സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സ്മാർട്ട് നിക്ഷേപം; അധികമരുത്

HIGHLIGHTS
  • വില്‍പനയുടെ ആറാമത്തെ ഘട്ടം ആഗസ്ത് 31മുതൽ സെപ്തംബര്‍ 4 വരെയാണ്
gold-9
SHARE

കോവിഡ് കാലത്ത് സ്വർണ വില കുതിച്ചുയരുന്നതു കണ്ട് സാധാരണക്കാർക്ക് കണ്ണ് തള്ളിയിട്ടുണ്ടാകണം. പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുന്നതിനും മറ്റും പണം കൂട്ടി വച്ചിരുന്നവർ വിലക്കയറ്റത്തിനു മുന്നിൽ നിസ്സഹായരായി നിൽക്കുകയായിരുന്നെങ്കിൽ നേരത്തെ തന്നെ നിക്ഷേപമായി കരുതിയിരുന്നവർക്ക് ആഹ്ലാദത്തിന്റെ സമയം. വില കൂടിയാലും വില കുറയുമ്പോഴും സ്വർണത്തെ മികച്ച നിക്ഷേപമായി തന്നെയാണ് കാണുന്നത്. ചരിത്രാതീത കാലം മുതല്‍ തന്നെ മുന്‍ഗണന ലഭിച്ചിരുന്ന ആസ്തി വിഭാഗങ്ങളിലൊന്നാണ് സ്വർണം. പ്രത്യേകിച്ചും ഇന്ത്യക്കാർക്ക് ഇത് വിശ്വാസങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. നിക്ഷേപ മൂല്യം എന്നതിൽ ഉപരി ഇന്ത്യക്കാർ സ്വർണത്തെ ആഭരണമായും നാണയങ്ങളായും കരുതുന്നതിന് അഭിനിവേശം പ്രകടിപ്പിച്ചിരുന്നു എന്നതാണ് ചരിത്രം. സ്വര്‍ണ്ണം സുരക്ഷിതമായ ഒരു ആസ്തി വിഭാഗമായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്. 

ലോകം അനിശ്ചിതത്വത്തിന്റെ പിടിയിലാകുമ്പോൾ നിക്ഷേപകർ സ്വർണം തിരഞ്ഞെടുക്കുന്നതാണ് പതിവ്. ഈ വിലവർധനയ്ക്കു കാരണവും വേറൊന്നല്ല. മറ്റ് ഒരു സ്ഥിര നിക്ഷേപവും കാര്യമായ നേട്ടമുണ്ടാക്കാതിരിക്കുകയോ നഷ്ടത്തിലാകുകയോ ചെയ്യുന്നതാണ് ഈ സ്വർണ താൽപര്യത്തിന്റെ രഹസ്യം. പണപ്പെരുപ്പത്തിനെതിരെ നല്ല പ്രതിരോധം കൂടിയാണ് സ്വർണത്തിലുള്ള ഈ നിക്ഷേപിക്കൽ. ഈ വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണ്ണ വില മുകളിലേയ്ക്കാണ്. 

സ്വർണ വില വർധനവിന്റെ കാരണങ്ങൾ: 

കോവിഡ് തന്നെയാണ് നമ്മൾ കണ്ട ഈ ഉയർന്ന വിലയുടെ പ്രധാന ഉത്തരവാദി. ആഗോള തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യവും ആശങ്കകളും സ്വർണത്തിലേയ്ക്ക് ആളുകൾ നിക്ഷേപം ഇറക്കുന്നതിന്റെ പ്രധാന കാരണമായി. കേന്ദ്ര ബാങ്ക് നടപടികള്‍ മൂലം സമ്പദ് വ്യവസ്ഥയിലുണ്ടായ മിച്ച ലിക്വിഡിറ്റിയും മറ്റൊരു കാരണമാണ്. ആഗോള വ്യാപകമായി പലിശ നിരക്കിലുണ്ടായ ഇടിവ് സ്വതവേ നേട്ടമാകുമെന്ന പ്രതീക്ഷ നൽകിയ സ്വർണത്തിലേയ്ക്ക് ആളുകളെ എത്തിച്ചു. അടുത്തകാലത്തൊന്നും പലിശ നിരക്ക് ഉയരാനിടയില്ല എന്ന കണക്കു കൂട്ടലും ബാങ്കു നിക്ഷേപങ്ങളെ പുറത്തെത്തിച്ചു. ആശങ്കയുടെ ഘട്ടങ്ങളിൽ സുരക്ഷിത സ്ഥലത്ത് നിക്ഷേപം കൂട്ടിവയ്ക്കാനുള്ള പ്രവണത സ്വര്‍ണ്ണത്തോടുള്ള താൽപര്യം ഉയർത്തിയിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള ഒഴുക്കുകള്‍ ഇതിന്റെ സൂചനയാണ്. ഭാരത സര്‍ക്കാരിന്റെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) സ്കീമിന് ലഭിക്കുന്ന പ്രതികരണവും ഇതിന് ഉദാഹരണമാണ്. 

കയറി ഇറങ്ങിത്തന്നെ സ്വർണ വില

സ്വർണ വില റെക്കോർഡുകൾ ഭേദിച്ച ഉയരങ്ങളിൽ നിൽക്കുമ്പോഴാണ് റഷ്യ വാക്സിൻ കണ്ടെത്തിയെന്നും പരീക്ഷണം പൂർത്തിയായെന്നുമുള്ള വാർത്തകൾ പുറത്തു വന്നത്. ഇത് സ്വർണത്തിന്റെ വിലയിൽ ഇടിവുണ്ടാക്കി. എന്നാൽ ഇത് ഉടനെ ഒന്നും രാജ്യാന്തര തലങ്ങളിലെത്തുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടത് സ്വർണത്തിന് വീണ്ടും നേട്ടമായി. സ്വർണത്തിലെ ലാഭമെടുക്കലും ഡോളറിന്റെ വിലയിലെ വ്യതിയാനങ്ങളുമെല്ലാം സ്വർണ വിലയിലും പ്രകടമാകുന്നതാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി സ്വര്‍ണ്ണ ശേഖരം വിറ്റഴിക്കാനുള്ള ഒരു സാധ്യത മുന്നിൽ കാണുന്നുണ്ട്. ഇത് മഞ്ഞ ലോഹത്തിന്‍റെ ലഭ്യത വർധിപ്പിക്കുകയും വില കൂടുന്നതിന് തടയിടുന്നതിനും സാധ്യത കാണുന്നുണ്ട്. 

കരുതൽ വേണം; അധികം കരുതരുത്

ഏത് നിക്ഷേപത്തിനും ഹ്രസ്വകാലാടിസ്ഥാനത്തിൽ സംഭവിക്കാവുന്ന ലാഭ നഷ്ടങ്ങളും വില വ്യതിയാനങ്ങളും കൃത്യമായി പ്രവചിക്കാനായെന്നു വരില്ല. ഇടയ്ക്കിടെ തിരുത്തലുകളിലൂടെ കടന്നു പോകുന്നത് സ്വാഭാവികം മാത്രമാണ്. ഇത് സമീപകാലത്ത് സ്വര്‍ണ്ണത്തിന്‍റെ കാര്യത്തിൽ നാം കണ്ടതാണ്. ഇത്തരത്തിലുള്ള ഹ്രസ്വകാല ബഹളത്തില്‍ നിന്നകന്ന്, വ്യത്യസ്ത വിപണി സാഹചര്യങ്ങളിലും ഏതു സാഹചര്യത്തിലും പിന്തുടരേണ്ട ചില തത്വങ്ങളുണ്ട്. അതിൽ പ്രധാനം ഓരോരുത്തരുടെയും സാമ്പത്തിക ശേഷിക്കനുസരിച്ച് വിവിധ ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കുക എന്നതാണ്. ഓഹരികളിൽ, സ്ഥിര നിക്ഷേപമുൾപ്പടെ സുരക്ഷിതത്വമുള്ള മേഖലകളിൽ, റിയല്‍ എസ്റ്റേറ്റിൽ, സ്വർണത്തിൽ എന്നിങ്ങനെ ഏത് ആസ്തി വിഭാഗത്തിലേക്കും വകയിരുത്തുന്നത് ഒരു മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആയിരിക്കണം. നിക്ഷേപകന്റെ  പ്രായം, നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷി, നിക്ഷേപ കാലം തുടങ്ങി വിവിധ നഷ്ടസാധ്യതാ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിശ്ചയിക്കേണ്ടത്. 

ഒരു പക്ഷെ ശക്തമായ ഒരു മുന്നേറ്റം, അല്ലെങ്കില്‍ വിവിധ ആസ്തി വിഭാഗങ്ങളില്‍ ഒരു തിരുത്തല്‍ മൂലം ആസ്തി കൈവിട്ടു പോകുന്ന സാഹചര്യമുണ്ടായാൽ അതിനെ മറ്റ് നിക്ഷേപങ്ങൾ കൊണ്ട് നികത്താൻ സാധിക്കണം. അതിനു പറ്റും വിധമുള്ള ആസ്തി വകയിരുത്തലാണ് വേണ്ടത്. ഇക്കാരണങ്ങളാൽ തന്നെ പോര്‍ട്ട്ഫോളിയോ നിശ്ചയിക്കുമ്പോൾ എത്രത്തോളം സ്വര്‍ണ്ണമാണ് ഒരു വ്യക്തി സൂക്ഷിക്കേണ്ടത് എന്നതിന് ഒരു കൃത്യമായ അളവ് തീരുമാനിക്കാനാവില്ല. സാധാരണ നിലയിൽ ഒരു വ്യക്തിയുടെ നിക്ഷേപയോഗ്യമായ ആസ്തിയുടെ 10-15% വരെയാണ് സ്വർണത്തിലെ നിക്ഷേപമാകാം എന്നാണ് ശുപാര്‍ശ ചെയ്യാറുള്ളത്.  ഒരു നിക്ഷേപം എന്ന നിലയിൽ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നത് ഭൗതികമായി സ്വർണം സൂക്ഷിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സാധ്യതയാണ്. നികുതി നേട്ടവും ഇതിനുണ്ട് എന്നതും പരിഗണിക്കേണ്ടതാണ്. ഇവിടെ സ്വർണത്തിലെ ലാഭത്തിനു പുറമേ ഉറപ്പുള്ള 2.5% സ്ഥിര പലിശയും ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ഘട്ടങ്ങളിലായുള്ള വില്‍പനയുടെ ആറാമത്തെ ഘട്ടം ആഗസ്ത് 31 ന് ആരംഭിച്ച് സെപ്തംബര്‍ 4 അവസാനിക്കും. വ്യക്തികള്‍ക്ക് നാലു കിലോയും ട്രസ്റ്റുകള്‍ക്ക് 20 കിലോ ഗ്രാമുമാണ് പരമാവധി വാങ്ങാവുന്നത്. 

ഇക്വിറസ് വെൽത്ത് മാനേജ്മെന്റിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് ലേഖകൻ

English Summary : Gold Bonds are Attractive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA