ADVERTISEMENT

നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരു തിരുത്തല്‍ ഉണ്ടായാല്‍ നിക്ഷേപിച്ച് പ്രയോജനപ്പെടുത്തുന്നതിനു പകരം നിക്ഷേപകര്‍ ആ സമയത്ത് വിപണിയില്‍ നിന്ന് അകന്നുമാറുന്ന പ്രവണതയാണ് കാണുന്നത്. അവശേഷിക്കുന്നതെങ്കിലും രക്ഷിച്ചെടുക്കാമെന്ന കണക്കുകൂട്ടലില്‍ ഉള്ള നിക്ഷേപം പിന്‍വലിക്കുന്നതാണ് അതിലും വലിയ പ്രശ്‌നം. ദീര്‍ഘകാല നിക്ഷേപകന്‍ എന്ന രീതിയില്‍ വിജയിക്കാന്‍ വിപണി ചക്രത്തിന് എതിരായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

നിക്ഷേപകരുടെ സ്വഭാവത്തിലെ ഇത്തരം പ്രതിസന്ധികൾ മനസ്സിലാക്കി അതിനെ മറികടക്കാനായി മ്യൂച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചതാണ് ഡൈനാമിക് അസെറ്റ് അലൊക്കേഷന്‍ ഫണ്ട് അഥവാ ബാലന്‍സ്ഡ് അഡ്വാന്റേജ് സ്‌കീം.

ഓഹരി വാങ്ങാന്‍ അനുയോജ്യമായ സമയം ആണോ അല്ലയോ എന്ന് ഫണ്ട് മാനേജര്‍മാര്‍ക്കു വിലയിരുത്താവുന്ന പ്രൊപ്രൈറ്ററി മോഡല്‍ ആണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ക്ക് ഉപയോഗിക്കുന്നത്. അതിനാല്‍ ഓരോ സമയത്തും ഉണ്ടാകുന്ന വിപണി സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ഈ ഫണ്ടുകള്‍ക്കു ശേഷിയുണ്ട്.

അവസരങ്ങൾ പ്രയോജനപ്പെടുത്താം

ഏതാനും ദശാബ്ദങ്ങളായി, ഇന്ത്യന്‍ വിപണി ഒട്ടേറേ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അവയോടു ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നാലും ചെറുകിട നിക്ഷേപകര്‍ക്ക് ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതുവഴി വിപണിയുടെ ദീര്‍ഘകാല നേട്ടസാധ്യതയാണ് നഷ്ടപ്പെടുത്തിയത്. ഇവിടെയാണ് ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ ഗുണകരമാകുക.

ഇന്ന്, നിക്ഷേപകര്‍ക്ക് ഇക്വിറ്റി അലോക്കേഷന് മികച്ച അവസരങ്ങൾ ഉണ്ട്. വിപണി കോവിഡ് ഭീതിയിലാണെങ്കിലും വൈകാതെ വാല്യുവേഷനുകള്‍ ആകര്‍ഷകമാകാം. അതുകൊണ്ടു തന്നെ ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തണം. ഇത്തരത്തിൽ ചിന്തിക്കുന്ന നിക്ഷേപകര്‍ക്ക് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടാണ് ഏറ്റവും മികച്ച മാര്‍ഗം.

പുതുമുഖം

ഇവ ഡൈനാമിക്കലി മാനേജ്ഡ് മ്യൂച്വല്‍ ഫണ്ടുകളാണ്. അതായത്, വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഫണ്ട് മാനേജര്‍ നിക്ഷേപ അനുപാതം ക്രമീകരിക്കും. വിപണി മൂല്യവും ഓഹരിമൂല്യവും അനുസരിച്ച് ഇക്വിറ്റി അലോക്കേഷന്‍ 30 മുതല്‍ 80 ശതമാനം വരെ വ്യത്യാസപ്പെടുത്തും. മാര്‍ക്കറ്റ് വാല്യുവേഷന്‍ താഴ്ന്നാല്‍ ഓഹരികളിലെ വിഹിതം ഉയര്‍ത്തും. വാല്യുവേഷന്‍ ഉയരുന്നതനുസരിച്ച് കടപ്പത്രവിഹിതം കൂട്ടും. ഫലത്തില്‍, വിപണി താഴുമ്പോള്‍ വാങ്ങാനും ഉയരുമ്പോള്‍ വില്‍ക്കാനും ഈ ഫണ്ട് നിക്ഷേപകനെ സഹായിക്കുന്നു. 

ഈ സവിശേഷ സ്വഭാവം മൂലം ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ക്ക് ഡെറ്റ് ഫണ്ടുകളെക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ശേഷി ഉണ്ട്. ആദായ നികുതിയുടെ കാര്യത്തില്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ ഇപ്പോഴും ഇക്വിറ്റി ഫണ്ടുകളായാണു പരിഗണിക്കുന്നത് എന്നതും മികച്ച കാര്യമാണ്. ഈ വിഭാഗത്തിലെ ഒട്ടുമിക്ക ഫണ്ടുകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചതാണ്. അതിൽ ഏറ്റവും പഴക്കമുള്ള ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റേതാണ് •

ലേഖകൻ സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാവാണ്

English Summary : Manage Market Fluctuation Through Balanced Adventage Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com