ADVERTISEMENT

ദുർഘടമായ ഈ കാലഘട്ടത്തിൽ പതിവ് രീതികളും ചിന്തകളും കൊണ്ട് കാര്യമില്ല. മാറിചിന്തിക്കേണ്ടത് നിലനിൽപിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തിൽ പ്രത്യേകിച്ചും.  

പരമ്പരാഗത രീതി 

ആസ്‌തികളുടെ കണക്കെടുപ്പിൽ നിന്ന് തുടങ്ങി വരവ്-ചെലവുകൾ ക്രമീകരിച്ചു മിച്ചം കണ്ടെത്തി ജീവിതം കെട്ടിപ്പടുക്കുന്ന രീതിയാണ് സാധാരണയായി അവലംബിക്കുന്നത്. ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിൽ വച്ച് ആസൂത്രണം ഭംഗിയായി നിറവേറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുക. ഇതിനായി ചില വ്യക്തിഗത ധനകാര്യ മാനേജ്മെന്റ് രീതി നോക്കാം.

എങ്ങനെ മാറിചിന്തിക്കണം ? 

ലോക്ക്ഡൗൺ  കാലം നൽകിയ പാഠങ്ങൾ ഉൾക്കൊള്ളുക. ചിലർ കൂടുതൽ ചെലവഴിച്ചപ്പോൾ, മറ്റു ചിലരുടെ മാസചെലവിൽ കാര്യമായ കുറവുണ്ടായി. അൽപ്പം മിച്ചമുണ്ടായിരുന്നത് ഇടംവലം നോക്കാതെ ചെലവഴിച്ചു ജീവിതം ഉത്സവമാക്കിയവർ ഒട്ടനവധി. എന്നാൽ വരാൻ പോകുന്ന നാളുകൾ ദുസഹമായിരിക്കുമെന്ന  തിരിച്ചറിവിൽ  സൂക്ഷിച്ചു ചെലവാക്കിയവരും നിരവധി.  ഈ തിരിച്ചറിവുകളുടെ വിശകലനമാണ്‌ പുതിയ ധനകാര്യമാനേജ്മെന്റിന്റെ ആദ്യഘട്ടം.  

1. ദുർചെലവുകൾ കണ്ടെത്തലും ഒഴിവാക്കലും 

അടിയന്തിരമായി നാം സ്വീകരിക്കേണ്ട നടപടിയാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയെന്നത്. ഫോൺ-ഇന്റർനെറ്റ് എന്നിവയുടെ  ദുർവിനിയോഗം  ഉത്സവം-വിവാഹം തുടങ്ങിയ ആഘോഷങ്ങളിലുമായി ബന്ധപ്പെട്ട ദുർവ്യയം, മറ്റു ആഡംബര  ചെലവുകൾ ഒക്കെ ഒഴിവാക്കാൻ പറ്റുന്നവയാണെന്ന  ബോധ്യം ലോക്ക്ഡൗൺ കാലം നമ്മെ കൃത്യമായി പഠിപ്പിച്ചു. .ഇതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു ഇനിയുള്ള കാലംഅവയോടു വിട പറയാൻ ശീലിക്കാം.   

2. വിനോദയാത്രകൾക്കു മോറട്ടോറിയം

ഏതായാലും കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നത് വരെ ആരുടെയും വിനോദയാത്ര അസാധ്യമാണ്. മരുന്ന് കണ്ടുപിടിച്ചാലും ഒരു വർഷത്തേക്കെങ്കിലും, പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാർ വിനോദയാത്രകൾ വെട്ടിച്ചുരുക്കണം. ഒരു  വർഷം  കഴിഞ്ഞാലും അടുത്ത ഒരു വർഷത്തേക്ക് ആഭ്യന്തര വിനോദയാത്ര പരിപാടികൾ ആസൂത്രണം ചെയ്തു മാത്രമേ മുന്നോട്ടു പോകുന്നത് പരിഗണിക്കാവൂ. 

3.വരുമാനം മെച്ചപ്പെടുത്താം 

ഒരു വർഷത്തേക്കെങ്കിലും നമ്മുടെ സാധാരണ വരുമാനം കുറയുമെന്നതിൽ സംശയമില്ല. അതുകൊണ്ട് വരുമാനം മെച്ചപ്പെടുത്താനുള്ള മറ്റു മാർഗ്ഗങ്ങൾ  കണ്ടെത്തണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിരവധി  അവസരണങ്ങൾ ഇപ്പോൾ തരുന്നുണ്ട്. ട്യൂഷൻ, പച്ചക്കറി കൃഷി, ഓൺലൈൻ വ്യാപാരം തുടങ്ങി നിരവധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകും. വീട്ടമ്മമ്മാർക്ക് നിരവധി അവസരങ്ങൾ പുതിയ കാലഘട്ടവും സാങ്കേതിക സംവിധാനങ്ങളും പ്രദാനം ചെയ്യുന്നു.

4. കണക്കെഴുത്തു  നിർബന്ധമാക്കുക 

നാം ഇനിയും ശീലിക്കേണ്ട ഒരു കാര്യമാണ് വരവ് ചെലവുകളുടെ കണക്കെഴുത്തു നിർബന്ധമാക്കുകയെന്നത്. വീട്ടിലെ അംഗങ്ങൾ, കുറഞ്ഞത് ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നു കണക്കുകൾ രേഖപ്പെടുത്തി, ഒഴിവാക്കേണ്ട ചെലവുകൾ കണ്ടെത്തി ഒഴിവാക്കുക തന്നെ വേണം.

5. സമ്പാദ്യം സൂക്ഷിക്കലും കണ്ടെത്തലും  

ചെറിയ സമ്പാദ്യം കൈയിലുള്ളവർ അത് സൂക്ഷിക്കണം. ചെറു സമ്പാദ്യത്തിനു പോലും പ്രാധാന്യമുള്ള ഒരു കാലഘട്ടണിനി. ഓരോ പൈസയും വിലപെട്ടതാണെന്ന തിരിച്ചറിവിൽ വേണം സമ്പാദ്യത്തെ സൂക്ഷിക്കേണ്ടത്. മോഹനവാഗ്ദാനങ്ങളുടെ പിറകെ പോയി ഉള്ള സമ്പാദ്യം നഷ്ടപ്പെടുത്തുന്ന പതിവ് രീതി ഇനിയെങ്കിലും മലയാളി ഉപേക്ഷിക്കണം.

ധനകാര്യ വിദഗ്ധനാണ് ലേഖകൻ

English Summery: How to Make Money in Covid Period 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com