പി എഫ് തുക പിൻവലിക്കാം, ഇക്കാര്യങ്ങൾക്കു മാത്രം

HIGHLIGHTS
  • മികച്ച നേട്ടം നല്‍കുന്ന പി എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
dream–home
SHARE

നിലവില്‍ ഏറ്റവുമധികം പലിശ വരുമാനം നേടിത്തരുന്ന നിക്ഷേപങ്ങളിലൊന്നാണ് പി എഫ് ഫണ്ട്. ബാങ്കുകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് പലിശയെങ്കില്‍ പി എഫ് നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനത്തിലധികമാണ് ഇപ്പോള്‍ നേട്ടം. എന്നിരുന്നാലും ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വരുമാനമില്ലാത്ത കാലത്തേയ്ക്കുളള കരുതലാണെന്നതിനാൽ പി എഫ് പിന്‍വലിക്കുന്നത് ബുദ്ധിയല്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

പിൻവലിക്കാൻ വരട്ടെ

പക്ഷെ സാമ്പത്തിക പ്രതിസന്ധി അലട്ടുമ്പോള്‍ പെട്ടെന്ന് ലഭ്യമാകുന്ന തുക എന്നുള്ള നിലയ്ക്ക് പി എഫ് നിക്ഷേപം പിന്‍വലിക്കുന്നവരാണ് ഭൂരിഭാഗവും. മുഴുവൻ പി എഫ് വിഹിതം പിന്‍വലിക്കാനാകണമെങ്കില്‍ 58 വയസ് പൂര്‍ത്തിയാകണം. 57 വയസില്‍ അതായത് വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ 90 ശതമാനം വരെ പിന്‍വലിക്കാം. സാമ്പത്തിക ബാധ്യത വരുന്ന ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നിറവേറ്റാനായി സാധാരണയായി പി എഫ് നിക്ഷേപം ഭാഗീകമായി പിന്‍വലിക്കാറുണ്ട്. പക്ഷെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമായി ഇത് നിജപെടുത്തിയിരിക്കുന്നു.

ഭവന വായ്പ തിരിച്ചടവ്

പ്രോവിഡന്റ് ഫണ്ടിലെ ആകെ തുകയുടെ 90 ശതമാനം വരെ ഈ ആവശ്യത്തിനായി പിന്‍വലിക്കാം. പക്ഷെ ഇവിടെ അപേക്ഷകന് പത്ത് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. വീടും സ്ഥലവും അപേക്ഷ നല്‍കുന്ന ജീവനക്കാരന്റെയോ പങ്കാളിയുടെയോ രണ്ടു പേരുടേയും പേരിലോ ആയിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

വിവാഹം

സ്വന്തം വിവാഹത്തിനും കുട്ടിയുടെ വിവാഹാവശ്യത്തിനും പി എഫ് തുക എടുക്കാന്‍ അനുവദമുണ്ട്. കൂടാതെ ജീവനക്കാരന്റെ സഹോദരന്‍, സഹോദരി എന്നിവരുടെ വിവാഹ ആവശ്യങ്ങള്‍ക്കുമാകാം. ഇവിടെ ജീവനക്കാരന്റെ വിഹിതത്തിലെ 50 ശതമാനം വരെയാണ് പിന്‍വലിക്കാനാവുക. വിവാഹാവശ്യത്തിന് പണം പിന്‍വലിക്കുമ്പോള്‍ ചുരുങ്ങിയത് ഏഴ് വര്‍ഷം ജോലി പൂര്‍ത്തിയാക്കിയിരിക്കണം.

വിദ്യാഭ്യാസ ആവശ്യം

പത്താം ക്ലാസിന് ശേഷമുള്ള പഠനത്തിന് ജീവനക്കാരന്റെ വിഹിതത്തില്‍ 50 ശതമാനം വരെ പിന്‍വലിക്കാം. സ്വന്തം പഠനത്തിനും കുടാതെ കുട്ടികളുടെ പഠനത്തിനുമാണ് ഈ ആനുകൂല്യം നല്‍കുന്നത്. സര്‍വീസ് കാലയളവില്‍ മൂന്ന് തവണ ഈ ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ അനുവാദമുണ്ട്.

ചികിത്സ

സ്വന്തം ചികിത്സയ്ക്ക് പുറമേ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കും പി എഫ് നീക്കിയിരിപ്പില്‍ നിന്ന് തുക പിന്‍വലിക്കാം. ആറ് മാസത്തെ അടിസ്ഥാന ശമ്പളവും ഡി എ യും കൂട്ടിയുള്ള തുകയാണ് ഈ ആവശ്യത്തിന് ലഭിക്കുക. ഇവിടെ ജീവനക്കാരന് ഇത്ര വര്‍ഷത്തെ സേവനം ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ല.

ഇതൊക്കെയാണെങ്കിലും വാര്‍ധക്യത്തിലെ അത്താണി എന്ന നിലയില്‍ പി എഫ് നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാതിരിക്കുന്നതാണ് ഉത്തമം.

English Summary : When to Withdraw Provident Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA