ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണിപാളും, ഇങ്ങനെ

credit-cards-1
SHARE

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന നിരവധി പേരുണ്ടാകും. രണ്ട് മാസത്തോളം പലിശയില്ലാതെ ഉപയോഗിക്കാമെന്നുള്ളതുകൊണ്ടും റിവാര്‍ഡ് പോയിന്റ് അടക്കം പല ആനുകൂല്യങ്ങളുള്ളതുകൊണ്ടും കാർഡുകളിലെ തുക മാറിമാറി അടച്ചുകൊണ്ട് കാര്യങ്ങൾ മാനേജ് ചെയ്യാമെന്നതു കൊണ്ടുമാണ് പലരും ഒന്നിലേറെ ക്രെഡിറ്റ് കാർഡുകള്‍ കൊണ്ടുനടക്കുന്നത്. 

എന്നാല്‍ എണ്ണം കൂടുന്നതനുസരിച്ച് കാര്‍ഡിലെ ചെലവഴിക്കലും അതിലൂടെ ബാധ്യതയും വര്‍ധിക്കും. ഇത് പലപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചെന്നു വരാം. പലരും ഇക്കാര്യത്തിൽ പിന്തുടരുന്ന തെറ്റായ രീതി അടയ്ക്കേണ്ട ബില്ലിന്റെ മിനിമം തുക മാത്രം അടച്ചു കൊണ്ട് ബില്ലടവ് നീട്ടികൊണ്ടു പോകുന്നതാണ്. 40 ശതമാനം മുതലുള്ള ഭീമമായ നിരക്കിൽ ആണ് കാർഡു കമ്പനികൾ പലിശ ഈടാക്കുന്നത്. 

ആദ്യ ബിൽ തുകയുടെ മിനിമം മാത്രമടച്ചതിനു ശേഷം നടത്തുന്ന മറ്റ് പർച്ചേസിന് ഈ ആനുകൂല്യം കിട്ടില്ല എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. മാത്രമല്ല, ആ പർച്ചേസ് തീയതി മുതലുള്ള പലിശ ഈടാക്കുകയും ചെയ്യും.പ്രതിസന്ധിയുടെ ഘട്ടത്തിൽ വല്ലപ്പോഴുമൊരിക്കൽ ഈ സൗകര്യമുപയോഗപ്പെടുത്താമെങ്കിലും എന്നും ഉപയോഗിക്കാൻ ശ്രമിച്ചാൽ അതൊരു കെണിയാകുമെന്നതിൽ സംശയമില്ല. സാമ്പത്തിക നിഷ്ഠ ഇല്ലാത്തവര്‍ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രധാന കാര്യം ആവശ്യമില്ലാത്ത കാര്‍ഡുകള്‍ ക്ലോസ് ചെയ്യുക എന്നുള്ളതാണ്. 

കാര്‍ഡ് ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ്

ഇങ്ങനെ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതുകൊണ്ട് മാത്രം തീരുന്നില്ല ഉത്തരവാദിത്വം. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ട ബാങ്കില്‍ അപേക്ഷ നല്‍കി  തുടരന്വേഷണം നടത്തി കാര്‍ഡ് ക്ലോസ് ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. ബാങ്കുമായി ബന്ധപ്പെട്ടവര്‍ക്ക് ജോലി തിരക്കു മൂലമോ മറ്റോ അപേക്ഷ പെട്ടെന്ന് തീര്‍പ്പാക്കാനായി എന്നു വരില്ല. എന്നാല്‍ കാര്‍ഡ് റദ്ദാക്കല്‍ നടപടി പൂര്‍ത്തിയായി എന്നുറപ്പു വരുത്തേണ്ടത് അപേക്ഷകന്റെ ബാധ്യതയാണ്. സാമ്പത്തിക ഇടപാടുകളായതിനാല്‍ പിന്നീട് ഉണ്ടായേക്കാന്‍ ഇടയുള്ള കോടതി നടപടികള്‍ എപ്പോഴും മനസില്‍ കാണേണ്ടതുണ്ട്. കൃത്യമായി നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനും മറക്കരുത്.

നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ്

അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള അടവിന് സാധാരണ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, യൂട്ടിലിറ്റി ബില്ലുകള്‍, ഇ എം ഐ തുടങ്ങിയവയ്ക്ക് അക്കൗണ്ടില്‍ നിന്നും പണം കൃത്യമായ തീയതികളില്‍ വസൂലാക്കാന്‍ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ നല്‍കാറുണ്ട്. ആവശ്യമില്ലാത്ത കാര്‍ഡുകള്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പായി ഇത്തരം നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം. ഇത് ബോധ്യപ്പെടുന്നതിന് വേണ്ടി ക്ലോഷന്‍ റിക്വസ്റ്റിന് ശേഷം ഒരു മാസം കഴിഞ്ഞ് അതുറപ്പാക്കിയ ശേഷം മാത്രം ക്ലോസ് ചെയ്താൽ മതി.

ഒരു രൂപയും അടച്ചു തീർക്കണം

ഒരു രൂപയെങ്കിലും ബാധ്യതയുണ്ടെങ്കില്‍ അത് അടച്ച് തീര്‍ത്തതിന് ശേഷമാവണം കാര്‍ഡ് അവസാനിപ്പിക്കാനുള്ള അപേക്ഷ നല്‍കേണ്ടത്.കാരണം ഇതിന് പിന്നീട് വലിയ പിഴയും അതിന് പലിശയും ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട്. ഇത് വലിയ മനക്ലേശത്തിലായിരിക്കും കലാശിക്കുക.

ഓള്‍ഡ് ഈസ് ഗോള്‍ഡ്

പഴയ കാര്‍ഡുടമകളാണെങ്കില്‍ ബാങ്കുകള്‍ വായ്പയുടെ കാര്യത്തിലും പലിശയുടെ കാര്യത്തിലും അയഞ്ഞ സമീപനം സ്വീകരിക്കാറുണ്ട്. വര്‍ഷങ്ങളായി അടുത്തറിയുന്ന ഇടപാടുകാരനിലുള്ള വിശ്വാസ്യതയാണ് ഇവിടെ അനുകൂല ഘടകം. ഇത് ക്രെഡിറ്റ് സ്‌കോറിനെയും സ്വാധീനിക്കും. മികച്ച വായ്പകള്‍ പലപ്പോഴും പഴയ കാര്‍ഡുടമകള്‍ക്ക് നല്‍കാനായിരിക്കും ബാങ്കുകള്‍ താത്പര്യപ്പെടുക. ക്രെഡിറ്റ് സ്‌കോറിന്റെ കാര്യത്തിലും പലിശയടക്കമുള്ള മറ്റ് പരിഗണനകളിലും പഴയ ക്രെഡിറ്റ് കാര്‍ഡ് നിലനിര്‍ത്തുന്നതാണ് നല്ലത്. ഒഴിവാക്കുമ്പോള്‍ അതുകൊണ്ട് ഏറ്റവും പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പരിഗണിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA