ADVERTISEMENT

എന്തിന്റെ പേരിലാണെങ്കിലും വേതനം നിഷേധിക്കുന്നതോ താമസിപ്പിക്കുന്നതോ ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് മുംബൈ ഹൈക്കോടതി. ലോക്ഡൗണ്‍ കാലത്ത് പിടിച്ചുവെച്ച കൂലി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

റായ്ഗഢിലെ സ്റ്റീല്‍ ഫാക്ടറിയിലെ 150 തൊഴിലാളികളാണ് ലോക്ഡൗണ്‍ കാലത്തെയും അതിന് മുമ്പുള്ള മൂന്ന് മാസത്തെയും വേതനം പിടിച്ചു വെച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സ്ഥാപനത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തർക്കം രൂക്ഷം

ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പകുതിയില്‍ താഴെ വേതനമാണ് ജീവനക്കാര്‍ക്ക് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ലോക്ഡൗണിന് മുമ്പ് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വേതനം നല്‍കിയിരുന്നുമില്ല. ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ജൂണില്‍ സ്ഥാപനം തുറന്നെങ്കിലും പൊതു ഗതാഗതമില്ലാത്ത അവസ്ഥയില്‍ യാത്രാസൗകര്യം ലഭ്യമാകാത്തതിനാല്‍ ജീവനക്കാര്‍ക്ക് സ്ഥാപനത്തില്‍ എത്താനും കഴിഞ്ഞില്ല. ഇത് വീണ്ടും തൊഴിലാളി യൂണിയനും മാനേജുമെന്റും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിന് കാരണമാവുകയും അതുമൂലം കുടിശികയായ വേതനം ലഭിക്കാതാവുകയും ചെയ്തു.

വേതനം നിഷേധിക്കാനാവില്ല

നേരത്തെ ലോക്ഡൗണിന് മുമ്പുള്ള മാസങ്ങളിലെ വേതനം നല്‍കാന്‍ ഹൈക്കോടതി സ്ഥാപനത്തോട് നിര്‍ദേശിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല.  കുടിശിക ഗഢുക്കളായി നല്‍കാമെന്ന് അനൗപചാരികമായി കരാറുണ്ടാക്കിയിരുന്നുവെന്ന് കമ്പനി വാദിച്ചു. എന്നാല്‍ അനൗപചാരിക കരാറിന്റെ പേരില്‍ വേതനം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുടിശികയായ കൂലി നല്‍കാതിരിക്കുകയോ, നീട്ടി വയ്ക്കുകയോ, ഗഢുക്കളായി നല്‍കുകയോ ചെയ്യുന്നത് 21-ാം വകുപ്പ് പ്രകാരം തൊഴിലാളിക്ക് നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നത് ഭക്ഷണം, വെള്ളം, മെച്ചപ്പെട്ട പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ ഇവയാണ്- ലോക്ഡൗണിന് മുമ്പ് തടഞ്ഞ് വയ്ക്കപ്പെട്ട കൂലി നല്‍കാന്‍ ഉത്തരവിട്ടുകൊണ്ട് ജസ്റ്റീസുമാരായ ഉജ്ജാല്‍ ബുയാന്‍, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

English Summary : No Right to Withhold Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com