ADVERTISEMENT

പത്ത് ഗ്രാം സ്വര്‍ണത്തിന് 50,000 രൂപ എന്നത് വിദൂരസ്വപ്‌നമല്ല. സ്വര്‍ണ വില ഇങ്ങനെ കുതിക്കുകയാണെങ്കില്‍ അരലക്ഷത്തിലേക്ക് എത്താന്‍ വലിയ താമസമുണ്ടാകില്ല. കഴിഞ്ഞ ഏതാനും നാളുകളായി സ്വര്‍ണ വില ദിവസേന കൂടുകയാണ്. കൊച്ചിയില്‍ വ്യാഴാഴ്ച ഗ്രാമിന് വില 4,540 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് പത്ത്് ഗ്രാമിന് വില 45,040 രൂപ. നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തോട് ഒരിക്കലുമില്ലാത്ത ആവേശമാണ് വിപണിയില്‍ പ്രകടമാകുന്നത്. ഇതിന് പിന്നില്‍ കൊറോണയടക്കം ദേശീയവും അന്തര്‍ദേശീയവുമായ കാരണങ്ങള്‍ പലതാണ്. എന്തായാലും സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. കൊറോണാക്കാലത്ത് വന്‍ റിസ്‌കെടുത്തും മഞ്ഞലോഹം ചട്ടം ലംഘിച്ച് കടത്തുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

ആറ് മാസം, വളര്‍ച്ച 25 ശതമാനം

ആറ് മാസം കൊണ്ട് മഞ്ഞലോഹത്തിനുണ്ടായ വില വര്‍ധന 25 ശതമാനമാണ്. അതായത് ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി കുട്ടികള്‍ക്കോ ഭാര്യക്കോ നല്‍കിയിരുന്നുവെങ്കില്‍ ഇന്നതിന്റെ മൂല്യം 1.25 ലക്ഷം രൂപയായി ഉയരുമായിരുന്നു. നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ വേറെ ഏത് രംഗത്താണ് ഈ നേട്ടം ഉണ്ടാകുക. പുതുവര്‍ഷദിനത്തില്‍ 10 ഗ്രാം സ്വര്‍ണത്തിന് വില 39,108 രൂപയായിരുന്നു. ഇതാണ് 45,040 രൂപയില്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണം പ്രിയപ്പെട്ടതാകുന്നു

ഇന്ന് ലോകം ആകെപ്പാടെ അനിശ്ചിതത്വത്തിലാണ്.  ആശങ്കയുടെ നാളുകളില്‍  കൈയ്യില്‍ കൊണ്ട്് നടക്കാവുന്ന, പെട്ടെന്ന് പണമാക്കി മാറ്റാവുന്ന സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നത് സ്വാഭാവികം. ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കാലങ്ങളില്‍ സ്വര്‍ണനിക്ഷേപം ഉയരുന്നുവെന്ന് കാണാം.  അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും ഉയരുന്ന രാഷ്ട്രീയ, വംശീയ അസ്വസ്ഥതകളും, ഇന്ത്യയും ചൈനയും തമ്മിലും ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവും, ഒപ്പം ക്രൂഡ് വിലയുമെല്ലാം ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിന്് പുറമെയാണ് കോവിഡ് അന്തര്‍ദേശീയമായി സൃഷ്ടിച്ച അനിശ്ചിതത്വം.  ഇത്തരം പ്രശ്‌നങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. പുറമെ രൂപയുടെ മൂല്യശോഷണവും സമ്പദ് വ്യവ്സ്ഥയുടെ മുരടിപ്പും റിയല്‍ എസ്റ്റേറ്റ് അടക്കം മററുള്ള നിക്ഷേപമേഖല അനാകര്‍ഷകമാക്കി മാറ്റി.  ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറി. പലിശ നിരക്ക്് കുറഞ്ഞതോടെ മറ്റ് ഇതര നിക്ഷേപങ്ങളെല്ലാം അനാകര്‍ഷകമായി.


നിങ്ങളുടെ നിക്ഷേപ പട്ടികയില്‍ എത്ര ശതമാനമാണ് സ്വര്‍ണം

സ്വര്‍ണവില കുതിപ്പ് തുടങ്ങിയതോടെ പലരും അവരുടെ പോര്‍ട്ട്‌ഫോളിയോ സ്വര്‍ണമയമാക്കുന്നുണ്ട്. സാധാരണ നിലയില്‍ ഒരാള്‍ക്ക് ആകെ നിക്ഷേപത്തിന്റെ പത്ത് ശതമാനം വരെ സ്വര്‍ണം ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ സ്വര്‍ണ വില വീണ്ടും ഉയരാനുള്ള സാധ്യത തന്നെയാണ് കാണുന്നത്. ആ നിലയ്ക്ക് നിക്ഷേപ ശതമാനം അല്പം കൂട്ടുന്നതിലും തെറ്റില്ല. കാരണം പലിശ നിരക്കിലെ ഇടിവും കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളും നിമിത്തം ഇന്നത്തെ സാഹചര്യത്തില്‍ മറ്റ് നിക്ഷേപങ്ങള്‍ ഒന്നും കാര്യമായ നേട്ടം നല്‍കുന്നില്ല. പ്രത്യേകിച്ച് ഹ്രസ്വകാലത്തേയ്ക്ക്. ആ നിലയ്ക്ക് 10 ശതമാനമില്ലെങ്കില്‍ സ്വര്‍ണനിക്ഷേപത്തോത് കൂട്ടാവുന്നതുമാണ്.

ഇനിയും കൂടുമോ വില?

ലോകത്തെ വന്‍ശക്തികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭൂരാഷ്ട്ര പ്രതിസന്ധികള്‍ (ജിയോ പൊളിറ്റിക്കല്‍) കൂടുതല്‍ വഷളാകുന്നത് സ്വര്‍ണവില വീണ്ടുമുയര്‍ത്തുമെന്നാണ് വിദഗ്ധ മതം. കൂടാതെ ആഗോള തലത്തില്‍ കൊറണയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ഡവലപ്‌മെന്റ് സ്വര്‍ണത്തിന് ഗുണകരമാകും. അതേസമയം വില കൂടി നില്‍ക്കുന്നതിനാല്‍ ഇനിയൊരു കുതിച്ചു ചാട്ടത്തിന് സാധ്യതയില്ലെന്ന് പ്രവചിക്കുന്നവരും ചുരുക്കമെങ്കിലും ഇല്ലാതില്ല.

എന്തുകൊണ്ട് സ്വര്‍ണം?

ഇന്ത്യയില്‍ സ്ഥായിയായി കൂടുതല്‍ നേട്ടം തരുന്ന അഞ്ച് നിക്ഷേപങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് സ്വര്‍ണമാണെന്നാണ് വേൾഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്. പരമ്പരാഗതമായ പ്രത്യേകതകള്‍ കൊണ്ടും മറ്റും ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 28 ശതാനം പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപമിറക്കിയെങ്കില്‍ 19 ല്‍ അത് 32 ശതമാനമായി ഉയര്‍ന്നു. ഇതര നിക്ഷപങ്ങളുടെ ചാഞ്ചാട്ട കാലത്ത് പരിചയായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സുരക്ഷാ തട്ടായി സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപകര്‍ക്ക് ഇതൊരു ആശ്വാസമാകുന്നു. കൂടാതെ ഇത്ര കണ്ട് ലിക്വഡിറ്റി ഉള്ള നിക്ഷേപവും മറ്റൊന്നില്ല. പണത്തിന് ആവശ്യം വന്നാല്‍ ഉടന്‍ വിറ്റ് മാറാനോ അല്ലെങ്കില്‍ പണയം വച്ച് ആവശ്യം നടത്താനോ ഇവിടെ ബുദ്ധിമുട്ടില്ല.

ഫിസിക്കല്‍ ഗോള്‍ഡ്

സ്വര്‍ണം പല വിധത്തില്‍ സ്വന്തമാക്കാം. പാരമ്പര്യമായി നമ്മള്‍ സ്വര്‍ണം ആഭരണമായാണ് വാങ്ങി ഉപയോഗിക്കാറ്. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ വിറ്റൊഴിയുമ്പോഴോ മാറിയെടുക്കുമ്പോഴോ നഷ്ടസാധ്യത കൂടും. അതേസമയം ആഭരണമണിയുന്നതിന്റെ മനസുഖം ഇവിടെ ലഭിക്കും. നാണയങ്ങളായി കിട്ടുന്ന സ്വര്‍ണം വിറ്റ് മാറുമ്പോള്‍ ഈ പ്ര്ശ്‌നമുണ്ടാകില്ല. പ്യൂരിറ്റി ഉറപ്പ് വരുത്തണമെന്ന് മാത്രം.

ഇ.ടി.എഫ് ഗോള്‍ഡ് ബോണ്ട്

നിക്ഷേപമെന്ന നിലിയിലാണ് സ്വര്‍ണം വാങ്ങാന്‍ ഉദേശിക്കുന്നതെങ്കില്‍ ഗോള്‍ഡ് ഇടിഎഫ് (എക്‌സേഞ്ച് ട്രേഡഡ് ഫണ്ട്) പരിഗണിക്കാവുന്നതാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലാണ് ഇവിടെ പണം മുടക്കുന്നത്. ലിക്വിഡിറ്റി കൂടിയ ഇ ടി എഫ് ഫണ്ടുകളിലെ നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം

സ്വാഭാവിക മൂല്യവര്‍ധനയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍  അവസരമുണ്ട്.  2020-21 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന  സോവറിന്‍ ഗോള്‍ഡ് ബോണ്ട് നാലാം സീരീസിന്റെ വില്‍പന വ്യാഴാഴ്ച അവസാനിച്ചു.  ഒരു ഗ്രാം സ്വര്‍ണം (24 കാരറ്റ്)സബ്സ്‌ക്രൈബ്  ചെയ്യുന്നതിന് 4,852 രൂപയണ് വിലയിട്ടിരിക്കുന്നത്. അടുത്ത സീരിസ് അടുത്ത മാസം ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്.  ചുരുങ്ങിയ നിക്ഷേപം ഒരു ഗ്രാമാണ്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്സേഞ്ച്, മുംബൈ സ്റ്റോക് എക്സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അഞ്ച് വര്‍ഷത്തെ ലോക്കിംഗ് പീരിയഡുണ്ട്.

English Summary: Gold Gave 25 percent Return in Six Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com