ADVERTISEMENT

സ്വന്തമായൊരു വീട് എന്നു സ്വപ്നം കാണാത്തവർ കുറവായിരിക്കും. നഗരങ്ങളിൽ താമസിക്കുന്നവർക്കു വീട്/ ഫ്ലാറ്റ് നിർമിക്കുന്നതിനോ വാങ്ങുന്നതിനോ ഇക്കാര്യങ്ങൾ അറിയാം

ഭവന വായ്പ എടുക്കുമ്പോൾ

കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡിയാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം. അപേക്ഷക്കരുടെ സാമ്പത്തികനിലയനുസരിച്ചു 2.67 ലക്ഷം രൂപവരെ പലിശ സബ്സിഡിയായി ലഭ്യമാകും. പദ്ധതിയിൽ അപേക്ഷിക്കുന്നവർക്കോ കുടുംബാംഗങ്ങൾക്കോ ഇന്ത്യയിലെവിടെയും സ്വന്തമായി വീട് ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ഭാര്യ, ഭർത്താവ്, വിവാഹം കഴിയാത്ത മക്കൾ (മകൾ/മകൻ) എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിഎംഎവൈ (അർബൻ) സ്കീമുമായി ബന്ധപ്പെട്ട 12 കാര്യങ്ങൾ അറിയാം.

1) എന്താണ് പിഎംഎവൈ ?

നഗരപ്രദേശങ്ങളിൽ വീട് വാങ്ങുകയോ പുതുതായി നിർമ്മിക്കുകയോ ചെയ്യുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ആണ് പ്രധാനമന്ത്രി ആവാസ് യോജന. എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ സ്കീം നടപ്പാക്കുന്നത്. 2015 ജൂണിൽ ആരംഭിച്ച സ്കീം 2022 വരെ നീട്ടിയിട്ടുണ്ട്.

2) എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം ?

വീടിനായി എടുക്കുന്ന ഭവന വായ്പയിൽ പിഎംഎവൈ സ്കീമിന്റെ ഭാഗമായി സബ്സിഡി നൽകുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം . നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമല്ല ഇടത്തരം വരുമാനക്കാർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. പദ്ധതി പ്രകാരം 2.67 ലക്ഷം രൂപ സബ്സിഡിയായി ലഭ്യമാകും. 

3) ഇഡബ്ല്യുഎസ്, എൽഐജി, എംഐജി വിഭാഗങ്ങളുടെ വരുമാന പരിധി എത്രയാണ് ?

വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെയുള്ളവരാണ് ഇഡബ്ല്യുഎസ് (EWS) വിഭാഗത്തിൽ വരുന്നത്. മൂന്നു ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ എൽഐജി (LIG) വിഭാഗത്തിലും ആറു ലക്ഷം മുതൽ 12 ലക്ഷം വരെയുള്ളവർ എംഐജി 1 (MIG 1) വിഭാഗത്തിലും 12 ലക്ഷം മുതൽ 18 ലക്ഷം വരെ വരുമാനമുള്ളവർ എംഐജി 2 (MIG 2) വിഭാഗത്തിലും ഉൾപ്പെടുന്നു.

(ഇഡ്ബ്ല്യുഎസ് (EWS) വിഭാഗത്തിന്റെ മാസവരുമാനം 25,000 ൽ താഴെയായിരിക്കണം. എൽഐജി (LIG) വിഭാഗത്തിന്റെ മാസവരുമാനം 50,000 ൽ ആയിരിക്കണം. എംഐജി 2 (MIG -2) വിഭാഗത്തിന്റെ മാസവരുമാനം 50,000-1,00,000 ഇടയിൽ).

4) പഞ്ചായത്തിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാമോ?

ഇല്ല. നഗരസഭ, കോർപ്പറേഷൻ പരിധിയിൽ പുതിയവീട്/ ഫ്ലാറ്റ് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് മാത്രമേ പിഎംഎവൈ – സിഎൽഎസ്എസ് ൽ അപേക്ഷിക്കാനാകൂ.

5) നഗരത്തിൽ താമസിക്കുന്ന എല്ലാവർക്കും അപേക്ഷിക്കാമോ?

അപേക്ഷകൻ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധിയിൽ 3 വർഷമായി താമസിക്കുന്നവരാകണം. വീട് / ഫ്ലാറ്റ് വാങ്ങുകയാണെങ്കിൽ മുഴുവൻ സബ്സിഡി തുകയും ഒറ്റത്തവണയായി നൽകും.  ഇഡബ്ലിയുഎസ്, എൽഐജി വിഭാഗക്കാരിൽ അപേക്ഷകരിൽ ഒരാൾ വനിതയായിരിക്കണം.

6) പലിശയിനത്തിൽ എത്ര രൂപ വരെ സബ്സിഡി ലഭിക്കും?

എംഐജി 1, എംഐജി 2 വിഭാഗത്തിലുള്ളവർക്ക് 9 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള ഭവന വായ്പയുടെ 4% മുതൽ 3 % വരെ പലിശ സബ്സിഡിയായി ലഭിക്കും. വായ്പ കാലാവധി 20 വർഷം ആയിരിക്കണം.

7)  എങ്ങനെയാണ് ഈ പദ്ധതി, ഭവന വായ്പയിൽ നടപ്പിലാക്കപ്പെടുന്നത്?

ഉദാഹരണത്തിന് നിങ്ങൾ 40 ലക്ഷത്തിന് വീട്/ ഫ്ലാറ്റ് ആണു വാങ്ങുന്നതെങ്കിൽ അതിന്റെ 20 % തുക ഉടമ മുടക്കിയിരിക്കണം. അതായത് 8 ലക്ഷം രൂപ. ബാക്കി 32 ലക്ഷം രൂപ ഭവന വായ്പയെ ആശ്രയിക്കുകയാണെങ്കിൽ, ഇതിൽ 12 ലക്ഷം രൂപയ്ക്കു മാത്രമേ പിഎംഎവൈ ബാധകമാകൂ. ബാക്കി തുകയ്ക്ക് വായ്പ നൽകുന്ന ബാങ്ക് നിശ്ചയിക്കുന്ന പലിശ നൽകണം.

8) കാർപെറ്റ് ഏരിയ എത്രയാണ്?

എംഐജി - 1 ന് 90 sq mt

എംഐജി - 2 ന് 110 sq mt

9) കെട്ടിടം ഇല്ലാത്ത വസ്തുവിനും പിഎംഎവൈ വഴി സബ്സിഡി ലഭിക്കുമോ ?

ലഭിക്കും. സ്വന്തമായി വീട് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നവർക്കും ഈ സ്കീമിന്റെ ഗുണം ലഭിക്കും.

10) എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

ഭവന വായ്പയ്ക്കു ബാങ്കിൽ അപേക്ഷ നൽകുന്നതിനോടൊപ്പം പിഎംഎവൈ ഫോം (ഫോം ബാങ്കിന്റെ ഓൺലൈൻ വെബ്സൈറ്റിൽ ലഭ്യമാണ്) കൂടി പൂരിപ്പിച്ചു നൽകുക. ഇതോടൊപ്പം ഭാര്യയുടേയും ഭർത്താവിന്റെയും ആധാർ, പാൻകാർഡ്, മൊബൈൽ നമ്പർ എന്നിവയും നൽകണം. നിങ്ങൾക്കു ഭവന വായ്പ നൽകുന്ന ബാങ്ക് ആണ് പിഎംഎവൈ സ്കീമിൽ ഉപഭോക്താക്കൾക്ക് വേണ്ടി അപേക്ഷിക്കേണ്ടത്. വായ്പ എടുത്ത ശേഷം നിശ്ചിത സമയത്തിനകം അപേക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

11) സബ്സിഡി ലഭിച്ചോ എന്ന് എങ്ങനെ അറിയാൻ കഴിയും?

പിഎംഎവൈ യുടെ സബ്സിഡി തുക അനുവദിക്കപ്പെട്ടാൽ ഫോണിലേക്ക് പിഎംഎവൈ ൽ നിന്നു എസ്എംഎസ് വരും. ലോൺ അക്കൗണ്ട് പരിശോധിച്ചാൽ മാത്രമേ  തുക ലഭ്യമായ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. സബ്സിഡി തുക നേരിട്ട് വായ്പയുടെ മുതലിലേക്കാണ് അടക്കപ്പെടുന്നത്.

12) സബ്സിഡി എപ്പോൾ ലഭ്യമാകും?

പിഎംഎവൈ സബ്സിഡി ലഭ്യമാകാൻ ഒരു വർഷം വരെ എടുക്കാം. ഓരോ സാമ്പത്തിക വർഷം  അവസാനത്തോടെയാകും മിക്കവാറും തുക അനുവദിക്കപ്പെടുക.

English Summery:Know More about PMAY Housing Loan Subsidy

 

 

റോഷ്നി പൊൻകാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com