ADVERTISEMENT

ഒരു ന്യായീകരണവുമില്ലാതെ റോക്കറ്റ് പോലെ കുതിക്കുന്ന ഒരുൽപ്പന്നത്തിന് വിപണി വിലയുടെ 90 ശതമാനം വായ്പ നല്‍കുന്നത് ആരോഗ്യകരമായ രീതിയാണോ ? അഥവാ അങ്ങനെ വായ്പ എടുക്കുന്നത് സുരക്ഷിതമാണോ?

ലക്ഷ്യം ഡിമാന്റ് സൈഡ്

കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയുടെ 90 ശതമാനം വരെ പണയ വായ്പ നല്‍കുന്നതിനാണ് കഴിഞ്ഞയിടെ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയത്. രണ്ട് കാര്യങ്ങളാണ് ഇതിലൂടെ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ (ആര്‍ ബി ഐ) ശ്രമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണത്തിന് ഞെരുക്കമനുഭവപ്പെടുന്ന സമൂഹത്തിലേക്ക് താരതമ്യേന റിസ്‌ക് കുറഞ്ഞ വായ്പ നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ഗ്രാമീണ രംഗത്ത് സാമ്പത്തിക ചലനമുണ്ടാക്കുക. ഈട് വെയ്ക്കാന്‍ ഒന്നുമില്ലാത്ത ഗ്രാമീണ മേഖലയ്ക്ക് കുതിച്ചുയരുന്ന സ്വര്‍ണവില അനുകൂല ഘടകമാക്കി മാറ്റി വായ്പയായി കൂടുതല്‍ പണം കൈയിലെത്തിക്കുക. ഒരു പവനെങ്കിലും സ്വര്‍ണമില്ലാത്ത വീടുകള്‍ ചുരുക്കം. നിലവിലെ നിര്‍ദേശമനുസരിച്ച് ഇതിനും ലഭിക്കും 36,000 രൂപ വായ്പ. സ്വർണം ഈട് നൽകുന്നതിലൂടെ ബാങ്കുകള്‍ സേഫ്. വായ്പ ലഭിക്കുന്നവര്‍ക്കാകട്ട അധിക വരുമാനം. ഈ പണം മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ ഇപ്പോള്‍ സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ചയ്ക്ക് ആശ്വാസവുമാകും.

വിലയിലെ അനിശ്ചിതത്വം വെല്ലുവിളി

എന്നാല്‍ അനിയന്ത്രിതമായി കുതിക്കുന്ന ഒരുൽപ്പന്നത്തിന് അന്നന്നത്തെ വിപണി വിലയുടെ 90 ശതമാനം വരെ വായ്പ നല്‍കുന്നത് വലിയ റിസ്‌കാണെന്നാണ് മുന്‍ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. വായ്പ എടുക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ഇത് റിസ്‌ക് കൂട്ടും. സ്വര്‍ണം പോലുള്ള ഉത്പന്നങ്ങളുടെ വിലയിലെ ഏറ്റകുറച്ചിലിന് പിന്നിലുള്ള പ്രധാന ഘടകങ്ങളെല്ലാം അന്തര്‍ദേശീയമാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരമായി ഒന്നും ചെയ്യാനില്ല. ഇത്തരം വായ്പകളുടെ നല്ലൊരു ശതമാനവും ആറ് മാസം, ഒരു വര്‍ഷം കാലാവധിയില്‍ പണയം വയ്ക്കുന്നതാണ്. ആര്‍ ബി ഐ നിര്‍ദേശം വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 10 ഗ്രാം സ്വര്‍ണവിലയില്‍ 6,000 (24 കാരറ്റ്) രൂപയാണ് കുറഞ്ഞത്. 56,000 രണ്ട് ദിവസം കൊണ്ട് 50,000 ആയി.പിന്നീട് അല്പം കൂടി. ഇങ്ങനെ അനിശ്ചിതത്വമുള്ള മാര്‍ക്കറ്റില്‍ 90 ശതമാനം വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും എടുക്കുന്ന വ്യക്തികള്‍ക്കും അത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. മുമ്പ് 75 ശതമാനം വരെ നല്‍കിയിരുന്ന വായ്പയാണ് 90 ശതമാനമാക്കി ഉയര്‍ത്തിയത്.

വിലയിടിഞ്ഞാല്‍ തിരിച്ചടയ്‌ക്കേണ്ടി വരാം

ഇന്നത്തെ( ഓഗസ്റ്റ് 22) സ്വര്‍ണ വില (22 കാരറ്റ്) ഗ്രാമിന് 4860 രൂപയാണ്. ഒരു പവന്‍ സ്വര്‍ണം പണയപ്പെടുത്തിയാല്‍ നിലവിലെ മൂല്യമനുസരിച്ച് 36,000 രൂപ വായ്പ ലഭിക്കും. ആറുമാസത്തേക്കാണ് പണമെടുത്തതെന്ന് കരുതുക. ഇതിനിടയില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടായി ഒരു മാസം കൊണ്ട് ഗ്രമിന് 550 രൂപയുടെ കുറവുണ്ടായാല്‍ ( ഇത് അസംഭാവ്യമല്ലെന്ന് കഴിഞ്ഞ മാസത്തെ വിലക്കയറ്റവും പിന്നീട് രണ്ട് ദിവസം കൊണ്ടുണ്ടായ ഇറക്കവും സൂചിപ്പിക്കുന്നു) 36,000 രൂപ പണയവായ്പ കൊടുത്ത സ്വര്‍ണത്തിന്റെ മൂല്യം 35,600 ലേക്ക് താഴും. ഇത് വായ്പ നല്‍കിയ ബാങ്കുകള്‍ക്കും എടുത്ത ഇടപാടുകാര്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കും. ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ ആവശ്യത്തിന് പണം വായ്പ എടുത്തവരോട് ഉടന്‍ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടേക്കാം. കാരണം കൂടുതല്‍ നഷ്ടം വരാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഇത് ചെയ്‌തേ പറ്റു. വായ്പ എടുത്തവര്‍ക്കാണെങ്കിലോ പെട്ടെന്ന് തിരച്ചടയ്ക്കാന്‍ ആകുകയുമില്ല.

സ്വര്‍ണം കൂടുതല്‍ നല്‍കണം

അതുകൊണ്ട് ബാങ്കുകള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും (നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതിനാല്‍) പരമാവധി ഉയര്‍ന്ന പരിധിയില്‍ സ്വര്‍ണവായ്പ എടുക്കാതിരിക്കുന്നതാണ്  ഇരുകൂട്ടര്‍ക്കും മനസമാധാനത്തിന് നല്ലത്. അല്ലെങ്കില്‍ ചുരുങ്ങിയ പലിശയ്ക്ക് ലഭിക്കുന്ന ഈ വായ്പ നിന്ന നില്‍പ്പില്‍ അടച്ച് നിയമനടപടി ഒഴിവാക്കാന്‍ വലിയ പലിശയ്ക്ക് പിന്നീട് കടമെടുക്കേണ്ടി വരും. അതല്ലെങ്കില്‍ ബാങ്കുകളുടെ ആവശ്യപ്രകാരം കൂടുതല്‍ അളവ് സ്വര്‍ണം പണയം നല്‍കി വില ക്രമപ്പെടുത്തേണ്ടി വരും. പെട്ടെന്ന് തിരിച്ചടയ്ക്കാതിരിക്കാന്‍ വായ്പ എടുത്തവര്‍ക്ക് ന്യായമുണ്ടെങ്കിലും ഈ പ്രതിസന്ധികാലത്ത് മറ്റൊരു മനക്ലേശത്തിന് ഇത് മതി.

English Summary Never take MAximum Loan from Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com