sections
MORE

സ്വര്‍ണം വിൽക്കുന്നവരുടെ എണ്ണം കൂടുന്നു, ആഭരണം വില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

HIGHLIGHTS
  • സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വർധന
business-gold-rings
SHARE

സ്വര്‍ണത്തിന് വിലയേറിയതോടെ ആഭരണമായി വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ഇതിന് കാരണമാണെങ്കിലും ഉയര്‍ന്ന വിലയാണ് ഉപഭോക്താക്കളെ തത്കാലം മാറ്റി നിര്‍ത്തിയിരിക്കുന്നത്. എങ്കിലും വാങ്ങിയ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ചയുണ്ടായത് പ്രതിസന്ധിയിലും ജ്വല്ലറികള്‍ക്ക് താങ്ങായി.

മുമ്പ് ആകെ ബിസിനസിന്റെ 35 ശതമാനമാണ് ഇങ്ങനെ വിറ്റു പണമാക്കാന്‍ എത്തിയിരുന്നവരെങ്കില്‍ ഇപ്പോള്‍ അത് 60 ശതമാനം വരെയെത്തി നില്‍ക്കുന്നു. ആറ്് മാസം മുമ്പ് അര ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വില്‍ക്കുമ്പോൾ അതിന് 15000 രൂപ അധികം ലഭിക്കുമെന്ന സ്ഥിതിയാണ്. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എങ്കിലും നിക്ഷേപമെന്ന നിലയില്‍ ആഭരണം വാങ്ങുന്നവരുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.  വില റിക്കോഡിട്ട ഇക്കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങു്മ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യം നിശ്ചയമായും അറിയണം.

ഹാള്‍മാര്‍ക്ക് ചെയ്തിരിക്കണം

ആഭരണങ്ങളുടെ ശുദ്ധത അതിന്റെ കാരറ്റിനെ ആശ്രിയിച്ചിരിക്കുന്നു. 24 കാരറ്റ് സ്വര്‍ണമെന്നാല്‍ 99.9 ശതമാനം ശുദ്ധമാണെന്നര്‍ഥം. 22 കാരറ്റില്‍ സ്വര്‍ണം 91.6 ശതമാനമാണ്. 24 കാരറ്റ് ശുദ്ധ സ്വര്‍ണമുപയോഗിച്ച് ആഭരണമുണ്ടാക്കാനാവില്ല. അതുകൊണ്ട് ആഭരണനിര്‍മാതാക്കള്‍ 14,18,22 കാരറ്റ് വീതം സ്വര്‍ണമുപയോഗിക്കുന്നു. ഇതില്‍ ആദ്യ രണ്ട് വിഭാഗത്തില്‍ യഥാക്രമം 58.33 ശതമാനവും 75 ശതമാനവുമാണ് സ്വര്‍ണത്തിന്റെ അളവ്. അതുകൊണ്ട് വാങ്ങുന്ന ആഭരണങ്ങള്‍ 22 കാരറ്റ് തന്നെയെന്ന് ഉറപ്പു വരുത്തണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ ഹാള്‍മാര്‍ക്ക് മുദ്ര നോക്കി വാങ്ങിയാല്‍ സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കാം. അതുകൊണ്ട് ആഭരണങ്ങള്‍ വാങ്ങാന്‍ ഉദേശിക്കുന്നുവെങ്കില്‍ അംഗീകൃത ജ്വല്ലറിയില്‍ നിന്ന് വാങ്ങുന്നതാണ് ഉത്തമം.

പണിക്കൂലി

പണിക്കൂലി സ്വര്‍ണം ആഭരണമാക്കി മാറ്റുന്നതിന് വരുന്ന തൊഴില്‍ ചെലവാണിത്. ആഭരണത്തിന്റെ സ്വഭാവമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഇത് പലപ്പോഴും മൂന്ന് മുതല്‍ 25 ശതമാനവും വിരളമായ കേസുകളില്‍ അതിനപ്പുറവും വരാം. പണിക്കൂലി നിലവിലുള്ള സ്വര്‍ണ വിലയുടെ അനുപാതത്തിലാണ് ജ്വല്ലറികള്‍ ഇടാക്കുക. അതുകൊണ്ട് ഉയര്‍ന്ന പണിക്കൂലി ഉള്ള ആഭരണങ്ങള്‍ വലിയ നഷ്ടമുണ്ടാക്കും. തന്നെയുമല്ല ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ മാത്രമാണ് വിലപേശല്‍ നടക്കുന്നത്. അതുകൊണ്ട് അത് പരമാവധി കുറപ്പിക്കുക.

സ്വർണ നാണയം

സ്വര്‍ണക്കടകളില്‍ ആഭരണങ്ങള്‍ക്കാണ് പ്രിയമെങ്കിലും വില അടിക്കടി കയറുമ്പോള്‍ സ്വർണ നാണയം വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. 24 കാരറ്റ് നാണയം ആണെങ്കില്‍ പണിക്കൂലി ഇല്ല. 22 കാരറ്റാണെങ്കില്‍ 250 രൂപ നാണയത്തിന് പണിക്കൂലി ഈടാക്കും. നിക്ഷേപമെന്ന നിലയില്‍ വാങ്ങി ആഴ്ചകള്‍ കഴിഞ്ഞ് അതേ ജ്വല്ലറിയില്‍ തന്നെ അത് വിറ്റ് പണമാക്കാം.

കല്ലുകള്‍ക്ക് സ്വര്‍ണത്തിന്റെ വില നല്‍കരുത്

സ്വര്‍ണാഭരണത്തിന് തൂക്കമനുസരിച്ചാണ് വില. പലപ്പോഴും കല്ലുകള്‍ പതിപ്പിച്ച് ആഭരണങ്ങള്‍ ആകര്‍ഷകമാക്കാറുണ്ട്.  വിരളമായിട്ടെങ്കിലും ഇവിടെ തട്ടിപ്പിന് സാധ്യത ഉണ്ട്. കഴിയുന്നതും സ്റ്റഡഡ് ആഭരണങ്ങള്‍ കുറയ്ക്കുക. അതും അംഗീകൃത ജ്വല്ലറികളില്‍ നിന്ന്് മാത്രം വാങ്ങുക. ചെറിയ അംഗീകാരമില്ലാത്ത കടകളില്‍ നിന്നിവ വാങ്ങുന്നത് വലിയ റിസ്‌കാണ്.

പഴയ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍

വില എന്നത്തേക്കാളും ഉയര്‍ന്നിരിക്കുന്ന ഇപ്പോള്‍ ആഭരണങ്ങള്‍ വിറ്റു പണമാക്കുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇങ്ങനെ പഴയ ആഭരണങ്ങള്‍ വിറ്റ് പണമാക്കുമ്പോള്‍ പണിക്കൂലിയും ആഭരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കല്ലുകളുടെ വിലയും ആദ്യമേ മറന്നേയ്ക്കുക. സ്വര്‍ണത്തിന്റെ യഥാര്‍ഥ മൂല്യം എത്രയെന്ന് മനസിലാക്കുക. ഇതിനായി ഒന്നിലധികം കടകളില്‍ കയറി ഇത് തിരക്കാവുന്നതാണ്.

പരിശുദ്ധി പരിശോധിക്കുക 916  

മുദ്രയുള്ളതാണ് സ്വര്‍ണമെങ്കില്‍ 91.6ശതമാനം പരിശുദ്ധി ഉറപ്പാണ്. സാധാരണ നിലയില്‍ ഹാള്‍മാര്‍ക്ക് സ്വര്‍ണത്തിനാണ് ജ്വല്ലറികള്‍ താത്പര്യം കാണിക്കുക. ബി ഐ എസ് കേന്ദ്രങ്ങളില്‍ പരിശുദ്ധി പരിശോധിക്കാനുള്ള സംവിധാനമുണ്ട്. വില്‍ക്കുമ്പോഴും അംഗീകൃത ജ്വല്ലറികളില്‍ തന്നെ പോകുന്നതാണ് ഉത്തമം. ചെളി, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആകെ സ്വര്‍ണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം കുറച്ചിട്ടാണ് ഇത്തരം സ്വര്‍ണം ജ്വല്ലറികള്‍ എടുക്കുന്നത്. ഇവിടെ കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്. വലിയ തോതില്‍ കുറവുണ്ടെങ്കില്‍ മറ്റൊരു സ്ഥാപനത്തെ സമീപിക്കുക.

English Summery: Things to be Keep in mind While Selling Gold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA