ADVERTISEMENT

ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണപണയ വായ്പയ്ക്ക് മുമ്പില്ലാത്ത വിധം തിരക്കേറിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ പണദൗര്‍ലഭ്യം മറികടക്കാന്‍ പെട്ടെന്ന് പണമാക്കി മാറ്റാവുന്ന നിക്ഷേപം എന്നുള്ള നിലയിലാണ് സാധാരണക്കാര്‍ സ്വര്‍ണ വായ്പയെ കാണുന്നത്. ഇതിന് പുറമേ കൊറോണ ഉണ്ടാക്കിയ തൊഴില്‍ നഷ്ടവും വേതന നഷ്ടവും കൂടിയായപ്പോള്‍ വായ്പ കൂടാതെ പറ്റില്ലെന്നായവര്‍ക്ക് അത്താണിയാണ് സ്വർണ വായ്പ.

മുമ്പ് മുത്തൂറ്റ്്, മണപ്പുറം പോലുള്ള ധനകാര്യ സ്ഥാപനങ്ങളായിരുന്നു സ്വര്‍ണപണയവായ്പ കൂടുതലായി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ബാങ്കുകളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഈ രംഗത്തേയ്ക്ക് വലിയ തോതില്‍ കടന്നു വരുന്നു. സുരക്ഷിത ഈടിന്‍മേല്‍ നല്‍കുന്ന വായ്പയായതിനാല്‍ തിരിച്ചടവിനെ പേടിക്കേണ്ടതില്ലെന്നതാണ് മുഖ്യധാരാ ബാങ്കുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. അടിക്കടി വില ഉയരുന്നതും ഈ മേഖലയില്‍ വലിയ തോതില്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ സ്വര്‍ണ പണയ വായ്പകള്‍ നാല് ശതമാനം നിരക്കില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇത് പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. പലിശ നിരക്ക് കുറഞ്ഞതോടെ പൊതുമേഖലാ ബാങ്കുകള്‍ 7-7.6 ശതമാനം നിരക്കിലാണ് പണയ വായ്പ നല്‍കുന്നത്. നേരത്തെ ഇത് 9-10 ശതമാനമായിരുന്നു. എസ് ബി ഐ യുടെ സാധാരണ സ്വർണപണയ പലിശ നിരക്ക് ഏഴ് ശതമാനമാണ്. കനറാ ബാങ്കിന്റേത് 7.65 ഉം. എസ് ബി ഐ ഗ്രാമിന് 3250 രൂപയാണ് നല്‍കുന്നത്. കനറാ ബാങ്ക് നല്‍കുന്നത് 3200 രൂപയും. ഇതു കൂടാതെ 250 രൂപ മുതല്‍ വായ്പ തുകയനുസരിച്ച് വാല്യുവേഷന്‍ ചാര്‍ജും ഇടാക്കും.

ഇസാഫ്

കോവിഡ് പ്രത്യേക സ്‌കീം അനുസരിച്ച് പലിശ നിരക്ക് ഒരു ശതമാനം വരെ കുറച്ചാണ് സ്മോൾഫിനാന്‍സ് ബാങ്കായ ഇസാഫ് സ്വർണ വായ്പ നല്‍കുന്നത്. പ്രോസസിംഗ് ഫീസോ മറ്റ് ചെലവുകളോ ഇൗടാക്കുന്നില്ല. ഗ്രാമീണ മേഖലയിലുളളവര്‍ക്ക് ഇസാഫിന്റെ സേവനം ഗുണപ്രദമാണ്. 2.5 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും.

ടേക്ക് ഓവര്‍

പൊതു മേഖലാ ബാങ്കുകള്‍ പണയ വായ്പയിലേക്ക് കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ പുതിയ സ്‌കീമുകളുമായി എത്തിയിരിക്കുകയാണ് കേരളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍. മുത്തൂറ്റ് ഫിനാന്‍സില്‍ 11.9 ശതമാനം മുതല്‍ മുകളിലേക്ക് തുകയനുസരിച്ച്് വായ്പ ലഭിക്കും. ഗ്രാമിന് 2573 രുപ മുതലാണ് നല്‍കുന്നത്. ഉയര്‍ന്ന പലിശ നിരക്കില്‍ തുക കൂട്ടി നല്‍കും. എന്നാല്‍ രണ്ട് ലക്ഷത്തിലധികമാണ് വായ്പയെങ്കില്‍ കുറഞ്ഞ പലിശയെ ഇൗടാക്കു. ഒപ്പം ഉയര്‍ന്ന പലിശ നിരക്കില്‍ മറ്റ് സ്ഥാപനങ്ങളില്‍ ഉള്ള പണയ ഉരുപ്പടി പണം നല്‍കി തിരിച്ചെടുക്കാന്‍ സഹായിക്കുന്ന പദ്ധതിയുമുണ്ട്. പക്ഷെ ഇങ്ങനെ വച്ചിരിക്കുന്ന തുക ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ഉണ്ടാകണം. കൂടാതെ വീട്ടിലെത്തി സ്വര്‍ണ വായ്പ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവിടെ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉടന്‍ പണം കൈമാറും.

കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍

ഗ്രാമീണ മേഖലയില്‍ സ്വര്‍ണപ്പണയ വായ്പകള്‍ സജീവമായി നല്‍കുന്ന സ്ഥാപനങ്ങളാണ്് സഹകരണ ബാങ്കുകള്‍. സാധാരണ നിലയില്‍ പൊതുമേഖലാ ബാങ്കുകളിലെ തിരക്കോ ഡോക്യുമെന്റേഷനോ ഇല്ലാതെ തന്നെ സൊസൈറ്റികളില്‍ നിന്ന് സ്വര്‍ണ പണയ വായ്പ ലഭ്യമാകും. സാധാരണ ഗ്രാമിന് 3000 രൂപയാണ് നല്‍കുന്നത്. പലിശ 11 ശതമാനം. പലിശ മാസം തോറുമോ, മൂന്ന് മാസം, ആറ് മാസം കാലയളവിലോ അടയ്ക്കാം.

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനങ്ങളാണ് മുത്തുറ്റ് ഫിനാനന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയവർ. കൂടാതെ പൊതുമേഖലാ ബാങ്കുകളും ഈ രംഗത്തുണ്ട്. സ്വര്‍ണ പണയ വിപണിയുടെ 81 ശതമാനവും കൈയ്യാളുന്നത് ഈ സംഘടിത മേഖലയാണ്. ഈ സാമ്പത്തിക വര്‍ഷം ഏതാണ്ട് 15 ശതമാനം വളര്‍ച്ചയോടെ 4 ലക്ഷം കോടി രൂപയുടെ ഇടപാടാണ് പ്രതീക്ഷിക്കുന്നത്.

English Summery: Gold Loan is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com