ADVERTISEMENT

ഗുണമേന്‍മയില്ലാത്ത ചില ഓഹരികളുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന പ്രവണത ഇപ്പോള്‍ ദൃശ്യമാണെന്നും അതില്‍ നിക്ഷേപിച്ച് പണം നഷ്ടമാക്കരുതെന്നും മനോരമ ഓണ്‍ലൈനും ധനകാര്യ സേവനരംഗത്തെ മുൻനിരക്കാരായ ജിയോജിത്തും ചേർന്ന് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കി

കരുതലുണ്ടാകണം

വിപണിയിലെ വാല്യൂവേഷന്‍സ് ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നതു ശ്രദ്ധിക്കണമെന്ന് ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കിലും മികച്ച ഓഹരികള്‍ വിറ്റുമാറുകയല്ല വേണ്ടത്. നല്ല ഓഹരികളിലെ നിക്ഷേപം നിലനിര്‍ത്തണം. നല്ല മ്യൂചല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനു തിരഞ്ഞെടുക്കുകയും എസ്‌ഐപി തുടരുകയും ചെയ്യുന്നതാണ് മികച്ച രീതി. ഇതോടൊപ്പം ഗുണമേന്‍മയില്ലാത്ത ഓഹരികളുടെ വില ഉയരുന്നതിനെ കരുതിയിരിക്കണം. ഇത്തരത്തിലുള്ള ചില ഓഹരികളുടെ വില ക്രമാതീതമായി ഉയരുന്നുണ്ട്. തല്‍ക്കാലം ലാഭമുണ്ടായേക്കാമെങ്കിലും പിന്നീട് ഇതു വിറ്റു പോകാന്‍ പോലും സാധിക്കാതെ വരുമെന്നും വിജയകുമാര്‍ മുന്നറിയിപ്പു നല്‍കി.

വിപണി മുന്നേറുന്നത് അടുത്ത വര്‍ഷത്തെ കോര്‍പറേറ്റ് നേട്ടങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച്

അടുത്ത സാമ്പത്തിക വര്‍ഷം ഉണ്ടാകാനിരിക്കുന്ന കോര്‍പറേറ്റ് നേട്ടങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഓഹരി വിപണി ഇപ്പോള്‍ മുന്നേറുന്നതെന്ന്  വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തമില്ലായ്മ ഇപ്പോള്‍ ദൃശ്യമാണ്.

ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വിധത്തില്‍ ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നടത്തിയ പണലഭ്യതാ നീക്കങ്ങള്‍ മാര്‍ച്ചിനു ശേഷം വിപണി കുതിച്ചതിനു കാരണമായിട്ടുണ്ടെന്ന് ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷത്തെ കോര്‍പറേറ്റ് നേട്ടങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്കൊപ്പം ഇതും സഹായകമായിട്ടുണ്ട്. ചെറുകിട നിക്ഷേപകരും ഇപ്പോള്‍ വിപണിയിലേക്ക് എത്തിയിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതു പോലെ വീട്ടിലിരുന്നു ട്രേഡ് ചെയ്യുന്ന രീതിയും ഇക്കാലത്ത് വന്‍ തോതില്‍ വര്‍ധിച്ചു.

വൈവിധ്യവല്‍ക്കരണത്തിന് പ്രസക്തിയേറി

ആഗോള വിപണികള്‍ തമ്മിലുള്ള പരസ്പര ബന്ധം ഇന്നു വളരെ കൂടുതലാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വരും നാളുകളില്‍ വിവിധ ആസ്തികളുടെ  പ്രകടനം എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണു നമുക്കു മുന്നിലുള്ളത്. വൈവിധ്യവല്‍ക്കരണമാണ് ഇവിടെ നമുക്കു സ്വീകരിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗമെന്നു വി കെ വിജയകുമാര്‍വ്യക്തമാക്കി. ബാങ്ക് നിക്ഷേപം, സ്വര്‍ണം, മ്യൂചല്‍ ഫണ്ട് എന്നിവയെല്ലാം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് വി കെ വിജയകുമാര്‍ പറഞ്ഞു. നഷ്ട സാധ്യതകള്‍ പരമാവധി കുറക്കാനും നേട്ടം വര്‍ധിപ്പിക്കാനും ഇതു സഹായിക്കും.
ഇരുപതു മുതല്‍ 25 വരെ ഓഹരികളുമായി വൈവിധ്യവല്‍ക്കരണം നടത്തുന്നതാണ് മികച്ചതെന്ന് ജിയോജിത്തിന്റെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപിക്കുന്ന ഓഹരികളും മേഖലകളും കൃത്യമായി വിലയിരുത്തിക്കൊണ്ടിരിക്കണം. ദീര്‍ഘകാല കാഴ്ചപ്പാടോടെയായിരിക്കണം നിക്ഷേപമെന്നും എസ്‌ഐപികള്‍ ആശ്രയിക്കാവുന്ന മികച്ച മാര്‍ഗമാണെന്നും വിനോദ് നായര്‍ പറഞ്ഞു.

ടിപുകള്‍ക്കു പിന്നാലെ പോകരുത്

 ഓഹരി വിപണിയുമായി ബന്ധപ്പെട്ട സൂചനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന പലരുമുണ്ട്. നല്ല നിക്ഷേപകര്‍ അവയുടെ പിന്നാലെ പോകരുത്. ടിപുകള്‍ നല്‍കുന്നവര്‍ക്ക് പല താല്‍പര്യങ്ങളമുണ്ടാകും. അവ നിക്ഷേപകരുടെ താല്‍പ്പര്യമാകണമെന്നില്ല. മികച്ച വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം ഓഹരികളില്‍ നേരിട്ടു നിക്ഷേപിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ മ്യൂചല്‍ ഫണ്ട് വഴി ഓഹരി നിക്ഷേപം നടത്തുന്നതായിരിക്കും മികച്ചത്. ഇതിന് എസ്‌ഐപി നല്ലൊരു മാര്‍ഗമാണ്.

ബാങ്കിങ് ഓഹരികളില്‍ സമ്മിശ്ര സാധ്യതകള്‍

നിക്ഷേപത്തിനായി ബാങ്ക് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടു വിധത്തിലുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്ന് വെബിനാറില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്കു മറുപടിയായി വിദഗ്ദ്ധര്‍ പ്രതികരിച്ചു. ലോക്ഡൗണ്‍ മൂലമുണ്ടായ പ്രശ്‌നങ്ങളും മോറട്ടോറിയത്തിനു ശേഷമുണ്ടാകുന്ന ബാധ്യതകളുമെല്ലാം ഇവിടെ പ്രതിസന്ധിക്കു സാധ്യതയുയര്‍ത്തും. എങ്കില്‍ തന്നെയും ലാഭ സാധ്യതയുമുണ്ട്. മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകള്‍ അവയുടെ വിപണി വിഹിതം വരും നാളുകളില്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇതു നല്ല സാധ്യതയാണു നല്‍കുന്നത്.

നിക്ഷേപകനാകണോ ട്രേഡറാകണോ എന്നത് വ്യക്തിഗത തീരുമാനം
 

ഒരു വ്യക്തി നിക്ഷേപകന്‍ എന്ന നിലയില്‍ മുന്നോട്ടു പോകണോ ട്രേഡര്‍ ആയി മുന്നോട്ടു പോകണോ എന്നത് വ്യക്തിഗത തീരുമാനമാണെന്ന് ഡോ. വിജയകുമാര്‍ പറഞ്ഞു. പക്ഷേ, ട്രേഡര്‍ എന്ന തൊഴില്‍ സ്വീകരിച്ചു മുന്നോട്ടു പോകാന്‍ വലിയ അറിവും ഗവേഷണവും ആവശ്യമാണ്.   സ്‌റ്റോപ് ലോസ് അടക്കമുള്ളവ നല്ല അച്ചടക്കത്തോട പാലിച്ചു മാത്രമേ ഒരു ട്രേഡര്‍ക്കു മുന്നോട്ടു പോകാന്‍ സാധിക്കു. ഇതില്‍ വലിയ നഷ്ട സാധ്യതയും ഉണ്ടെന്നു മറക്കരുത്.

ദീര്‍ഘകാലത്തില്‍ കമ്പനികളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാവും ഓഹരി വിപണിയുടെ ഗതി.  ഇതിന്റെ അടിസ്ഥാനത്തില്‍ മികച്ച ഓഹരികളില്‍ മാത്രം നിക്ഷേപിക്കുക എന്ന തന്ത്രമായിരിക്കണം നിക്ഷേപകരുടേതെന്നും ഡോ. വിജയകുമാര്‍ വിശദീകരിച്ചു. പി ജി സുജ മോഡറേറ്ററായി.

English Summary: Beware about the Quality of the Stocks

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com