വമ്പന്മാരുടെ വായ്പാ തട്ടിപ്പ് :കഴിഞ്ഞ വർഷം ആവിയായത് 1.8 ലക്ഷം കോടി രൂപ

HIGHLIGHTS
  • രാജ്യത്ത് ബാങ്ക് തട്ടിപ്പുകള്‍ പെരുകുമ്പോള്‍ 'വിടവ്' നികത്താന്‍ നികുതി പണം
digital-banking
SHARE

നികുതി ദായകരുടെ പണം ബാങ്ക് തട്ടിപ്പുകളിലൂടെ അടിച്ച് മാറ്റുന്നതില്‍ വന്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ അധികം തട്ടിപ്പ് നടത്തിയ കേസകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന രേഖപ്പെടുത്തി. തട്ടിപ്പിന്റെ മൂല്യം നോക്കിയാല്‍ വര്‍ധന മുന്‍വര്‍ഷത്തേതില്‍ നിന്നും 159 ശതമാനമാണ് എന്ന് ആര്‍ ബി ഐ വെളിപ്പെടുത്തുന്നു. 1,85,644 കോടി രൂപയുടെ തട്ടിപ്പാണ് 2019- 20 സാമ്പത്തിക വര്‍ഷം മാത്രം അരങ്ങേറിയത്!  മുന്‍ വര്‍ഷം ഇത് 71,543 കോടി രൂപയുടേതായിരുന്നുവെന്നും കേന്ദ്രബാങ്കിന്റെ കണക്കുകള്‍ പറയുന്നു.

പെരുകുന്ന 'വൈറ്റ് കോളര്‍ ക്രൈം'

ബാങ്കുകളുടെ അറിവോടെ കോടീശ്വരന്‍മാര്‍ നടത്തുന്ന ഇത്തരം 'വൈറ്റ്‌കോളര്‍ ക്രൈമു'കള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ ബി ഐ ജാഗ്രതാ നടപടികളും വായ്പകളുടെ നിരീക്ഷണ സംവിധാനവും ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് ഇത്രയും തട്ടിപ്പുകള്‍ നടന്നത്. തട്ടിപ്പുകളുടെ എണ്ണവും ഇക്കാലയളവില്‍ 8,707 ആയി കുതിച്ചുയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 6,799 ആയിരുന്നു.

1.8 ലക്ഷം കോടി വെള്ളത്തിലായി

പതിവു പോലെ വായ്പ തട്ടിപ്പുകളാണ് ഇക്കുറിയും മുന്നില്‍. 1,82,051 ലക്ഷം കോടി രൂപയും വായ്പ നല്‍കിയതാണ്. ഇത് ആകെ തട്ടിപ്പ് തുകയുടെ 98 ശതമാനം വരും. പൊതുമേഖലാ ബാങ്കുകള്‍ 4,413 കേസുകളിലായി നഷ്ടപ്പെടുത്തിയിരിക്കുന്നത് 1,48,400 കോടി രൂപയാണ്. 3066 തട്ടിപ്പ് കേസുകളിലായി സ്വകാര്യ ബാങ്കുകള്‍ക്ക് നഷ്ടമായിരിക്കുന്നത് 34,211 കോടി രൂപയും. ഇതില്‍ തന്നെ 76 ശതമാനം തുകയും 50 അക്കൗണ്ടുകളുടെ സംഭാവനയാണ്. തട്ടിപ്പുകള്‍ തടയാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ഉന്നതരുടെ കാര്യത്തില്‍ ബാധകമാക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയ ഇടപെടലുകളും പ്രലോഭനങ്ങളുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുന്നു.

തട്ടിപ്പ് കണ്ടെത്താനെടുക്കുന്നത് രണ്ട് വര്‍ഷം

എന്നാല്‍ തട്ടിപ്പുകള്‍ റജിസ്റ്റര്‍ ചെയ്തത് 2019-20 നാണെങ്കിലും തട്ടിപ്പ് നടന്നിട്ടുള്ളത് ഇതിന് മുമ്പത്തെ വര്‍ഷങ്ങളിലാണ്. പണം തട്ടിച്ചെടുക്കലും ഇത് പിന്നീട് തട്ടിപ്പാണെന്ന് ധനകാര്യ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ശരാശരി സമയം 24 മാസമാണ് എന്നത് തട്ടിപ്പുക്കാര്‍ക്ക് ആശ്വാസമായി തുടരുന്നു. ആയിരക്കണക്കിന് കോടികള്‍ കൈമാറി തട്ടിപ്പ് കണ്ടെത്തി വരുമ്പോഴേക്കും വായ്പ എടുത്തവര്‍ സുരക്ഷിത സ്ഥാനത്ത് എത്തിയിട്ടുണ്ടാകും. പിന്നീട് നികുതിദായകന്റെ പണമെടുത്ത് പ്രതിസന്ധി പരിഹരിക്കുകയേ നിവൃത്തിയുള്ളു. അപ്പോഴും 10,000 രൂപ ചികിത്സയ്ക്കായി വായ്പ എടുത്തവരുടെ ജപ്തിനടപടികള്‍ ഇതേ ബാങ്കുകള്‍ തന്നെ തുടരുന്നുമുണ്ടാകും.

English Summary: Banking Frauds of Big Companies are Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA