ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ ആദായനികുതിദായകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 24ന് എസ് ഒ 2033 (ഇ ) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചാണിത്.
നികുതി കിഴിവിന് 31 വരെ നിക്ഷേപിക്കാം
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019–20) നികുതി കിഴിവിനായി നടത്തേണ്ട വിവിധ നിക്ഷേപങ്ങളുടെയും ചെലവുകളുടെയും അവസാന തീയതി മാർച്ച് 31 ആയിരുന്നത് ഈ മാസം 31ലേക്കു നീട്ടി.
ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ച് നികുതി കിഴിവിനായി ഈ മാസം 31 വരെ നടത്താവുന്ന പ്രധാന നിക്ഷേപങ്ങൾ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ് ), ദേശിയ സമ്പാദ്യ പദ്ധതി (എൻഎസ് സി), ദേശിയ പെൻഷൻ പദ്ധതി (എൻപിഎസ്), ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി( ഇഎൽഎസ്എസ്), ബാങ്ക് അഥവാ പോസ്റ്റ് ഓഫിസിലെ നികുതി കിഴിവിനായുള്ള 5 വർഷത്തെ സ്ഥിര നിക്ഷേപം, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതി (യൂലിപ്) തുടങ്ങിയവയാണ്.
ഈ മാസം 31 വരെ അടയ്ക്കുന്ന ലൈഫ് അഥവാ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനും വകുപ്പ് 80 ജി അനുസരിച്ചുള്ള സംഭാവനകൾക്കും കിഴിവു ലഭിക്കും.

ദീർഘകാല  മൂലധനവർധന ലാഭം നിക്ഷേപിക്കൽ
നിർദിഷ്ട ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ദീർഘകാല  മൂലധന വർധന ലാഭം നിശ്‌ചിത കാലയളവിനുള്ളിൽ വീട്, ബോണ്ട്, തുടങ്ങി അംഗീകൃത ആസ്തികളിൽ നിക്ഷേപിച്ചാൽ നികുതി കിഴിവ് ലഭ്യമാണ്. നികുതി നിയമത്തിലെ വകുപ്പ് 54 മുതൽ 54 ജിബി വരെ എല്ലാ നിക്ഷേപങ്ങളും നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ട സമയപരിധി 2020 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.  

നികുതിക്ക് പലിശ ഇളവ്

മാർച്ച് 15 ശേഷം അടയ്ക്കുന്ന നികുതിയിന്മേൽ  പ്രതിമാസം 1% പിഴ പലിശ ഈടാക്കും. തവണ വൈകിയതിനുള്ള പലിശയ്ക്കു പുറമെയാണിത്. എന്നാൽ ചെറുകിട നികുതിദായകർക്കു സഹായകരമായി റിട്ടേൺ സമർപ്പിക്കുമ്പോൾ അടയ്‌ക്കേണ്ട നികുതി ഒരുലക്ഷം രൂപയിൽ താഴെ ആണെങ്കിൽ ഈ നവംബർ 30 വരെ പലിശ ഈടാക്കില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എല്ലാ റിട്ടേണുകളും സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 30 ആയി നീട്ടിയിട്ടുണ്ട്.

ടിഡിഎസ് റിട്ടേൺ 31നകം

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സ്രോതസ്സിൽ നികുതി കിഴിവ് ചെയ്തതിന്റെ (ടിഡിഎസ്) റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31ലേക്ക് നീട്ടി. ഇതുമൂലം ടിഡിഎസിന്റെ വിവരങ്ങൾ നികുതിദായകന്റെ ഫോം 26 എഎസ്ൽ പൂർണമായും പ്രതിഫലിക്കാൻ ഈ മാസം കഴിയാൻ കാത്തിരിക്കേണ്ടിവരും.

ടിഡിഎസ് നിരക്ക് കുറച്ചു

2020 മെയ് 14 മുതൽ 2021 മാർച്ച് 31 വരെ കിഴിവു ചെയ്യേണ്ട ടിഡിഎസിന്റെ നിരക്ക് നിർദിഷ്ട നിരക്കിന്റെ 75% ആയി കുറച്ചു. എന്നാൽ ഇതു ശമ്പള വരുമാനത്തിന് ബാധകമല്ല. ഉദാഹരണത്തിന് വാടകത്തുക വ്യക്തികൾക്കു കൊടുക്കുമ്പോൾ 5%  ടിഡിഎസ് പിടിക്കേണ്ടത് ഈ കാലയളവിൽ 3.75% പിടിച്ചാൽ മതി. എന്നാൽ ഇത് വാടക വരുമാനക്കാരുടെ നികുതി ബാധ്യതയിൽ കുറവ് ഒന്നും വരുത്തില്ല.

ആധാറും പാനും ബന്ധിപ്പിക്കൽ

ആധാറും പാനുമായി നിർബന്ധമായും ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള അവസാന തിയതി 2021 മാർച്ച് 31 ലേക്ക് നീട്ടി.  

വൈകിയ റിട്ടേൺ 31 നകം

2018-19 റിട്ടേണുകൾ വൈകി സമർപ്പിക്കാനുള്ള അവസാന തിയതി 2020 മാർച്ച് 31ൽ നിന്ന്  ജൂലൈ 31ലേക്ക് നീട്ടി.  എന്നാൽ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപയും അതിനു മുകളിൽ ആണെങ്കിൽ 10000 രൂപയും പിഴ ചുമത്തും. കൂടാതെ അടയ്ക്കാനുള്ള നികുതിക്കു പിഴപ്പലിശയും കൊടുക്കണം. വൈകിയ റിട്ടേണിൽ നഷ്ടം തട്ടിക്കിഴിക്കാനും ആകില്ല.

English Summery:Tax Saving Investment Upto 31st


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com