടക്കത്തില്‍ തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കി തുടങ്ങാനായിരുന്നു തീരുമാനം . എന്നാല്‍ ആദ്യം ഇത് ഏപ്രിലിലേക്കും പിന്നീട് ജൂലൈയിലേക്കും മാറ്റി വെയ്ക്കുകയായിരുന്നു.

English Summery:Mutual Funds Become costly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com