ADVERTISEMENT

ക്രെഡിറ്റ് സ്‌കോര്‍ എന്തെന്നു അറിയാത്തവര്‍ ഇപ്പോള്‍ കുറവായിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750 നും താഴെയാണെങ്കില്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും  വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ഇനി ഏതെങ്കിലും സ്ഥാപനം വായ്പ നല്‍കിയാല്‍ തന്നെ ഉയര്‍ന്ന പലിശ നല്‍കേണ്ടിയും വരും. എങ്ങനെ എങ്കിലും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നതു മാത്രമാണ് വഴി. പക്ഷേ അതെങ്ങനെ?

രണ്ടു വര്‍ഷത്തിനകം മകന്റെ പഠനത്തിനായി നല്ലൊരു തുക വായ്പ വേണം. ക്രെഡിറ്റ് സ്‌കോര്‍ ആകട്ടെ 650 നടുത്തും. വായ്പ കിട്ടണമെങ്കില്‍ സ്‌കോര്‍ ഉയര്‍ത്തിയേ പറ്റൂ. എന്താണ് വഴിയെന്ന് വിഷമിച്ചിരുന്ന രമേശിനോട്  സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കാന്‍ നിര്‍ദേശിച്ചത് ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്താണ്. കൈയിലുള്ള നാലഞ്ചു പവന്‍ സ്വര്‍ണം പൊതുമേഖലാ ബാങ്കില്‍ പണയം വെച്ച് 50,000 രൂപ വായ്പ എടുത്തു. എന്നിട്ട് ഓരോ മാസവും തെറ്റാതെ കൃത്യദിവസം തന്നെ അതു തിരിച്ചടച്ചുകൊണ്ടിരുന്നു. ഏതാനും മാസം കൊണ്ടു തന്നെ  സ്‌കോര്‍  മെച്ചപ്പെട്ടു. മകന്റെ അഡ്മിഷന്‍ ആകുമ്പോഴേയ്ക്കും  സ്‌കോര്‍ 800 ലെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രമേശ് ഇപ്പോള്‍ .

അതെ ഇന്നത്തെ കാലത്ത് വായ്പ എടുക്കാതെ ആര്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയാണ്. പക്ഷേ ഇവിടെ മിക്കവരുടേയും ജീവിതത്തില്‍  ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ വില്ലനാകുകയാണ്. അവിടെയാണ് സ്വര്‍ണപണയ വായ്പ എടുത്ത് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള അവസരം പ്രസക്തമാകുന്നത്.

ഇവിടെ സ്വര്‍ണപ്പണയവായ്പയുടെ ചില സവിശേഷതകളാണ് സഹായകമാകുന്നത്.

1 ഏതുതരം വായ്പയ്ക്കും ഇപ്പോള്‍  ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണായകമാണ്. പക്ഷേ  സ്വര്‍ണ പണയ വായ്പ ബാങ്കിനെ സംബന്ധിച്ച് ഏറെ സുരക്ഷിതമാണ്. അതുകൊണ്ടു സ്‌കോര്‍ വളരെ കുറവാണെങ്കിലും സ്ഥാപനങ്ങള്‍ ഈ വായ്പ അനുവദിക്കും.

2 എല്ലാവരുടേയും കൈയില്‍ അല്‍പം എങ്കിലും സ്വര്‍ണം ഉണ്ടാകും. അതുകൊണ്ട് തന്നെ ഈടുവെച്ച്  ചെറിയൊരു തുകയാണെങ്കിലും വായ്പ എടുക്കാം.അതു കൃത്യമായി അടച്ചാല്‍ സ്‌കോര്‍ മെച്ചപ്പെടുത്താം

3  സ്വര്‍ണവായ്പയില്‍ നടപടിക്രമങ്ങള്‍ കുറവാണ്. നിലവില്‍ വളരെ പെട്ടെന്ന് വായ്പ അനുവദിച്ചുകിട്ടും.

4 പലിശ കുറവ്- പൊതുമേഖലാ ബാങ്കില്‍ നിന്നു കാര്‍ഷികേതര വായ്പ എടുത്താല്‍ ഏഴോ എട്ടോ ശതമാനം പലിശയേ വരൂ. അതുകൊണ്ടു തന്നെ തിരിച്ചടവ് വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കോര്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.അതുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.ഇല്ലെങ്കില്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്

∙എല്ലാ മാസവും ഗഡു കൃത്യ ദിവസം തന്നെ അടയക്കണം.ഒരു ദിവസം പോലും വൈകരുത്

∙കുറഞ്ഞ തുകയ്ക്കുള്ള വായ്പ എടുത്താല്‍ മതി. കാരണം നിങ്ങളുടെ ഏതെങ്കിലും ആവശ്യത്തിനായല്ല ഈ വായ്പ. പകരം സ്‌കോര്‍ മെച്ചപ്പെടുത്താനാണ്.

∙വിവിധ സ്ഥാപനങ്ങളുടെ വായ്പ പദ്ധതികള്‍ വിലയിരുത്തി ഏറ്റവും കുറഞ്ഞ ചെലവുള്ളത് തിരഞ്ഞെടുക്കുക.

∙ഏറ്റവും അനുയോജ്യമായ  വായ്പ കണ്ടെത്തി അവിടെ മാത്രം അപേക്ഷിക്കുക. പല സ്ഥാപനങ്ങളില്‍ കയറിയിറങ്ങി അപേക്ഷ നല്‍കരുത്. അങ്ങനെ ചെയ്യുന്നത് സ്‌കോര്‍ വീണ്ടും കുറയ്ക്കാന്‍ കാരണമാകും.

∙സ്വര്‍ണപണയ വായ്പാ തിരിച്ചടവ് പല രീതിയില്‍ ഉണ്ട്. ഭാഗികമായോ,  വര്‍ഷാവസാനം ഒന്നിച്ചോ അടയക്കാന്‍ സാധിക്കും.പക്ഷേ ഇവിടെ മാസഗഡു അഥവാ ഇഎംഐ ആയി അടയ്ക്കുന്ന രീതി വേണം തിരഞ്ഞെടുക്കാന്‍.അപ്പോഴേ നിങ്ങളുടെ തിരിച്ചടവിന്റെ കൃത്യത ഒന്നോ രണ്ടാേ വര്‍ഷത്തിനുള്ളില്‍  ബോധ്യപ്പെടുത്താന്‍ കഴിയൂ. എങ്കിലേ  സ്‌കോര്‍ മെച്ചപെടൂ.

English Summary : Improve Your Credit Score through Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com